റയലോ ജിറോണയോ, ബയേണോ ലെവർകൂസനോ; രണ്ടിലൊന്ന് അറിയാം
നിലവിൽ തോൽവിയറിയാതെ മുന്നേറുകയാണ് ലെവർ കൂസൻ.
മാഡ്രിഡ്: സ്പാനിഷ് ലാലീഗയിലും ജർമ്മൻ ബുണ്ടെസ്‌ലീഗയിലും വമ്പൻ ക്ലബുകൾക്ക് പതിവ് പോലെ എളുപ്പമായിരുന്നില്ല ഈ സീസണിൽ കാര്യങ്ങൾ. ലാലീഗയിൽ നിലവിലെ ചാമ്പ്യൻ ബാഴ്‌സലോണയേയും മുൻ ചാമ്പ്യൻ റയൽ മാഡ്രിഡിനേയും വിറപ്പിച്ച് ജിറോണ എഫ്.സിയുടെ ഉദയത്തിനാണ് ഇത്തവണ ഫുട്‌ബോൾ ലോകം സാക്ഷ്യം വഹിച്ചത്.
തുടക്കം മുതൽ മുന്നേറികൊണ്ടിരിക്കുകയാണ് ഈ ക്ലബ്. 23 മത്സരങ്ങൾ പൂർത്തിയായപ്പോൾ 17 ജയവും അഞ്ച് സമനിലയുമായി 56 പോയന്റോടെ നിലവിൽ ടേബിളിൽ രണ്ടാമതാണ് ജിറോണ. നേരത്തെ ദീർഘകാലം റയലിനെ മറികടന്ന് തലപ്പത്തുമെത്തിയിരുന്നു. ഒന്നാമതുള്ള മാഡ്രിഡിന് 58 പോയന്റാണുള്ളത്.
ലീഗിലെ ഗ്ലാമർ പോരാട്ടത്തിനാണ് ഞായറാഴ്ച കളമൊരുങ്ങുന്നത്. ഇരു ടീമുകളും മുഖാമുഖം വരുന്നതോടെ സ്പാനിഷ് ലീഗിലെ കിരീട പോരാട്ടത്തിന് കൂടുതൽ വ്യക്തത വരുമെന്നതിനാൽ ആരാധകരും ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. നിലവിൽ ജിറോണ ഈ സീസണിൽ തോൽവി വഴങ്ങിയ ഏക മത്സരം കാർലോ അൻസലോട്ടിയുടെ സംഘത്തോടാണെന്നതും ശ്രദ്ധേയമാണ്.
ജർമ്മൻ ലീഗിലും സ്ഥിതി വ്യത്യസ്തമല്ല. പതിറ്റാണ്ടായി ബുണ്ടെസ് ലീഗ കിരീടം നിലനിർത്തി പോരുന്ന ബയേൺ മ്യൂണികിന് തുടക്കം മുതൽ ഭീഷണിയുയർത്തിയാണ് മുൻ സ്പാനിഷ് താരം സാബി അലോൺസോ പരിശീലിപ്പിക്കുന്ന ബയേർ ലെവർകൂസൻ മുന്നേറ്റം. 2012-13 സീസൺ മുതൽ തുടർച്ചയായി കിരീടം ചൂടിയ ക്ലബാണ് ബയേൺ. എന്നാൽ ലെവർകൂസനാകട്ടെ ചരിത്ര നേട്ടത്തിന്റെ പടിവാതിൽക്കലും. നിലവിൽ തോൽവിയറിയാതെ മുന്നേറുകയാണ് ലെവർകൂസൻ. 20 മത്സരങ്ങളിൽ 16 വിജയവും നാല് സമനിലയും സഹിതം 52 പോയന്റാണ് സമ്പാദ്യം. ഇത്രതന്നെ മത്സരം കളിച്ച ബയേൺ 20 മത്സരത്തിൽ 16 ജയവും രണ്ട് സമനിലയും തോൽവിയുമായി 50 പോയന്റുമായി രണ്ടാമത് നിൽക്കുന്നു. ഞായറാഴ്ച ഇരുടീമുകളും നേർക്കുനേർ വരുന്നതോടെ ജർമ്മൻ ലീഗിലും ചിത്രം തെളിയും.