ഇരുവട്ടം എംബാപ്പെ: നെതർലാൻഡ്‌സിനെ തകർത്ത് ഫ്രാൻസ്

യൂറോകപ്പ് യോഗ്യതാ മത്സരത്തിൽ നെതർലാൻഡ്‌സിനെ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ഫ്രാൻസ് തോൽപിച്ചത്

Update: 2023-03-25 02:01 GMT
Editor : rishad | By : Web Desk
നെതര്‍ലാന്‍ഡ്സിനെതിരായ മത്സരത്തില്‍ ഗോള്‍ നേടുന്ന എംബാപ്പെ
Advertising

പാരിസ്: നായകനെന്ന നിലയൽ ആദ്യ മത്സരം ഗംഭീരമാക്കി കിലിയൻ എംബാപ്പെ. യൂറോകപ്പ് യോഗ്യതാ മത്സരത്തിൽ നെതർലാൻഡ്‌സിനെ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ഫ്രാൻസ് തോൽപിച്ചത്. എംബാപ്പെ ഇരട്ടഗോളുകൾ നേടിയപ്പോൾ അന്റോണിയോ ഗ്രീസ്മാൻ, ദയോത് ഉപമേകാനോ എന്നിവരാണ് മറ്റ് സ്‌കോറർമാർ. ആദ്യ വിസിൽ മുഴങ്ങി രണ്ടാം മിനുറ്റിൽ തന്നെ ഫ്രാൻസിനെ ഗ്രീസ്മാൻ മുന്നിലെത്തിച്ചു. 

എംബാപ്പയുടെ പാസില്‍ നിന്നായിരുന്നു ഗ്രീസ്മാന്റെ ഗോള്‍. നായകപദവി നഷ്ടമായതിന്റെ പിണക്കമൊന്നും ഗ്രീസ്മാനില്ലായിരുന്നു. മുന്‍നായകന് പുതിയ നായകന്റെ പാസ്, അതിലൊരു സുന്ദരഗോളും. ഫലമോ രണ്ടാം മിനുറ്റില്‍ ഫ്രാന്‍സ് മുന്നില്‍.  

ആറ് മിനുറ്റുകൾക്കപ്പുറം ഉപമേകാനോ ലീഡ് ഉയർത്തി. ആദ്യ പത്ത് മിനുറ്റിൽ വീണ രണ്ട് ഗോളുകളിൽ നെതർലാൻഡ്‌സ് വിറച്ചതാടെ ഫ്രാൻസിന് കാര്യങ്ങൾ ഒന്നുകൂടി എളുപ്പമായി. അതിനിടയിലാണ് എംബാപ്പെ നെതർലാൻഡ്‌സിന്റെ വലകുലുക്കുന്നത്. 22ാം മിനുറ്റിൽ എംബാപ്പയുടെ മനോഹര ഫിനിഷിങ്. ഫ്രാൻസ് ജെഴ്‌സിയിൽ എംബാപ്പയുടെ 37ാം ഗോളായിരുന്നു അത്. പന്തവകാശത്തിൽ നെതർലാൻഡ്‌സാണ് മുന്നിട്ട് നിന്നതെങ്കിലും ഗോളടിക്കാൻ കഴിഞ്ഞില്ല. ലഭിച്ച അവസരങ്ങളാകട്ടെ മുതലാക്കാനുമായില്ല.

പതിനൊന്നോളം ഷോട്ടുകളാണ് നെതർലാൻഡ്‌സ് ഉതിർത്തത്. ലക്ഷ്യത്തിലേക്ക് അഞ്ചെണ്ണം തൊടുത്തെങ്കിലും ഒന്നും ഗോൾകീപ്പറെ കീഴ്‌പ്പെടുത്താനായില്ല. അതിനിടെ ലഭിച്ച പെനല്‍റ്റികിക്ക് ലക്ഷ്യത്തിലെത്തിക്കാനും ഡച്ച് പടക്കായില്ല. മെംഫിസ് ഡിപായ് ആയിരുന്നു നെതർലാൻഡ്‌സിനായി കിക്ക് എടുത്തത്. രണ്ടാം പകുതിയുടെ ഇഞ്ച്വറി ടൈമിൽ ഫ്രാൻസ് താരത്തിന്റെ കയ്യിൽ പന്ത് തട്ടിയതിനെ തുടർന്നാണ് റഫറി പെനൽറ്റി വിധിച്ചത്. എന്നാൽ മെംഫിസ് തൊടുത്ത കിക്ക് ഫ്രാൻസ് ഗോൾകീപ്പർ മൈക്ക് മെഗ്നാൻ അതിവിദഗ്ധമായി തട്ടിമാറ്റുകയായിരുന്നു. അതേസമയം തൊടുത്ത എട്ട് ഷോട്ടുകളിൽ നാലെണ്ണം ലക്ഷ്യത്തിലെത്തിച്ച് ഫ്രാൻസ് വമ്പ് കാട്ടുകയായിരുന്നു.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News