'റമദാന്റെ മധ്യേ, തറാവീഹിന് ശേഷം ഞങ്ങൾ ബ്രസീലിനെ തോൽപ്പിച്ചു, ഇത് ഉന്മാദം'; മൊറോക്കോ കോച്ച് വലീദ് റെഗ്രാഗി
റമദാൻ നോമ്പ് തുറന്നതിന് പിന്നാലെ നടന്ന മത്സരം ജയിക്കാനായതിന്റെ സന്തോഷം പങ്കുവെക്കുകയാണ് മൊറോക്കൻ പരിശീലകൻ വലീദ് റെഗ്രാഗി
റബാത്ത്: സൗഹൃദ ഫുട്‌ബോൾ മത്സരത്തിൽ വമ്പന്മാരായ ബ്രസീലിനെ തോൽപിച്ചതിന്റെ സന്തോഷത്തിൽ മൊറോക്കോ. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു മൊറോക്കോയുടെ ജയം. റമദാൻ നോമ്പ് തുറന്നതിന് പിന്നാലെ നടന്ന മത്സരം ജയിക്കാനായതിന്റെ സന്തോഷം പങ്കുവെക്കുകയാണ് മൊറോക്കൻ പരിശീലകൻ വലീദ് റെഗ്രാഗി. ഖത്തർലോകകപ്പിൽ അസാമാന്യ കുതിപ്പായിരുന്നു മൊറോക്കോ നടത്തിയിരുന്നത്.
പ്രവചനക്കാരെയെല്ലാം കാറ്റിൽപറത്തിയായിരുന്നു മൊറോക്കോയുടെ സെമിപ്രവേശം. എന്നാൽ സെമിയിൽ ഫ്രാൻസിന്റെ വമ്പിനെ കീഴ്‌പ്പെടുത്താൻ മൊറോക്കോയ്ക്കായില്ല, ആ ഫോം നിലനിർത്തുകയാണ് വലീദിന് കീഴിൽ മൊറോക്ക. അഞ്ച് തവണ ലോകചാമ്പ്യന്മാരായ ബ്രസീലിനെയും വീഴ്ത്തിയതിന്റെ അത്യാഹ്ലാദത്തിലാണ് സംഘം. പരിശീലകൻ വലീദ് ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു. നോമ്പ് തുറന്നതിന് ശേഷമാണ് തന്റെ കളിക്കാർ കളത്തിലിറങ്ങിയതെന്ന് പരിശീലകൻ വ്യക്തമാക്കി.
നോമ്പ് തുറന്ന് തറാവീഹും( റമദാൻ മാസത്തിലെ പ്രത്യേക രാത്രി നമസ്‌കാരം)കഴിഞ്ഞാണ് ഞങ്ങളുടെ കളിക്കാർ ഗ്രൗണ്ടിലിറങ്ങിയതെന്നു അതിനാൽ തന്നെ വിജയത്തിന് മധുരമേറെയാണെന്നും വലീദ് കൂട്ടിച്ചേർത്തു. വലീദിന്റെ വാക്കുകള്‍ പ്രമുഖ മാധ്യമങ്ങളെല്ലാം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അതേസമയം ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു മൊറോക്കോയുടെ വിജയം. സോഫിയാനെ ബൗഫൽ, സാബിരി എന്നിവർ മൊറോക്കോയ്ക്കായി ഗോളുകൾ നേടിയപ്പോൾ നായകൻ കാസിമിറോയുടെ വകയായിരുന്നു ബ്രസീലിന്റെ ഗോൾ.
ജയിക്കാനായി പൊരുതിക്കളിച്ച മഞ്ഞപ്പടക്ക് മൊറോക്കൻ പ്രതിരോധം ഭേദിക്കാനായില്ല. തിങ്ങിനിറഞ്ഞ ജനകൂട്ടം മൊറോക്കോയുടെ ഓരോ കുതിപ്പും ആര്‍പ്പുവിളികളോടെ സ്വീകരിച്ചു. ജയത്തോടെ ഖത്തർലോകകപ്പിലെ ഉണർവ് നിലനിർത്താനും മൊറോക്കൻ ടീമിനായി. ബെൽജിയം, സ്‌പെയിൻ, പോർച്ചുഗൽ തുടങ്ങിയ വമ്പന്മാർക്കെല്ലാം മൊറോക്കോ, ഖത്തറിൽ കണ്ണീർ നൽകിയിരുന്നു.