ഇന്ന് മുംബൈ-ബംഗളൂരു പോര്: മത്സരം സമനിലയായാലും ബ്ലാസ്റ്റേഴ്‌സിന്റെ ഒന്നാം സ്ഥാനം പോകും
ആദ്യ ഏറ്റുമുട്ടലിൽ മുംബൈക്കായിരുന്നു ജയം. ഫോമും പോയിന്റ് പട്ടികയിലെ മുൻതൂക്കവും എല്ലാം മുംബൈക്ക് അനുകൂലം. പോരാട്ടം കടുക്കുന്ന ലീഗിൽ ഇന്ന് ജയിച്ചാൽ മുംബൈ ഒന്നാമതെത്തും
ഐ.എസ്.എല്ലില്‍ ഇന്ന് മുംബൈ സിറ്റി ബംഗളൂരു എഫ്സി പോരാട്ടം. രാത്രി ഏഴരയ്ക്ക് ഫത്തോർഡയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് മത്സരം.
ആദ്യ ഏറ്റുമുട്ടലിൽ മുംബൈക്കായിരുന്നു ജയം. ഫോമും പോയിന്റ് പട്ടികയിലെ മുൻതൂക്കവും എല്ലാം മുംബൈക്ക് അനുകൂലം. പോരാട്ടം കടുക്കുന്ന ലീഗിൽ ഇന്ന് ജയിച്ചാൽ മുംബൈ ഒന്നാമതെത്തും. അഹമ്മദ് ജാഹൂ, ഇഗോർ അങ്കൂളോ , യിഗോർ കറ്റാറ്റൗ തുടങ്ങിയ വിദേശതാരങ്ങളാണ് മുംബൈയുടെ കരുത്ത്. 22 ഗോളുകളടിച്ച് കൂട്ടിയ മുംബൈയുടെ മുന്നേറ്റനിരയെ പിടിച്ചുകെട്ടാൻ ബംഗളൂരുവിന് ഏറെ വിയർപ്പൊഴുക്കേണ്ടിവരും.
സീസണിന്റെ രണ്ടാം പകുതിയിൽ എങ്കിലും ഫോമിലേക്ക് മടങ്ങാനാണ് ബംഗളൂരു ലക്ഷ്യമിടുന്നത്. മുൻപെങ്ങുമില്ലാത്ത തരം പ്രതിസന്ധിയിലാണ് ടീം. പ്രതിരോധനിരയും ഗോൾകീപ്പറും വരുത്തുന്ന പിഴവുകളാണ് ടീമിന്റെ വിലപ്പെട്ട പോയിന്റുകൾ നഷ്ടപ്പെടുത്തുന്നത്. സുനിൽ ഛേത്രിയുൾപ്പെടയുള്ള മുന്നേറ്റനിരയ്ക്കും മൂർച്ചപോരാ. സ്ട്രൈകർ ക്ലീറ്റൺ സിൽവയിലാണ് ബ്ലൂസിന്റെ പ്രതീക്ഷ.
അതേസമയം ഇന്ന് മുംബൈ തോറ്റാൽ മാത്രമെ ബ്ലാസ്റ്റേഴ്‌സിന് ഒന്നാം സ്ഥാനത്ത് തുടരാനാകൂ. മത്സരം സമനിലയിലായാലും മുംബൈ ജയിച്ചാലും അവർക്ക് പോയിന്റാവും. ബ്ലാസ്‌റ്റേഴ്‌സ് രണ്ടാം സ്ഥാനത്തേക്ക് ഇറങ്ങും. കഴിഞ്ഞ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ഹൈദരാബാദിനെ ബ്ലാസ്റ്റേഴ്‌സ് വീഴ്ത്തിയത്. സമനില മത്സരങ്ങൾക്ക് ശേഷമുള്ള ബ്ലാസ്റ്റേഴ്‌സിന്റെ ജയമാണിത്. ഏഴു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് ഐ.എസ്.എൽ പോയിന്റ് ടേബിളിന്റെ തലപ്പത്ത് എത്തുന്നതും.