'അർജന്‍റീനൻ ആരാധകരുടെ ദിനമാണിന്ന്,മെസ്സി എന്ന അവരുടെ വീരപുരുഷന്‍റെ വിജയദിനം' ഒരു ബ്രസീല്‍ ആരാധകന്‍റെ കുറിപ്പ്
2021ലെ കോപ്പ അമേരിക്ക കിരീടത്തില്‍ അർജന്‍റീനയുടെ ക്യാപ്റ്റൻ ലയണൽ മെസ്സി മുത്തമിട്ടപ്പോൾ ഒരു ബ്രസീൽ ആരാധകനായ ഞാൻ കടുത്ത മെസ്സി ഫാനായ മകൻ ഇംറാനിനൊപ്പം കൈകൾ ഉയർത്തി വിളിച്ചു... 'വാമോസ് അർജന്‍റീന'
ഈ വിജയം മെസ്സിക്ക് അവകാശപ്പെട്ടത്.. ലോകമെമ്പാടുമുളള അർജന്‍റീനിയൻ ആരാധകരേക്കാളും ഫുട്ബോളിനെ സ്നേഹിക്കുന്ന ഏതൊരു വ്യക്തിയും മെസ്സിയുടെ വിജയമായി തന്നെ ഈ വിജയം കാണുന്നു എന്നുളളതാണ് സത്യം. മെസ്സി എന്ന ലോകോത്തര ഫുട്ബോൾ താരത്തിന്‍റെ ആദ്യത്തെ അന്താരാഷ്ട്രാ വിജയം... മിശിഹാ എന്ന വാഴ്ത്ത് പാട്ടുകൾക്കപ്പുറം കാൽപന്ത് കളിയുടെ സുന്ദര നിമിഷങ്ങൾ ഈ കോപ്പയിലുടനീളം മെസ്സി കാഴ്ച്ച വെച്ചു. നാല് ഗോളുകളും,അഞ്ച് അസിസ്റ്റുകളുമായി മെസ്സി കളിയുടെ കേമനായതും അത് കൊണ്ട് തന്നെ...
ഒരു ബ്രസീൽ ആരാധകനായ ഞാൻ പോലും ഒരു വേളയിൽ മെസ്സി കപ്പിൽ മുത്തമിടണമെന്ന് ആഗ്രഹിച്ചു. തോൽവി അറിയാതെ ഫൈനലിൽ,എത്തിയ രണ്ട് ടീമുകളാണ്, ബ്രസീലും അർജന്‍റീനയും. അത് കൊണ്ട് തന്നെ മാരക്കാന സ്റ്റേഡിയത്തിലെ ഓരോ പന്തടിയും ആവേശത്തോടെയും ആകാംക്ഷയോടെയും തന്നെയാണ് ഫുട്ബോൾ ആരാധകർ വീക്ഷിച്ചത്. മെസ്സിയോടൊപ്പം വാഴ്ത്തപെടേണ്ട രണ്ട് പേരുകൂടിയുണ്ട്, അർജന്‍റീനയുടെ ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനസ്സും, ലെഫ്റ്റ് വിങ്ങ് ഫോർവേഡ് ഏഞ്ചൽ ഡി മരിയയും. ഇന്നത്തെ കളിയിൽ മാലാഖയായത് പേരിൽ തന്നെ മലാഖയുളള ഡി മരിയയാണ്...
ബ്രസീലിയൻ ഡിഫന്‍ഡർമാർ വരുത്തിയ ചെറിയൊരു പിഴവ് അവർക്ക് സമ്മാനിച്ചത് വലിയ തോൽവിയാണ്, ലോക ബ്രസീലിയൻ ആരാധകരെ കണ്ണീരിലാഴ്ത്തിയ ആ ഗോൾ... വളരെ കൃത്യമായി പന്ത് വലയിലെത്തിക്കാൻ, ഡി മരിയക്ക് കഴിഞ്ഞു.
കളിച്ചത് ബ്രസീലാണെങ്കിലും ജയിച്ചത് അർജന്‍റീനയാണ്. സാധാരണയിൽ കവിഞ്ഞും ഫൗൾ രേഖപ്പെടുത്തുന്നതിൽ അർജന്‍റീന ഒരു പിശകും വരുത്തിയില്ല. അവർ മാർക്ക് ചെയ്തത് നെയ്മറിനെ തന്നെയാണ്. പലവട്ടം ഡി പോൾ നെയ്മറിനെ വലിച്ചിടുന്നതും കണ്ടു. അർജന്‍റീനയുടെ ഗോൾ മുഖത്ത് നല്ല ആക്രമണങ്ങൾ അഴിച്ചുവിടാൻ ബ്രസീലിന് കഴിഞ്ഞുവെങ്കിലും അവരുടെ ശ്രമങ്ങൾക്ക് തടസ്സം നിന്നത് അർജന്‍റീനയുടെ ഗോളി മാർട്ടിനസ്സ് തന്നെയാണ്.
ബ്രസീൽ അടിച്ച ഒരു ഗോൾ ഓഫ്സൈഡ് ആണെന്ന്, ലൈൻ റഫറി വിളിച്ചത് പന്ത് വലയിൽ കുടുങ്ങിയ ശേഷമായിരുന്നു എന്നുളളതും ഒരു വിരോധാഭാസമായിട്ടാണ് ഞങ്ങൾ ബ്രസീൽ ആരാധകർക്ക് തോന്നിയത്. നെയ്മറെ വളഞ്ഞിട്ടാക്രമിക്കുമ്പോഴും സാംബാ നൃത്തചുവടുകളുടെ മനോഹാരിത നെയ്മറിന്‍റെ കാലുകളിൽ കാണാൻ സാധിച്ചു.
അർജന്‍റീനിയൻ ആരാധകരുടെ ദിനമാണിന്ന്... മെസ്സി എന്ന അവരുടെ വീരപുരുഷന്‍റെ ഏറെ കാലത്തെ കാത്തിരുപ്പിന് ശേഷം കിട്ടിയ വിജയം. 2021ലെ കോപ്പ അമേരിക്ക കിരീടത്തില്‍ അർജന്‍റീനയുടെ ക്യാപ്റ്റൻ ലയണൽ മെസ്സി മുത്തമിട്ടപ്പോൾ ഒരു ബ്രസീൽ ആരാധകനായ ഞാൻ കടുത്ത മെസ്സി ഫാനായ മകൻ ഇംറാനിനൊപ്പം കൈകൾ ഉയർത്തി വിളിച്ചു... 'വാമോസ് അർജന്‍റീന'