യുറുഗ്വേ യുവരാജാക്കന്മാർ; ഇറ്റലിയെ തോൽപിച്ച് അണ്ടർ-20 ഫുട്‌ബോൾ ലോകകിരീടം
1997ലും 2013ലും രണ്ടാം സ്ഥാനക്കാരായെങ്കിലും ഇതാദ്യമായാണ് യുറുഗ്വേ അണ്ടർ-20 ലോകകപ്പ് ജേതാക്കളാകുന്നത്
ബ്യൂണസ് അയേഴ്‌സ്: ഫുട്‌ബോൾ ലോകത്തെ പുതിയ യുവരാജാക്കന്മാർ യുറുഗ്വേ. അണ്ടർ-20 ലോകകപ്പ് കലാശപ്പോരാട്ടത്തിൽ ഇറ്റലിയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപിച്ച് ലാറ്റിനമേരിക്കൻ രാജ്യം കന്നിക്കിരീടത്തിൽ മുത്തമിട്ടു. അർജന്റീന നഗരമായ ടൊളോസയിലെ ഡീഗോ മറഡോണ സ്‌റ്റേഡിയമാണ് യുവതാരങ്ങളുടെ അന്തിമപോരാട്ടത്തിനു വേദിയായത്.
1997ലും 2013ലും ഫൈനൽ വരെ എത്തിയെങ്കിലും സ്വപ്‌നകിരീടം മാത്രം യുറുഗ്വേയിൽനിന്ന് അകന്നുനിൽക്കുകയായിരുന്നു. ഒടുവിൽ ഫാബ്രീസിയോ ദിയസിന്റെ യുവപോരാളികൾ ആ സ്വപ്‌നവും യാഥാർത്ഥ്യമാക്കിയിരിക്കുകയാണ്. കഴിഞ്ഞ നാലു വർഷമായി യൂറോപ്യൻ ടീമുകൾ തുടർന്നുവന്ന കിരീടമേധാവിത്വത്തിനും അന്ത്യംകുറിച്ചിരിക്കുകയാണ് ലാറ്റിനമേരിക്കൻ സംഘം.
മത്സരത്തിന്റെ അവസാനനിമിഷം വരെ വാശിനിറഞ്ഞ പോരാട്ടത്തിനായിരുന്നു ഇന്നലെ കലാശപ്പോരാട്ടം സാക്ഷിയായത്. കളി അവസാനനിമിഷത്തിലേക്ക് നീങ്ങിയ ഘട്ടത്തിൽ 86-ാം മിനിറ്റിലാണ് ലൂസിയാനോ റോഡ്രിഗസ് യുറുഗ്വേയുടെ വിജയനായകനായത്. ക്ലോസ് റേഞ്ചിൽനിന്നുള്ള അളന്നുമുറിച്ച ഹെഡർ ഇറ്റാലിയൻ വലയിലേക്ക് തുളച്ചുകയറുമ്പോൾ യുറുഗ്വേ ആരാധകർ വിജയാഘോഷത്തിനു തുടക്കമിട്ടുകഴിഞ്ഞിരുന്നു.
ടൂർണമെന്റിലുടനീളം തുടരുന്ന മികച്ച ഫോമിന്റെ നിറഞ്ഞാട്ടം കൂടിയായിരുന്നു കലാശപ്പോരിലും യുറുഗ്വേയുടേത്. ലാറ്റിനമേരിക്കൻ ഫുട്‌ബോളിന്റെ വശ്യമനോഹര ഭാവം മുഴുവൻ പുറത്തെടുത്ത സംഘം ടൂർണമെന്റിലുടനീളം ആകെ മൂന്ന് ഗോൾ മാത്രമാണ് വഴങ്ങിയത്. മൂന്നും ഗ്രൂപ്പ് ഘട്ടത്തിൽ ഇംഗ്ലണ്ടിനോട് വഴങ്ങിയതായിരുന്നു. മറ്റൊരു ടീമിനുമുൻപിലും കീഴടങ്ങാതെയായിരുന്നു യുറുഗ്വേ ഫൈനലിലേക്ക് കുതിച്ചത്.
ടൂർണമെന്റ് തുടങ്ങുമ്പോൾ യുറുഗ്വേയോ ഇറ്റലിയോ കളി വിദഗ്ധരുടെയൊന്നും കിരീട സാധ്യതാപട്ടികയിലുണ്ടായിരുന്നില്ല. എന്നാൽ, അർജന്റീന, ബ്രസീൽ, ഇംഗ്ലണ്ട് അടക്കം വമ്പന്മാർ മൂക്കുകുത്തിവീണ ടൂർണമെന്റിലാണ് പുതുരക്തങ്ങൾ കാൽപന്തു സൗന്ദര്യത്തിലൂടെ ലോകത്തെ വിസ്മയിപ്പിച്ചത്. ആദ്യ ലോകകപ്പിനെത്തിയ ഇസ്രായേലാണ് മൂന്നാം സ്ഥാനക്കാർ. ലൂസേഴ്‌സ് ഫൈനലിൽ ദക്ഷിണ കൊറിയയെ ഒന്നിനെതിരെ മൂന്ന് ഗോളിനാണ് ഇസ്രായേൽ തകർത്തത്.
Summary: Uruguay beats Italy 1-0 to win maiden Under-20 World Cup