ടോട്ടന്‍ഹാമുമായി തുറന്ന യുദ്ധം പ്രഖ്യാപിച്ച് ഹാരി കെയ്‍ന്‍
പന്ത്രണ്ടു വർഷത്തോളമായി സ്പർസിനൊപ്പമുള്ള താരം 334 മത്സരങ്ങളില്‍ 220 ഗോളുകൾ നേടി
സ്ട്രൈക്കർ ഹാരി കെയ്ൻ ടോട്ടൻഹാം പ്രീ-സീസൺ പരിശീലനത്തിൽ പങ്കെടുത്തില്ല, താരത്തിന്‍റെ നടപടിയില്‍ 'നിരാശ' ഉണ്ടെന്ന് ക്ലബ് വ്യക്തമാക്കി. ഈ സാഹചര്യത്തിൽ താരത്തിന് എതിരെ നടപടി ഉണ്ടാകും എന്ന് ടോട്ടന്‍ഹാം അറിയിച്ചു. 28-കാരനായ താരം യൂറോ കപ്പിന് ശേഷമുള്ള അവധിക്ക് ശേഷം തിങ്കളാഴ്ച ടോട്ടന്‍ഹാമിനൊപ്പം ചേരേണ്ടതായിരുന്നു. മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് ചേക്കേറാന്‍ ആഗ്രഹിക്കുന്ന കെയ്ൻ ട്രാൻസ്ഫർ നടക്കാൻ സമ്മര്‍ദ്ദം ചെലുത്തുന്നതിന് വേണ്ടിയാണ് ക്ലബിന്റെ പരിശീലനത്തിന് എത്താതെ മാറി നിൽക്കുന്നത്. കഴിഞ്ഞ സീസൺ അവസാനം തന്നെ താൻ ക്ലബ് വിടാൻ ആഗ്രഹിക്കുന്നു എന്ന് ഹാരി കെയ്‍ന്‍ അറിയിച്ചിരുന്നു. എന്നാല്‍ കെയ്‍ന്‍ ക്ലബിന്റെ അഭിവാജ്യ ഘടകമാണെന്നും അതിനാല്‍ വില്‍ക്കാന്‍ തയ്യാറല്ലെന്നുമാണ് ക്ലബിന്റെ നിലപാട്.
ടോട്ടൻഹാം ടീമിന്റെ ഏറ്റവും പ്രധാനപ്പെട്ട താരമാണ് കെയ്ൻ. പന്ത്രണ്ടു വർഷത്തോളമായി സ്പർസിനൊപ്പമുള്ള താരം 334 മത്സരങ്ങളില്‍ 220 ഗോളുകൾ നേടി. അവസാന സീസണിൽ 32 ഗോളുകൾ താരം നേടി. താരം ക്ലബ് വിടുകയാണെങ്കിൽ വാങ്ങാനായി വമ്പൻ ക്ലബുകൾ വരെ ഒരുക്കമാണ്. ടീമിന് കിരീടങ്ങൾ ഒന്നും നേടാൻ കഴിയാത്തതാണ് 27കാരനായ താരം ക്ലബ് വിടാൻ കാരണം. മികച്ച സ്‌ട്രൈക്കർമാരിൽ ഒരാളായിട്ടും ഇതു വരെയും ഒരു കിരീടം പോലും ടോട്ടനത്തിനൊപ്പം സ്വന്തമാക്കാൻ കെയ്നിനായിട്ടില്ല. ചാമ്പ്യൻസ് ലീഗ് ഫൈനലില്‍ ലിവർപൂളിനോട് തോൽവി വഴങ്ങിയതാണ് ടോട്ടന്‍ഹാമിനൊപ്പമുള്ള ഹാരി കെയ്‍നിന്റേ ഏറ്റവും വലിയ നേട്ടം. ഈ സീസണിൽ കറബാവോ കപ്പിന്റെ ഫൈനലിൽ എത്തിയെങ്കിലും മാഞ്ചസ്റ്റർ സിറ്റിയോട് പരാജയപ്പെടുകയായിരുന്നു.