വിൻസന്റ് കൊംപനി വീണ്ടും ഇംഗ്ലണ്ടിൽ; ഇത്തവണ മാനേജർ

ഇത്തവണ തരംതാഴ്ത്തപ്പെട്ട ക്ലബ്ബിനെ പ്രീമിയർലീഗിൽ തിരിച്ചെത്തിക്കുകയാണ് മുൻ ബെൽജിയൻ താരത്തിന്റെ ചുമതല

Update: 2022-06-14 12:59 GMT
Editor : André | By : Web Desk

മുൻ മാഞ്ചസ്റ്റർ സിറ്റി താരം വിൻസന്റ് കൊംപനി വീണ്ടും ഇംഗ്ലണ്ടിൽ. മൂന്നുവർഷം മുമ്പ് സിറ്റി വിട്ട ശേഷം തന്റെ ബാല്യകാല ക്ലബ്ബായ ആന്ദർലെക്ടിൽ കളിക്കാരനും മാനേജറുമായി ചേർന്നിരുന്നു. ആന്ദർലെക്ടിനെ ബെൽജിയൻ ലീഗിൽ മൂന്നാം സ്ഥാനത്തെത്തിച്ച ശേഷമാണ് താരം ഇംഗ്ലീഷ് ക്ലബ്ബ് ബേൺലിയുടെ മാനേജരായി എത്തുന്നത്. പ്രീമിയർ ലീഗിൽ നിന്ന് രണ്ടാം ഡിവിഷനിലേക്ക് തരംതാഴ്ത്തപ്പെട്ട ബേൺലിയെ തിരിച്ചുകൊണ്ടുവരികയാണ് ദൗത്യം.

2014-15 സീസണിനു ശേഷം ആദ്യമായി ഇംഗ്ലീഷ് രണ്ടാം ഡിവിഷനായ ചാമ്പ്യൻഷിപ്പിലേക്ക് തരംതാഴ്ത്തപ്പെട്ട ബേൺലി, പത്തു വർഷത്തോളം ടീമിനെ പരിശീലിപ്പിച്ച സീൻ ഡൈക്കിനെ ഏപ്രിലിൽ പുറത്താക്കിയിരുന്നു. അദ്ദേഹത്തിനു പകരം താൽക്കാലിക മാനേജരായ മൈക്ക് ജാക്ക്‌സണും ടീമിനെ രക്ഷിക്കാൻ കഴിഞ്ഞില്ല. 17 തോൽവിയും 14 സമനിലയുമായി 35 പോയിന്റ് മാത്രം നേടിയ ബേൺലി ഇക്കഴിഞ്ഞ സീസണിൽ 18-ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

36-കാരനായ വിൻസന്റ് കൊംപനിയെ മാനേജരായി നിയമിച്ച കാര്യം ബേൺലി വെബ്‌സൈറ്റിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, എത്രകാലത്തേക്കാണ് ചുമതല എന്ന കാര്യത്തിൽ വിശദീകരണമില്ല. ചരിത്ര പ്രാധാന്യമുള്ള ക്ലബ്ബാണ് ബേൺലിയെന്നും അവിടെ ഫസ്റ്റ് ടീം മാനേജരായി നിയമിക്കപ്പെടുക ബഹുമതിയാണെന്നും കൊംപനി പറഞ്ഞു.

'കളിക്കാരുമായി ഒന്നിച്ചു പ്രവൃത്തിച്ച് വിജയമനോഭാവമുള്ള ടീമിനെ സൃഷ്ടിച്ചെടുക്കുകയാണ് ലക്ഷ്യം. ക്ലബ്ബ് ബോർഡിന്റെ ആശയവും എന്റേതും സമാനമാണ്.' - കൊംപനി പറഞ്ഞു.

ആന്ദർലെക്ടിലൂടെ കളിജീവിതം ആരംഭിച്ച കൊംപനി പിന്നീട് ഹാംബർഗർ, മാഞ്ചസ്റ്റർ സിറ്റി ടീമുകൾക്കു വേണ്ടി കളിച്ചു. സിറ്റിയുടെ സെൻട്രൽ ഡിഫൻസിൽ 11 സീസണുകളോളം നിറഞ്ഞുനിന്ന താരം പത്ത് കിരീടനേട്ടങ്ങളിലും പങ്കാളിയായി. 2018-19 സീസണിലെ 37-ാം മത്സരത്തിൽ ലെസ്റ്ററിനെതിരെ കൊംപനി നേടിയ ഗോൾ സിറ്റിയുടെ കിരീടനേട്ടത്തിൽ നിർണായകമായിരുന്നു.

ആ വർഷം സിറ്റിയുടെ പടിയിറങ്ങിയ താരം ആന്ദർലെക്ടിൽ ചേരുകയായിരുന്നു. ഒരു സീസണിൽ ബെൽജിയൻ ക്ലബ്ബിനു വേണ്ടി കളിച്ച താരം തുടർന്നുള്ള രണ്ട് സീസണുകളിൽ മാനേജരായി ടീമിനെ നയിച്ചു.

Tags:    

Writer - André

contributor

Editor - André

contributor

By - Web Desk

contributor

Similar News