വെയിൽസിനെതിരെ ഇറാൻ വിപ്ലവം; ഖത്തറില്‍ ഏഷ്യന്‍ കുതിപ്പ് തുടരുന്നു
ലോകകപ്പിൽ ഒരു യൂറോപ്യൻ ടീമിനെതിരെ ഇറാന്റെ ആദ്യത്തെ വിജയമാണിത്
ദോഹ: വെയിൽസിനും ഇറാനും ഒരുപോലെ നിർണായകമായിരുന്നു ഇന്ന്. എന്നാൽ, ഇംഗ്ലണ്ടിനോടേറ്റ നാണംകെട്ട തോൽവിയുടെ അധിക മുറിവുമായായിരുന്നു ഇന്ന് ഇറാനെത്തിയത്. ആ വേദന തീര്‍ക്കാനുറച്ചെത്തിയ പോലെയായിരുന്നു ഇന്ന് മത്സരത്തിലുടനീളം ഇറാന്‍.
ആദ്യ മത്സരത്തിൽ കണ്ട ഇറാനേ ആയിരുന്നില്ല ഇന്ന് അഹ്മദ് ബിൻ അലി സ്‌റ്റേഡിയത്തിൽ. മത്സരം തുടങ്ങി ആദ്യ മിനിറ്റുകളിൽ തുടങ്ങിയ പോരാട്ടവീര്യം ഇഞ്ചുറി ടൈമും കഴിഞ്ഞ് അവസാന വിസിൽ മുഴങ്ങുംവരെയും മരിക്കാതെ നിർത്തി താരങ്ങള്‍. ജീവന്മരണ പോരാട്ടം പോലെ മരിച്ചുകളിച്ച ഇറാൻ പട യൂറോപ്യൻ കരുത്തരായ വെയിൽസിനെ മറുപടിയില്ലാത്ത രണ്ടു ഗോളിനാണ് തകർത്തത്. ഇഞ്ചുറി ടൈമിലായിരുന്നു ഇറാന്റെ രണ്ടു ഗോളും പിറന്നത്. ലോകകപ്പിൽ ഒരു യൂറോപ്യൻ ടീമിനെതിരെ ഇറാൻറെ ആദ്യത്തെ ജയം കൂടിയാണിത്.
ഗ്രൂപ്പ് 'ബി'യിൽ ഇറാന്റെ ജയത്തോടെ വെയിൽസിന്റെ സാധ്യതകൾ ഏറെക്കുറെ മങ്ങുകയാണ്. ആദ്യ മത്സരത്തിൽ അമേരിക്കയ്‌ക്കെതിരെ സമനിലയിൽ പിരിഞ്ഞതിനാൽ നിലവിൽ ഒരു പോയിന്റ് മാത്രമാണ് വെയിൽസിനുള്ളത്. എന്നാൽ, ഇന്ന് രാത്രി നടക്കുന്ന ഇംഗ്ലണ്ട്-യു.എസ്.എ പോരാട്ടം നിർണായകമാണ്. മത്സരത്തിൽ ഇംഗ്ലണ്ട് ജയിക്കണം. ഒപ്പം അടുത്ത മത്സരത്തിൽ ഇംഗ്ലണ്ടിനോട് വിജയവും നിർബന്ധം.
എന്നാൽ, ഇന്നത്തെ മത്സരത്തിൽ അമേരിക്ക പരാജയപ്പെട്ടാൽ ഇറാന് പ്രീക്വാർട്ടർ പ്രതീക്ഷ കൂടും. അടുത്ത മത്സരത്തിൽ അമേരിക്കയെ സമനിലയിൽ കുരുക്കിയാലും ഇറാന് അടുത്ത ഘട്ടത്തിലേക്ക് കടക്കാം.
***
മത്സരത്തിൽ 86-ാം മിനിറ്റിൽ വെയിൽസ് ഗോൾകീപ്പർ ഹെന്നിസ്സി ചുവപ്പു കാർഡ് കണ്ട് പുറത്തായിരുന്നു. പത്തുപേരായ് ചുരുങ്ങിയ വെയിൽസിന് പിന്നീട് ഇറാൻറെ പടയോട്ടത്തിനു മുന്നിൽ പകച്ചുനിൽക്കാനേ ആയുള്ളൂ.
ഇടതുവിങ്ങിൽനിന്നെത്തിയ ലോക്രോസ് വെയിൽസ് മധ്യനിരയിലെ ജോ അലന്റെ കാലും കടന്നാണ് ആദ്യ ഗോൾ പിറന്നത്. പകരക്കാരനായെത്തിയ ചെഷ്മി പന്ത് സ്വീകരിച്ച് 25 വാരയകലെനിന്ന് നേരെ ഗോൾപോസ്റ്റിലേക്ക് അളന്നുമുറിച്ചൊരു ഷൂട്ട് കൊടുത്തു. സബ്സ്റ്റിറ്റിയൂട്ട് ഗോൾകീപ്പർ ഡാനി വാർഡിന് അതിനുമുന്നിൽ ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. അതിമനോഹരമായ ഗോളിൽ വെയിൽസ് നിരയും ഗാലറിയും ഒന്നാകെ ഞെട്ടിത്തരിച്ചു. എന്നാൽ, ഇറാൻ അവിടെയും നിർത്തിയില്ല. ആദ്യ ഗോൾ പിറന്നു നിമിഷങ്ങൾക്കകം രണ്ടാം ഗോളും വന്നു. വലതുവിങ്ങിൽനിന്ന് റാമിൻ റെസായിന്റെ വകയായിരുന്നു ഇത്തവണ ഗോൾ. വാർഡിനെയും കടന്ന് പന്ത് ഗോൾപോസ്റ്റിൽ. നിർണായക മത്സരത്തിൽ ആദ്യ പകുതിയിൽ ഗോൾരഹിത സമനിലയിൽ പിരിയുകയായിരുന്നു ഇറാനും വെയിൽസും. ഖത്തർ ലോകകപ്പിലെ ആദ്യജയം ലക്ഷ്യമിട്ട് ഇറങ്ങിയ ഇരുടീമും ഇഞ്ചോടിച്ചു പോരാടിയ പോരാട്ടത്തിൽ ആർക്കും ലക്ഷ്യംകാണാനായിരുന്നില്ല.
Summary: Iran stuns Wales in World Cup 2022