ഒന്നല്ല, രണ്ടല്ല, മൂന്ന് വനിതാ റഫറിമാർ... പുതുചരിത്രമെഴുതി ജര്‍മനി - കോസ്റ്റാറിക്ക മത്സരം

ഒരു പുരുഷ ലോകകപ്പ് മത്സരം പൂർണമായും വനിതകളുടെ നിയന്ത്രണത്തിൽ

Update: 2022-12-02 01:29 GMT
Advertising

പുരുഷ ലോകകപ്പ് മത്സരം ആദ്യമായി വനിതകൾ നിയന്ത്രിച്ചതിന്‍റെ പേരിലും അടയാളപ്പെടുത്തുകയാണ് ഖത്തർ ലോകകപ്പ്. ജർമനി - കോസ്റ്റാറിക്ക മത്സരത്തിലാണ് ഈ ലോകകപ്പ് പുതിയ അധ്യായം തീർത്തത്.

ഒന്നല്ല, രണ്ടല്ല, മൂന്ന് വനിതാ റഫറിമാർ. ജർമനി-കോസ്റ്റാറിക്ക മത്സരം ലോകഫുട്ബോൾ ചരിത്രത്തിൽ പുതിയ ചരിത്രമെഴുതി. ഒരു പുരുഷ ലോകകപ്പ് മത്സരം പൂർണമായും വനിതകളുടെ നിയന്ത്രണത്തിൽ. ഫ്രഞ്ചുകാരി സ്റ്റെഫാനി ഫ്രാപ്പാർട്ടായിരുന്നു കളി നിയന്ത്രിച്ചത്. ബ്രസീലുകാരി ന്യൂസ ബാക്കും മെക്സിക്കോ സ്വദേശി കരേൻ ഡയസും സൈഡ് ലൈനിൽ അസിസ്റ്റന്റ് റഫറിമാരായി. ജർമനിയുടെയും കോസ്റ്റാറിക്കയുടെയും അതിവേഗങ്ങളെ ഇവരുടെ കണ്ണുകൾ പിന്തുടർന്നു.

12 ഫൗളുകളുണ്ടായി. ഒരിക്കൽ മാത്രം കോസ്റ്റാറിക്ക താരത്തിനെതിരെ സ്റ്റെഫാനിയുടെ കൈകളിൽ മഞ്ഞക്കാർഡുയർന്നു. സ്റ്റെഫാനിയുടെ തീരുമാനങ്ങളിൽ താരങ്ങളും വലുതായി പരാതിപ്പെട്ടില്ല. തർക്കങ്ങളും ഉണ്ടായില്ല. കോസ്റ്റാറിക്കയുടെയും ജർമനിയുടെയും തീപാറും പോരാട്ടം കണ്ട ആറ് ഗോൾ പിറന്ന മത്സരം ഇനി ഈ വനിതാ റഫറിമാരുടെ കൂടി പേരിലാകും ഓർമിക്കപ്പെടുക.

മാർച്ചിൽ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിലും യൂറോപ്പ ലീഗിലും 2019ല്‍ ചെല്‍സിയും ലിവര്‍പൂളും തമ്മില്‍ നടന്ന യുവേഫ സൂപ്പര്‍ കപ്പ് ഫൈനലിലും സ്റ്റെഫാനി റഫറിയായിട്ടുണ്ട്. ഈ ലോകകപ്പില്‍ കഴിഞ്ഞ ആഴ്ച നടന്ന പോളണ്ട് - മോക്സിക്കോ മത്സരത്തില്‍ ഫോര്‍ത്ത് ഒഫീഷ്യലായിരുന്നു 38കാരിയായ സ്റ്റെഫാനി.

ഫിഫ പുറത്തുവിട്ട 36 റഫറിമാരുടെ പട്ടികയില്‍ മൂന്ന് വനിതകള്‍ ഉള്‍പ്പെട്ടിരുന്നു. സ്റ്റെഫാനി ഫ്രപ്പാര്‍ട്ടിനെ കൂടാതെ ജപ്പാനില്‍ നിന്നുള്ള യോഷിമി യമഷിത, റുവാണ്ടയില്‍ നിന്നുള്ള സലിമ മുകന്‍സംഗ എന്നിവരാണ് ഫിഫ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍. 69 പേരുടെ അസിസ്റ്റന്റ് റഫറി പട്ടികയിലും മൂന്ന് വനിതകളുണ്ട്. ബ്രസീലില്‍ നിന്നുള്ള നുസ ബക്ക്, മെക്‌സിക്കോയില്‍ നിന്നുള്ള കാരെന്‍ ഡയസ്, യു.എസില്‍ നിന്നുള്ള കാതറിന്‍ നെസ്ബിറ്റ് എന്നിവരാണ് ഈ ലിസ്റ്റിലുള്ളത്. ലോകകപ്പ് ഫുട്ബോള്‍ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും വനിതകളെ റഫറി ടീമിന്റെ ഭാഗമാക്കിയത്.


Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News