'നിങ്ങളുടെ അനുഗ്രഹത്തോടെ നമ്മൾ മുന്നോട്ട്';സന്തോഷ് ട്രോഫി ചാമ്പ്യന്മാരായ ആദ്യ കേരളാ ടീമിനെ ഓർത്ത് കേരളാ ബ്ലാസ്‌റ്റേഴ്‌സ്

വെള്ളിയാഴ്ചയാണ് കേരളാ ബ്ലാസ്‌റ്റേഴ്‌സും ജംഷഡ്പൂർ എഫ്‌സിയും തമ്മിലുള്ള സെമിഫൈനലിന്റെ ആദ്യപാദ മത്സരം നടക്കുക

Update: 2022-03-09 14:32 GMT
Advertising

ആദ്യ ഇന്ത്യൻസൂപ്പർ ലീഗ് കിരീടം നേടാനുള്ള അവസരം ഒത്തുവന്നിരിക്കെ 'നിങ്ങളുടെ അനുഗ്രഹത്തോടെ നമ്മൾ മുന്നോട്ട്' എന്ന ആഹ്വാനവുമായി 1973 സന്തോഷ് ട്രോഫി ചാമ്പ്യന്മാരായ ആദ്യ കേരളാ ടീമിനെ ഓർത്ത് കേരളാ ബ്ലാസ്‌റ്റേഴ്‌സ്. രാജ്യത്തെ സുപ്രധാന ആഭ്യന്തര ഫുട്‌ബോൾ ടൂർണമെൻറിൽ ആദ്യമായി ജേതാക്കളായ സംസ്ഥാനത്തിന്റെ താരങ്ങളുടെ ചിത്രം ഉല്ലേഖനം ചെയ്ത ടീ ഷർട്ടിന്റെ ചിത്രം പങ്കുവെച്ച് സാമൂഹിക മാധ്യമങ്ങളിലാണ് ടീമിന്റെ പോസ്റ്റ്. ഐഎസ്എല്ലിൽ സുപ്രധാന സെമിഫൈനൽ നടക്കാനിരിക്കെ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള കേരളാ ബ്ലാസ്‌റ്റേഴ്‌സ് ആരാധകരെല്ലാം ഏറെ പ്രതീക്ഷയിലാണ്.

ടൂർണമെൻറിൽ ക്ലബിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച സീസൺ നടക്കവേയാണ് സന്തോഷ് ട്രോഫിയിൽ ചരിത്രം കുറിച്ച ടീമിനെ ബ്ലാസ്‌റ്റേഴ്‌സ് ഓർക്കുന്നത്. 2021-22 സീസണിലെ ഹോം കിറ്റ് അവതരിപ്പിച്ചപ്പോഴും സന്തോഷ് ട്രോഫി ആദ്യ ജേതാക്കളായ സംസ്ഥാന ടീമിനെ ബ്ലാസ്‌റ്റേഴ്‌സ് ഓർത്തിരുന്നു. അന്ന് അവരുടെ കിരീടനേട്ട ഓർമകൾ പറയുന്ന വീഡിയോ വഴി പങ്കുവെക്കുകയായിരുന്നു. റെയിൽവേസുമായുള്ള പോരാട്ടം രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ടീം ജയിച്ചതും ക്യാപ്റ്റൻ മണി ഹാട്രിക് നേടി മുന്നിൽ നിന്ന് നയിച്ചതും അവർ അനുസ്മരിച്ചിരുന്നു.

മുംബൈ സിറ്റി എഫ്.സി ഹൈദരാബാദ് എഫ്.സിയോട് തോറ്റതോടെയാണ്‌ കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിൽ സെമി പ്രവേശം ഉറപ്പാക്കിയത്. 2016ലാണ് ഇതിന് മുമ്പ് ബ്ലാസ്റ്റേഴ്‌സ് അവസാന നാലിലെത്തിയത്. ഹൈദരാബാദിനോട് മുംബൈ എഫ്.സി തോറ്റതാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ സെമി പ്രവേശനത്തിന് വഴിതുറന്നത്. അവസാന മത്സരത്തിൽ ഗോവക്കെതിരെ സമനിലയായെങ്കിലും 20 കളികളിൽ നിന്ന് 34 പോയിന്റുള്ള ബ്ലാസ്റ്റേഴ്സ് നാലാം സ്ഥാനത്ത് തന്നെയാണ്. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സ് പത്താം സ്ഥാനത്തായിരുന്നു.

വെള്ളിയാഴ്ചയാണ് കേരളാ ബ്ലാസ്‌റ്റേഴ്‌സും ജംഷഡ്പൂർ എഫ്‌സിയും തമ്മിലുള്ള സെമിഫൈനലിന്റെ ആദ്യപാദ മത്സരം നടക്കുക. രണ്ടാംപാദം മാർച്ച് 15നും നടക്കും. മാർച്ച് 12 നാണ് രണ്ടാം സെമിയുടെ ആദ്യപാദം നടക്കുക. ഹൈദരാബാദ് എഫ്എസിയും എടികെ മോഹൻബഗാനും തമ്മിലാണ് മത്സരം. മാർച്ച് 16ന് രണ്ടാംപാദവും നടക്കും. മാർച്ച് 20നാണ് ഫൈനൽ.

ഐ.എസ്. എൽ സെമിഫൈനലിൽ ഏത് ടീമിനേയും നേരിടാൻ തയ്യാറാണെന്ന് കേരളാ ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാൻ വുകുമാനോവിച്ച് പറഞ്ഞിരുന്നു. സെമിയിൽ ആരോട് ഏറ്റുമുട്ടേണ്ടി വന്നാലും പരമാവധി പ്രകടനം പുറത്തെടുത്ത് വിജയിക്കാൻ കഠിനാധ്വാനം ചെയ്യുമെന്ന് വുകുമാനോവിച്ച് പറഞ്ഞു. "സെമി ഫൈനലില്‍ ഏത് ടീമിനെ നേരിടാനും തയ്യാറാണ്. ഫൈനലിൽ എത്താൻ രണ്ടു ടീമുകളെ തോൽപ്പിക്കൽ അനിവാര്യമാണ്. അതിനാൽ തന്നെ കരുത്തരായ എതിരാളികളെ നേരിട്ടേ മതിയാവൂ. എതിരാളികൾ എത്ര ശക്തരാണെങ്കിലും ഞങ്ങളുടെ കരുത്തില്‍ ഞങ്ങൾക്ക് വിശ്വാസമുണ്ട്. മത്സരം വിജയിക്കാൻ കഠിനമായി പ്രയത്‌നിക്കും. ഏറ്റവും മികച്ച ഫലത്തിനായി പ്രതീക്ഷിക്കുന്നു"- വുകുമാനോവിച്ച് പറഞ്ഞു.

Full View


'We move forward with your blessings'; Kerala Blasters remember the first Kerala team who won Santosh Trophy

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News