"വീട്ടിലേക്കുള്ള വഴി" ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍
2003 മുതൽ 2009 വരെ യുണൈറ്റഡിനായി കളിച്ച റൊണാൾഡോ ക്ലബ്ബ് വിട്ട് 12 വർഷങ്ങൾക്ക് ശേഷമാണ് ഓള്‍ഡ് ട്രഫോര്‍ഡില്‍ വീണ്ടുമെത്തുന്നത്
പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരിച്ചെത്തി. 2003 മുതൽ 2009 വരെ യുണൈറ്റഡിനായി കളിച്ച റൊണാൾഡോ ക്ലബ്ബ് വിട്ട് 12 വർഷങ്ങൾക്ക് ശേഷമാണ് ഓള്‍ഡ് ട്രഫോര്‍ഡില്‍ വീണ്ടുമെത്തുന്നത്. ഫുട്ബോൾ ലോകം മുഴുവൻ വലിയ ആകാംക്ഷയോടെ കാത്തിരുന്ന ട്രാൻസ്ഫർ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. റൊണാള്‍ഡോക്കായി യുവന്റസിന് 20 മില്യണ്‍ യൂറോയാണ് (173 കോടി) മാഞ്ചസ്റ്റര്‍ നല്‍കുന്നത്. രണ്ട് വര്‍ഷത്തേക്കാണ് കരാര്‍.
Welcome 𝗵𝗼𝗺𝗲, @Cristiano 🔴#MUFC | #Ronaldo
— Manchester United (@ManUtd) August 27, 2021
ഇറ്റാലിയൻ ക്ലബ്ബ് യുവന്റസിൽ നിന്ന് ട്രാൻസ്ഫർ ചോദിച്ചുവാങ്ങിയ ക്രിസ്റ്റ്യാനോ മാഞ്ചസ്റ്റർ സിറ്റിയിൽ കളിക്കാനുള്ള സന്നദ്ധത അറിയിച്ചെങ്കിലും സാമ്പത്തിക കാര്യങ്ങളിൽ തീരുമാനമാകാത്തതിനെ തുടർന്നാണ് ഇംഗ്ലീഷ് ക്ലബ്ബ് പിന്മാറിയത്. താരത്തിനു വേണ്ടിയുള്ള ശ്രമം അവസാനിപ്പിക്കുന്നതായി ക്ലബ്ബ് വ്യക്തമാക്കുകയായിരുന്നു. ക്രിസ്റ്റ്യാനോ മുന്നോട്ടുവെച്ച വ്യക്തിപരമായ ആവശ്യങ്ങളും യുവന്റസിൽ നിന്നുള്ള ട്രാൻസ്ഫർ തുകയും സംബന്ധിച്ച് ധാരണയിലെത്താൻ കഴിയാത്തതിനെ തുടർന്നായിരുന്നു ക്ലബ്ബിന്റെ പിന്മാറ്റം. ഇന്ന് ഉച്ചയ്ക്കു ശേഷം മാധ്യമപ്രവർത്തകരെ കണ്ട മാഞ്ചസ്റ്റർ സിറ്റി കോച്ച് പെപ് ഗ്വാർഡിയോള പോർച്ചുഗീസ് താരം അടുത്ത സീസണിൽ ഇത്തിഹാദ് സ്റ്റേഡിയത്തിലാവില്ല കളിക്കുക എന്നു സൂചിപ്പിച്ചിരുന്നു. എവിടെ കളിക്കണമെന്ന് ക്രിസ്റ്റ്യാനോയ്ക്ക് തീരുമാനിക്കാമെന്നും തന്റെ ക്ലബ്ബിലേക്കുള്ള ഒരു ട്രാൻസ്ഫറിന്റെ സാധ്യത അതിവിദൂരമാണെന്നും കോച്ച് പറഞ്ഞു. വാർത്താസമ്മേളനം അവസാനിച്ചതിനു തൊട്ടുപിന്നാലെയാണ് ട്രാൻസ്ഫർ നടക്കില്ലെന്ന കാര്യം സ്ഥിരീകരിക്കപ്പെട്ടത്.
ലിസ്ബണിൽ നിന്നും ഓൾഡ് ട്രാഫോഡിൽ എത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഇന്നുകാണുന്ന ലോകഫുട്ബോളിലെ സൂപ്പര്‍ താരമാക്കി വളർത്തിയത് മാഞ്ചസ്റ്റർ യുണൈറ്റഡും അവരുടെ ഇതിഹാസ പരിശീലകനായ അലക്സ് ഫെർഗൂസണും ചേർന്നാണ്.
18 കാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോയെ അലക്സ് ഫെര്‍ഗൂസണ്‍ ശ്രദ്ധിക്കുന്നത് 2003 ആഗസ്റ്റില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്പോര്‍ട്ടിങ് ലിസ്ബണോട് 3-1 ന് തോറ്റ മത്സരത്തിലാണ്. 5 ദിവസത്തിനകം അയാളെ തന്റെ പാളയത്തിലെത്തിക്കുന്നതില്‍ ഫെർഗൂസണ്‍ വിജയിച്ചു. അലക്സ് ഫെര്‍ഗൂസനും റോണോയും തമ്മിലുളള ബന്ധം എന്നത് മഹാനായ ഒരു കളിക്കാരനെ വാര്‍ത്തെടുത്ത കോച്ചും ശിഷ്യനുമായുളള ബന്ധത്തിന്റെ കഥയാണ്. റോണോ ചുവന്ന ചെകുത്താന്‍മാര്‍ക്കായി അരങ്ങേറ്റം നടത്തിയത് 16 ആഗസ്റ്റ് 2003 ല്‍ ബോള്‍ട്ടണെതിരെ 4-0 ത്തിന് യുണൈറ്റഡ് ജയിച്ച മത്സരത്തിലായിരുന്നു. നിക്കി ബട്ടിന് പകരം റോണോ ഇറങ്ങുമ്പോള്‍ ഒരു ഗോളിന് മാത്രം മുന്നിലായിരുന്നു. 'ഞാന്‍ കണ്ട എക്കാലത്തെയും മികച്ച അരങ്ങേറ്റം' എന്നാണ് ഇതിഹാസതാരം ബെസ്റ്റ് അന്ന് കുറിച്ചത്.
ആദ്യ സീസണില്‍ എഫ് എ കപ്പ് ഫൈനലിലടക്കം 45 കളികളില്‍ 6 ഗോളുകള്‍, അടുത്ത സീസണില്‍ 50 കളികളില്‍ ൯, തൊട്ടടുത്ത സീസണില്‍ 47 ല്‍ 12, അടുത്ത സീസണില്‍ 53 ല്‍ 23. 2007-08 സീസണില്‍ 48 കളിയില്‍ 42 ഗോള്‍ നേടി…ചാമ്പ്യന്‍സ് ലീഗും, പ്രീമിയര്‍ ലീഗും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നേടിയ ആ വര്‍ഷം അയാള്‍ ബാലണ്‍ ഡി ഓറും സ്വന്തമാക്കി. അവസാന സീസണില്‍ 53 കളിയില്‍ 26 ഗോളും… ഓരോ സീസണിലും അയാള്‍ കൂടുതല്‍ കൂടുതല്‍ അപകടകാരിയായി മാറി…വിങറായെത്തിയ റോണോ മാഞ്ചസ്റ്ററില്‍ ഒരു മികച്ച ഫോര്‍വേഡായി വളരുകയായിരുന്നു…
റൊണാള്‍ഡോ യുണൈറ്റഡിനോട് വിടപറയുമ്പോള്‍ യുണൈറ്റഡിനായി 3 പ്രീമിയര്‍ ലീഗ് കിരീടങ്ങളും ഒരു എഫ്.എ കപ്പും രണ്ട് ലീഗ് കപ്പുകളും എല്ലാറ്റിനുപരി ഒരു ചാമ്പ്യന്‍സ് ലീഗും നേടിക്കഴിഞ്ഞു.