ശമ്പളം കുറക്കാൻ സമ്മതിച്ചു; ഉംതിതിയും ബാഴ്‌സയും കരാർ പുതുക്കി

ഷാവി ഹെർണാണ്ടസിന്റെ ഫേവറിറ്റ് താരങ്ങളുടെ ലിസ്റ്റിൽ ഇല്ലാത്ത ഉംതിതി ഈ സീസണിൽ ആകെ 90 മിനുട്ടാണ് കളിച്ചത്. 23 മത്സരങ്ങളിൽ താരം സൈഡ് ബെഞ്ചിൽ ഇരിക്കുകയായിരുന്നു.

Update: 2022-01-10 16:02 GMT
Editor : André | By : Web Desk
Advertising

ഫ്രഞ്ച് ഡിഫന്റർ സാമുവൽ ഉംതിതി നാലു സീസൺ കൂടി ബാഴ്‌സലോണയിൽ തുടരും. അടുത്ത സീസൺ അവസാനത്തോടെ അവസാനിക്കാനിരുന്ന കരാർ 2026 വരെയാണ് 28-കാരൻ പുതുക്കിയിരിക്കുന്നത്. നിലവിലെ കരാറിൽ അവശേഷിക്കുന്ന 18 മാസത്തെ ശമ്പളം പകുതി മതിയെന്നും, പുതിയ കരാറിൽ നിലവിൽ വാങ്ങുന്ന ശമ്പളത്തിൽ 10 ശതമാനം കുറവ് വരുത്താമെന്നും ഫ്രഞ്ച് താരം സമ്മതിക്കുകയായിരുന്നു. ഇതോടെ, ഉംതിതിയെ വിൽക്കാതെ തന്നെ പുതിയ താരം ഫെറാൻ ടോറസിന്റെ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കാൻ ബാഴ്‌സക്ക് കഴിയും.

ജനുവരിയിലെ ട്രാൻസ്ഫർ കാലയളവിൽ ഉംതിതിയെ വിൽക്കാനോ ലോണിൽ കൈമാറാനോ ആയിരുന്നു ബാഴ്‌സയുടെ പദ്ധതിയെങ്കിലും ആഴ്ചയിൽ 2.39 ലക്ഷം പൗണ്ട് (രണ്ട് കോടി രൂപ) എന്ന ഭീമൻ ശമ്പളം നൽകാൻ തയാറില്ലാത്തതിനാൽ ആവശ്യക്കാർ കുറവായിരുന്നു. ഇതോടെയാണ് കുറഞ്ഞ വേതനത്തിൽ താരത്തെ നിലനിർത്താൻ ബാഴ്‌സ തീരുമാനിച്ചത്. 2023-ൽ ഏകപക്ഷീയമായി പിന്മാറാൻ ബാഴ്‌സയെ അനുവദിക്കുന്ന ഒരു വ്യവസ്ഥയും പുതിയ കരാറിലുണ്ട്.

കോച്ച് ഷാവി ഹെർണാണ്ടസിന്റെ ഫേവറിറ്റ് താരങ്ങളുടെ ലിസ്റ്റിൽ ഇല്ലാത്ത ഉംതിതി ഈ സീസണിൽ ആകെ 90 മിനുട്ടാണ് കളിച്ചത്. 23 മത്സരങ്ങളിൽ താരം സൈഡ് ബെഞ്ചിൽ ഇരിക്കുകയായിരുന്നു. ശേഷിക്കുന്ന മത്സരങ്ങളിലും പ്ലെയിങ് ഇലവനിൽ താരത്തിന് സ്ഥാനം നൽകാൻ കോച്ച് തയാറായേക്കില്ല. ഇതോടെ, ഏതെങ്കിലും ക്ലബ്ബിലേക്ക് ലോൺ അടിസ്ഥാനത്തിൽ ഉംതിതി മാറിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.

ശമ്പളം കുറച്ചതിനാൽ ഉംതിതിക്കു വേണ്ടി മറ്റ് ക്ലബ്ബുകൾ രംഗത്തു വരുമെന്നാണ് താരത്തിന്റെ സഹോദരനും ഏജന്റുമായ യാനിക് ഉംതിതി കരുതുന്നത്. അടുത്ത ലോകകപ്പിനുള്ള ഫ്രാൻസ് ടീമിൽ ഇടം നേടണമെങ്കിൽ ഉംതിതി ക്ലബ്ബ് തലത്തിൽ കൂടുതൽ മത്സരങ്ങൾ കളിച്ച് കഴിവ് തെളിയിക്കേണ്ടി വരും. ലോണിൽ മറ്റ് തട്ടകങ്ങളിലെത്തിയാലേ ഇതിന് സാധ്യതയുള്ളൂ എന്ന് താരം തിരിച്ചറിഞ്ഞതിന്റെ ഭാഗമാണ് ശമ്പളത്തിൽ കുറവ് വരുത്തിയത് എന്നാണ് സൂചന.

നേരത്തെ, തുർക്കിഷ് ക്ലബ്ബ് ഫെനർബാഷെ ലോൺ സന്നദ്ധത അറിയിച്ച് വന്നിരുന്നെങ്കിലും ഓഫർ ഉംതിതി തള്ളിക്കളഞ്ഞിരുന്നു. താരതമ്യേന അപ്രശസ്തമായ തുർക്കിഷ് ലീഗിൽ കളിക്കുന്നത് തന്റെ ഭാവിയെ ബാധിക്കും എന്നാണ് താരം കരുതുന്നത്. പുതിയ സാഹചര്യത്തിൽ പ്രീമിയർ ലീഗ് ക്ലബ്ബായ ന്യൂകാസിൽ ഉംതിതിയെ കളിപ്പിക്കാൻ തയാറായേക്കും എന്ന് റിപ്പോർട്ടുകളുണ്ട്.

Defender Samuel Umtiti contract extended until 2026

Tags:    

Writer - André

contributor

Editor - André

contributor

By - Web Desk

contributor

Similar News