ഷൂട്ടൗട്ട് ദുരന്തം: യുറുഗ്വായോട് തോറ്റ് ബ്രസീൽ പുറത്ത്
കൊളംബിയ-യുറുഗ്വായ് സെമി
ലാസ് വേഗാസ്:കോപ്പ അമേരിക്കയിൽ നിന്നും ബ്രസീലിന് വീണ്ടും കണ്ണീർമടക്കം. നിശ്ചിത സമയത്ത് ഗോൾ രഹിതമായ മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടപ്പോൾ 4-2നായിരുന്നു യുറുഗ്വായ് വിജയം. 74ാം മിനുറ്റിൽ യുറുഗ്വായുടെ നഹിതാൻ നാൻഡെസ് ചുവപ്പുകാർഡ് കണ്ട് പുറത്തായെങ്കിലും മുതലെടുക്കാൻ ബ്രസീലിനായില്ല. പനാമയെ എതിരില്ലാത്ത അഞ്ചുഗോളുകൾക്ക് തകർത്തുവരുന്ന കൊളംബിയയാണ് സെമിയിൽ യുറുഗ്വായുടെ എതിരാളികൾ.
വീനീഷ്യസിന് പകരം പുതുപ്രതീക്ഷയായ എൻട്രിക്കിനെ മുന്നിൽ നിർത്തിയാണ് ബ്രസീൽ തുടങ്ങിയത്. 4-2-3-1 എന്ന ഫോർമേഷനിൽ ഇറങ്ങിയ ബ്രസീൽ പന്തടക്കത്തിലും പാസിങ്ങിലും മുന്നിൽ നിന്നെങ്കിലും ഗോൾ നേടാനായില്ല. മത്സരത്തിലുടനീളം ഫൗളുകൾ നിറഞ്ഞുനിന്നു. യുറുഗ്വായ് 26 ഉം ബ്രസീൽ 15ഉം ഫൗളുകളാണ് മത്സരത്തിൽ ചെയ്തത്.
പത്തുപേരിലേക്ക് ചുരുങ്ങിയ യുറുഗ്വായ് പ്രതിരോധത്തിലേക്ക് വലിഞ്ഞെങ്കിലും ബ്രസീലിന് ഗോളിലേക്ക് നിറയൊഴിക്കാനായില്ല. സാവിന്യോ, പെരരേ, ലൂയിസ് അടക്കമുള്ളവരെ കോച്ച് സബ്സ്റ്റിറ്റ്യൂട്ടായി വിളിച്ചെങ്കിലും മാറ്റമുണ്ടാക്കാനായില്ല.
ഷൂട്ടൗട്ടിൽ യുറുഗ്വായ്ക്കായി ആദ്യം കിക്കെടുത്ത വാൽവെർഡെ സ്കോർ ചെയ്തപ്പോൾ ബ്രസീലിനായെത്തിയ മിലിറ്റാവോക്ക് പിഴച്ചു. തുടർച്ചയായി സ്കോർ ചെയ്ത് ഷൂട്ടൗട്ടിൽ യുറുഗ്വായ് ആത്മവിശ്വാസമുയർത്തി. ബ്രസീലിനായി മൂന്നാം കിക്കെടുക്കാനെത്തിയ ഡഗ്ലസ് ലൂയിസ് പോസ്റ്റിലടിച്ചതോടെ യുറുഗ്വായ് 3-1ന് മുന്നിൽ. തൊട്ടുപിന്നാലെ ഗ്വിമനസിെൻറ ഷോട്ട് അലിസൺ തടുത്തിട്ടെങ്കിലും നിർണായക കിക്കെടുക്കാനെത്തിയ ഉഗാർട്ടെ ലക്ഷ്യം കണ്ടതോടെ മൈതാനത്ത് ബ്രസീൽ കണ്ണീർ വീണു.