പഴയ വേഗമില്ല; ടെൻ ഹാഗ് ക്രിസ്റ്റ്യാനോയെ ഒഴിവാക്കുന്നതിന് പിന്നിൽ വ്യക്തമായ കാരണങ്ങൾ

യുവത്വത്തിന്റെ ചുറുചുറുക്കിനൊപ്പം 37കാരന് എത്തിപ്പിടിക്കാനാകുന്നില്ല.

Update: 2022-10-21 08:30 GMT
Editor : abs | By : Web Desk
Advertising

മാഞ്ചസ്റ്റർ: സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണോൾഡോയെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്താതിരിക്കാൻ മാഞ്ചസ്റ്റർ കോച്ച് എറിക് ടെൻഹാഗിന് വ്യക്തമായ കാരണങ്ങൾ. റോണോ ഉള്ള ടീമും ഇല്ലാത്ത ടീമും തമ്മിൽ കൃത്യമായ അന്തരമുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. യുവത്വത്തിന്റെ ചുറുചുറുക്കിനൊപ്പം 37കാരന് എത്തിപ്പിടിക്കാനുമാകുന്നില്ല.

ഫുട്‌ബോൾ അപഗ്രഥന ട്വിറ്റർ ഹാൻഡ്‌ലായ ഒപ്റ്റയുടെ വിലയിരുത്തൽ പ്രകാരം റോണോ ഉൾപ്പെട്ട യുണൈറ്റഡ് ടീമിന് വേഗം കുറവാണ്. രണ്ടു മത്സരങ്ങളിലാണ് ടെൻ ഹാഗ് സൂപ്പർ താരത്തെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തിയത്. ഇതിൽ ടീം പിന്നിട്ട ശരാശരി ദൂരം 98.5 കിലോമീറ്ററാണ്. പെർ ഗെയിം പോയിന്റ് 0.5. പോർച്ചുഗീസ് നായകൻ ആദ്യ ഇലവനിലില്ലാതെ എട്ടു കളിയാണ് മാഞ്ചസ്റ്റർ കളിച്ചത്. ഇതിൽ ടീം പിന്നിട്ട ശരാശരി ദൂരം 108.5 കിലോമീറ്റർ. പെർ ഗെയിം പോയിന്റ് 2.25. ടീമിനായി രണ്ടു ഗോൾ മാത്രമാണ് ഇതിഹാസ താരം ഇതുവരെ നേടിയിട്ടുള്ളത്.  

ഓള്‍ഡ് ട്രാഫോര്‍ഡില്‍ ടോട്ടൻഹാമിനെതിരെയുള്ള മത്സരത്തിനിടെ ഗ്രൗണ്ടിൽനിന്ന് കയറിപ്പോയ വിവാദത്തിന് പിന്നാലെ ചെൽസിയുമായുള്ള അടുത്ത കളിയിൽ റോണോയെ ടെൻഹാഗ് ഉൾപ്പെടുത്തിയിട്ടില്ല. ശനിയാഴ്ച ചെൽസിക്കെതിരെ അവരുടെ ഗ്രൌണ്ടായ സ്റ്റാംഫഡ് ബ്രിജിലാണ് മത്സരം. അതേസമയം, സംഭവത്തിൽ റോണോ ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. സംഭവിക്കാൻ പാടില്ലാത്തത് സംഭവിച്ചെന്നും ചില വേളകളിൽ കോപം നമ്മെ അതിജയിക്കുന്നുവെന്നും ഇൻസ്റ്റ്ഗ്രാമിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ താരം പറഞ്ഞു. സഹകളിക്കാർക്കും കോച്ചുമാർക്കും എല്ലാ കാലത്തും ബഹുമാനം നൽകിയ കളിക്കാരനാണ് താനെന്നും ക്രിസ്റ്റിയാനോ കൂട്ടിച്ചേർത്തു.

ക്രിസ്റ്റിയാനോയുടെ കുറിപ്പിന്റെ പൂർണരൂപം

'എന്റെ കരിയറിൽ ഞാൻ എല്ലാ കാലത്തും ചെയ്ത പോലെ, സഹകളിക്കാരോടും എതിരാളികളോടും കോച്ചുമാരോടും ബഹുമാന പൂർവ്വം പെരുമാറി, കളിക്കാൻ ശ്രമിച്ചിട്ടുണ്ട്. അത് മാറിയിട്ടില്ല. ഞാനും മാറിയിട്ടില്ല. ഇരുപത് വർഷമായി മുൻനിര ഫുട്‌ബോൾ കളിക്കുന്ന അതേ പ്രൊഫഷണലും വ്യക്തിയുമാണ് ഞാൻ. തീരുമാന മെടുപ്പിൽ ബഹുമാനം വലിയ പങ്കുവഹിക്കുന്നുണ്ട്.'

'ചെറുപ്പത്തിലാണ് ഞാൻ കളി തുടങ്ങിയത്. മുതിർന്ന, അനുഭവ സമ്പത്തുള്ള കളിക്കാർ എനിക്കെന്നും പ്രധാനമായിരുന്നു. അതുകൊണ്ടു തന്നെ, ഞാൻ പ്രതിനിധീകരിക്കുന്ന ടീമുകളിലെ യുവാക്കൾക്ക് എല്ലാ കാലത്തും സ്വയം മാതൃകയാകാൻ ശ്രമിച്ചിട്ടുണ്ട്. ദൗർഭാഗ്യവശാൽ എല്ലാ സമയത്തും അതു സാധ്യമായിക്കൊള്ളണമെന്നില്ല. ചില വേളകളിൽ നമ്മളിലെ മികച്ചവരെ പോലും ക്ഷോഭം കീഴ്‌പ്പെടുത്തുന്നു.'

'ഇപ്പോൾ കാരിങ്ടണിൽ (മാഞ്ചസ്റ്റർ ടീം പരിശീലിക്കുന്ന സ്ഥലം) കഠിനാധ്വാനം ചെയ്യണം. എന്റെ സഹകളിക്കാരെ പിന്തുണയ്ക്കണം. കളിക്കായി എല്ലാം നൽകാൻ തയ്യാറാകണം. സമ്മർദത്തിൽ വീണുപോകുന്നത് ഒരു വഴിയല്ല. അതങ്ങനെ ആയിരുന്നില്ല. ഇത് മാഞ്ചസ്റ്റർ യുണൈറ്റഡാണ്. ഞങ്ങളൊന്നിച്ചു നിൽക്കും. ഉടൻ വീണ്ടും നമ്മളൊന്നിക്കും.'

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News