'ജയിക്കണം'; പോളണ്ടിനെതിരെ അർജന്റീന ഇറങ്ങുക മാറ്റങ്ങളോടെ
കഴിഞ്ഞ മത്സരത്തിൽ മെക്‌സിക്കോയെ നേരിടാനിറങ്ങിയ ആദ്യ ഇലവനിൽ മാറ്റങ്ങൾ വരുത്തായാകും സ്‌കലോണി ടീമിനെ അണിനിരത്തുക
ദോഹ: ലോകകപ്പ് ഫുട്‌ബോളിലെ നിർണായക മത്സരത്തിൽ പോളണ്ടിനെ നേരിടാനിറങ്ങുന്ന അർജന്റീനൻ ടീമിൽ മാറ്റങ്ങളുണ്ടാകാൻ സാധ്യത.
കഴിഞ്ഞ മത്സരത്തിൽ മെക്‌സിക്കോയെ നേരിടാനിറങ്ങിയ ആദ്യ ഇലവനിൽ മാറ്റങ്ങൾ വരുത്തായാകും സ്‌കലോണി ടീമിനെ അണിനിരത്തുക. പ്രതിരോധ നിരയിൽ മോൻറ്റിയല്ലിന് പകരം മൊളീനയും മധ്യനിരയിൽ മാക് അലിസ്റ്ററിന് പകരം പരേഡസും ടീമിലെത്താൻ സാധ്യതയുണ്ട്.
മത്സരത്തിൽ വിജയത്തിൽ കുറഞ്ഞതൊന്നും അർജന്റീന ലക്ഷ്യമാക്കുന്നില്ല. ജയിച്ചാൽ ഗ്രൂപ്പ് ചാംപ്യന്മാരായി പ്രീക്വാർട്ടറിൽ കടക്കാം. തോറ്റാൽ നാട്ടിലേക്ക് മടങ്ങാം. സമനിലയിലായാൽ സൗദി-മെക്‌സിക്കോ മത്സരഫലത്തെ ആശ്രയിച്ചിരിക്കും സ്‌കലോണിയുടെ സംഘത്തിന്റെ ഭാവി.
മെക്‌സിക്കോക്കെതിരായ വിജയം ടീമിന് വലിയ ഊർജം പകർന്നതായും വിജയത്തിന് വേണ്ടി പോരാടുമെന്നും കോച്ച് ലയണൽ സ്‌കലോണി പറഞ്ഞിരുന്നു. പോളണ്ട് മികച്ച ടീമാണെന്നും എന്താണ് ചെയ്യേണ്ടതെന്ന് തങ്ങൾക്ക് വ്യക്തമായ ബോധ്യമുണ്ടെന്നും പ്രതിരോധനിരക്കാരൻ ലിസാൻഡ്രോ മാർട്ടിനസ് വ്യക്തമാക്കി.
പ്രതിരോധത്തിന് കാര്യമായ ഊന്നൽ നൽകിയുള്ള കളി ശൈലിക്ക് തന്നെയാകും കോച്ച് സ്‌കലോണി ഇന്നും പിന്തുടരുക. അതേസമയം അവസാന പതിനാറിലെത്താൻ പോളണ്ടിന് സമനില മാത്രം മതി. അതിനാൽ തന്നെ പ്രതിരോധത്തിലൂന്നിയുള്ള ശൈലിയാകും പോളണ്ടും പിന്തുടരുക.സൗദി-മെക്സിക്കോ മത്സരത്തിൽ സൗദി ജയിച്ചാൽ രണ്ടാം സ്ഥാനക്കാരായിട്ടാവും പോളണ്ടിന്റെ (അർജന്റീനക്കെതിരെ സമനിലയായാൽ) പ്രീ ക്വാർട്ടർ പ്രവേശം. മെക്‌സിക്കോ ജയിച്ചാലും പോളണ്ടിന്റെ പ്രീക്വാർട്ടർ പ്രവേശനത്തെ ബാധിക്കില്ല.
അർജന്റീനയുടെ സാധ്യത ഇലവൻ : എമിലിയാനോ മാർട്ടിനസ്, മൊളീന, ഒട്ടമെൻഡി, ലിസാൻഡ്രോ മാർട്ടിനസ്, തഗ്ലിയാഫിക്കോ, റോഡ്രിഗസ്, പരേഡസ്, ഡീപോൾ, മെസി, ലൗതാരോ മാർട്ടിനസ്, ഡിമരിയ.