ഇംഗ്ലീഷ്, ഇറ്റാലിയൻ ടീമുകൾ പിന്മാറി; യൂറോപ്യൻ സൂപ്പർ ലീഗിന് അകാല ചരമം

Update: 2021-04-24 02:34 GMT
Editor : André
Advertising

യൂറോപ്പിലെ 12 മുൻനിര ക്ലബ്ബുകൾ ചേർന്ന് പ്രഖ്യാപിച്ച ദി സൂപ്പർ ലീഗിന് പ്രാഥമിക ഘട്ടത്തിൽ തന്നെ മരണം. ആരാധകരുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് ഇംഗ്ലീഷ് ടീമുകളായ മാഞ്ചസ്റ്റർ സിറ്റി, മാഞ്ചസ്റ്റർ യുനൈറ്റഡ്, ലിവർപൂൾ, ചെൽസി, ആർസനൽ, ടോട്ടനം ഹോട്‌സ്പർ, ഇറ്റാലിൻ ക്ലബ്ബുകളായ എ.സി മിലാൻ, ഇന്റർ മിലാൻ എന്നിവ പിന്മാറിയതോടെയാണ് സൂപ്പർ ലീഗ് നടക്കാനുള്ള സാധ്യത ഇല്ലാതായത്. ഞായറാഴ്ച പ്രഖ്യാപിച്ച രൂപത്തിൽ ലീഗുമായി മുന്നോട്ടു പോകില്ലെന്നും പ്രൊജക്ട് പുനർരൂപീകരണത്തിനായി നിർത്തിവെക്കുകയാണെന്നും സൂപ്പർ ലീഗ് അധികൃതർ വാർത്താറിപ്പിൽ വ്യക്തമാക്കി.

Also Read:ഇനി ഫുട്‌ബോൾ അടിമുടി മാറും; സൂപ്പർ ലീഗ് പ്രഖ്യാപിച്ച് യൂറോപ്പിലെ വൻകിട ക്ലബ്ബുകൾ

ഫിഫയുടെയും യുവേഫയുടെയും നിയന്ത്രണത്തിൽ നിലവിലുള്ള പ്രാദേശിക, യൂറോപ്യൻ ലീഗ് ക്രമങ്ങളിൽ നിന്നും വ്യത്യസ്തമായി ക്ലബ്ബുകൾ ചേർന്ന് രൂപീകരിച്ച സൂപ്പർ ലീഗ് ഫുട്‌ബോളിന് കാര്യമായ പരിക്കേൽപ്പിക്കുമെന്ന വിമർശനങ്ങൾ ശക്തമായിരുന്നു. ലീഗിൽ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ച ടീമുകളുടെ ആരാധകർ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. ടീമുകളുടെ ആസ്ഥാനങ്ങൾക്കും ഹോം ഗ്രൗണ്ടുകൾക്കും പുറത്ത് പ്രതിഷേധ ബാനറുകളുമായി എത്തുകയും സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ശക്തമാവുകയും ചെയ്തു. ലീഗുമായി സഹകരിക്കില്ലെന്ന നിലപാടിൽ ഫിഫയും യുവേഫയും പ്രാദേശിക അസോസിയേഷനുകളും ഉറച്ചു നിന്നതോടെ ക്ലബ്ബുകൾ ഒന്നൊന്നായി പിന്മാറ്റം പ്രഖ്യാപിക്കുകയായിരുന്നു.



മാഞ്ചസ്റ്റർ സിറ്റിയും ചെൽസിയുമാണ് സൂപ്പർ ലീഗിൽ നിന്ന് പിന്മാറുന്ന കാര്യം ആദ്യം തീരുമാനിച്ചത്. സൂപ്പർ ലീഗിനുള്ള പദ്ധതിയിൽ നിന്ന് പിന്മാറാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായി സിറ്റി മൂന്നുവരിയുള്ള ഔദ്യോഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കി. സിറ്റിയുടെ നിലപാടിനെ യുവേഫ പ്രസിഡണ്ട് അലക്‌സാണ്ടർ സെഫറിൻ സ്വാഗതം ചെയ്തു. ഇതിനു തൊട്ടുപിന്നാലെ, ക്ലബ്ബിന്റെയും ആരാധകരുടെയും ഫുട്‌ബോൾ സമൂഹത്തിന്റെയും നന്മയെക്കരുതി സൂപ്പർ ലീഗിൽ നിന്ന് പിന്മാറുന്നതായി ചെൽസിയും പ്രഖ്യാപിച്ചു. ഇതോടെയാണ് മറ്റ് ടീമുകളും നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.

ഇന്നലെ പ്രീമിയർ ലീഗിൽ ബ്രെയ്റ്റനെതിരായ മത്സരത്തിനെത്തിയ ചെൽസി ടീമിന്റെ ബസ് പ്രതിഷേധവുമായെത്തിയ ആയിരത്തോളം ആരാധകർ തടഞ്ഞിരുന്നു. ക്ലബ്ബ് അധികൃതർ ഏറെ പണിപ്പെട്ടാണ് ടീമിന് സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാൻ കഴിഞ്ഞത്. ആരാധകരുടെ വികാരത്തിനൊപ്പമാണെന്ന് ലിവർപൂൾ ക്യാപ്ടൻ ജോർദാൻ ഹെൻഡേഴ്‌സൺ സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കുകയും ചെയ്തു.



ഇംഗ്ലീഷ് ടീമുകളുടെ പ്രഖ്യാപനത്തിനു പിന്നാലെയാണ് എ.സി മിലാനും ഇന്റർ മിലാനും സൂപ്പർ ലീഗിൽ നിന്നുള്ള തീരുമാനം പ്രഖ്യാപിച്ചത്. ഇതോടെ ലീഗിൽ സ്പാനിഷ് ടീമുകളായ റയൽ മാഡ്രിഡ്, ബാഴ്‌സലോണ അത്‌ലറ്റികോ മാഡ്രിഡ്, ഇറ്റലിയിൽ നിന്നുള്ള യുവന്റസ് എന്നീ ടീമുകൾ മാത്രമാണ് അവശേഷിച്ചത്. യുവന്റസിന്റെയും പിന്മാറ്റ പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് റിപ്പോർട്ടുകളുണ്ട്.

Tags:    

Editor - André

contributor

Similar News