അപാര ഫോമിൽ വിക്ടർ ഒസിമെൻ: മെസിയേയും ക്രിസ്റ്റ്യാനോയേയും പിന്നിലാക്കി ഗോൾ നേട്ടം
അതിവേഗത്തിൽ 100 ഗോളുകൾ നേടിയവരുടെ കൂട്ടത്തിലാണിപ്പോള്‍ നൈജീരിയയുടെ ഈ നാപ്പോളി താരം.
നാപ്പിൽസ്: സാക്ഷാൽ ലയണൽ മെസിക്കും ക്രിസ്റ്റ്യാനോ റൊണാൾഡോക്കും സാധിക്കാതെ പോയൊരു ഗോള്‍നേട്ടം സ്വന്തമാക്കി നാപ്പോളി മുന്നേറ്റതാരം വിക്ടർ ഒസിമെൻ. അതിവേഗത്തിൽ 100 ഗോളുകൾ നേടിയവരുടെ കൂട്ടത്തിലാണിപ്പോള്‍ നൈജീരിയയുടെ ഈ നാപ്പോളി താരം. അതാവട്ടെ മെസിക്കും ക്രിസ്റ്റ്യാനോ റൊണാൾഡോക്കും സാധിക്കാതെ പോയതും.
197 മത്സരങ്ങളില്‍ നിന്നായിരുന്നു ഒസിമെന്റെ 100 ഗോള്‍ നേട്ടം. 210 മത്സരങ്ങളിൽ നിന്നാണ് മെസി 100 ഗോളുകൾ കണ്ടെത്തിയതെങ്കിൽ റൊണാൾഡോ എടുത്തത് 301 മത്സരങ്ങൾ. ദിദിയർ ദ്രോഗ്ബ(236) ഇബ്രാഹിമോവിച്ച്(245) എന്നിങ്ങനെയാണ് 100 ഗോളുകൾ നേടാൻ കളിച്ച മത്സരങ്ങൾ. അതേസമയം ഒസിമെനെക്കാൾ കുറഞ്ഞ മത്സരങ്ങളിൽ 100 ഗോളുകൾ കണ്ടെത്തിയ താരങ്ങളുമുണ്ട്. അതിൽ മുന്നിൽ ഫ്രാൻസിന്റെ യുവതാരം കിലിയൻ എംബാപ്പയും എർലിങ് ഹാലന്റുമാണ്. ലോക ഫുട്‌ബോളിൽ അപകടകാരികളായ മുന്നേറ്റക്കാരാണ് ഇരുവരും. ആ നിരയിലേക്കാണിപ്പോൾ ഒസിമെനും എത്തുന്നത്.
ഇറ്റാലിയന്‍ ലീഗില്‍(സീരി എ) നാപ്പോളിക്കായി ഈ സീസണിൽ അത്ഭുത പ്രകടനങ്ങളാണ് ഒസിമെൻ പുറത്തെടുക്കുന്നത്. 23 മത്സരങ്ങളിൽ നിന്നായി 19 ഗോളുകളാണ് ഒസിമെൻ ഇതുവരെ നേടിയത്. 2017ൽ ബുന്ദസ്‌ലീഗിൽ വോൾഫ്‌സ്ബർഗിന് വേണ്ടി കളിച്ചാണ് ഒസിമെൻ പ്രൊഫഷണൽ കരിയർ ആരംഭിക്കുന്നത്. പിന്നാലെ ലോണിൽ ബെൽജിയൻ ടീമായ ചാർലെറോയിലെത്തി. അവിടെ 25 മത്സരങ്ങളിൽ നിന്ന് 12 ഗോളുകൾ അടിച്ചുകൂട്ടി. പിന്നീട് ഫ്രഞ്ച് ക്ലബ്ബായ ലില്ലെയിലായിരുന്നു സഹസാവം. അവിടെ നിന്നാണ് ഒസെമൻ തന്റെ കഴിവുകൾ തേച്ചുമിനുക്കുന്നത്.
ഒരു വർഷമെ അവിടെയുണ്ടായിരുന്നുള്ളൂ. വേഗമേറിയ സ്‌ട്രൈക്കർ എന്ന പെരുമായും പേറി 2020ലാണ് ഇറ്റാലിയൻ ലീഗിലെത്തുന്നത്. മൂന്നു വർഷമായി ഇറ്റാലിയൻ ലീഗിലാണ് ഒസിമെൻ. അതേസമയം കിലിയൻ എംബാപ്പെ 180 മത്സരങ്ങളിൽ നിന്നാണ് 100 ഗോളുകൾ കണ്ടെത്തിയതെങ്കിൽ 142 മത്സരങ്ങളിൽ നിന്നായിരുന്നു ഹാലൻഡിന്റെ 100 ഗോൾ നേട്ടം. 24കാരനായ ഒസിമെന്റെ കാൽകരുത്തിൽ നാപ്പോളി ഇറ്റാലിയൻ ലീഗിൽ ബഹുദൂരം മുന്നിലാണ്. രണ്ടാം സ്ഥാനത്തുള്ള ഇന്റർമിലാനെക്കാൾ 18 പോയിന്റന്റെ വ്യത്യാസമുണ്ട് നാപ്പോളിക്ക്. ദേശീയ ടീമായ നൈജീരിയക്ക് വേണ്ടി 22 മത്സരങ്ങളിൽ നിന്നായി 15 ഗോളുകളും ഒസിമനെ അടിച്ചെടുത്തിട്ടുണ്ട്.
Games taken to reach 100 goals:
— Soar Super Eagles (@SSE_NGA) February 17, 2023
Osimhen - 197
Messi - 210
Drogba - 236
Ibrahimovic - 245
Ronaldo - 301
Moving like a legend ✨ pic.twitter.com/gF1ZIE2wLG