ഇന്നലെ കളിച്ചത് ഏറ്റവും മോശം മത്സരമെന്ന് കോച്ച് ഇവാൻ വുകുമാനോവിച്ച്;കൊമ്പന്മാർക്ക് എന്ത് പറ്റി?
പഞ്ചാബിന് ആദ്യ എവേ മത്സര വിജയം, ബ്ലാസ്‌റ്റേഴ്‌സിന് സീസണിലെ ആദ്യ ഹോം മത്സര തോൽവി
'ഞങ്ങൾ മോശമായിരുന്നില്ല, വളരെ മോശമായിരുന്നു ഇന്ന്, ഞാൻ ബ്ലാസ്‌റ്റേഴ്‌സിലെത്തി രണ്ടര കൊല്ലത്തിനിടയിൽ ടീം കളിച്ച ഏറ്റവും മോശം മത്സരമാണിത്. പോയിൻറ് പട്ടികയിൽ മുന്നിൽ നിൽക്കാൻ ഞങ്ങൾക്ക് അർഹതയില്ല' കഴിഞ്ഞ ദിവസം പഞ്ചാബ് എഫ്‌സിയോട് കേരള ബ്ലാസ്‌റ്റേഴ്‌സ് തോറ്റ ശേഷം ഹെഡ് കോച്ച് ഇവാൻ വുകുമാനോവിച്ച് പറഞ്ഞ വാക്കുകളാണിത്. പോയിൻറ് പട്ടികയിൽ പത്താം സ്ഥാനക്കാരായ പഞ്ചാബിനോട് 3-1 ന് ടീം തോറ്റ ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കൊച്ചിയിലെ ഹോം ഗ്രൗണ്ടിലെ മത്സരത്തിൽ ആദ്യം ലീഡ് നേടിയത് ബ്ലാസ്‌റ്റേഴ്‌സായിരുന്നു. 39ാം മിനിട്ടിൽ മിലോസ് ഡ്രിൻസിച്ചിലൂടെ ടീം മുന്നിലെത്തി. എന്നാൽ വിൽമർ ജോർദൻ ഗില്ലിന്റെ ഇരട്ട ഗോളും ലൂക്ക മാജ്സെന്റെ ഗോളും സന്ദർശകരെ വിജയിപ്പിച്ചു. ഇന്നലെ കൂടി തോറ്റതോടെ ബ്ലാസ്്‌റ്റേസ് ഈ സീസണിൽ നാല് തോൽവികളാണ് നേരിട്ടിരിക്കുന്നത്. കഴിഞ്ഞ എവേ മത്സരത്തിൽ ഒഡീഷ എഫ്.സിയോട് 2-1 മഞ്ഞപ്പട പരാജയപ്പെട്ടിരുന്നു. എന്നാൽ 14 മത്സരങ്ങളിൽനിന്ന് 26 പോയിൻറുമായി ടീം മൂന്നാം സ്ഥാനത്ത് തന്നെയുണ്ട്. 15 മത്സരങ്ങളിൽനിന്ന് 31 പോയിൻറുമായി ഒഡിഷയാണ് ഒന്നാമത്. 12 മത്സരങ്ങളിൽനിന്ന് 28 പോയിൻറുമായി എഫ്‌സി ഗോവയാണ് രണ്ടാമത്. 12 മത്സരങ്ങളിൽ നിന്ന് 23 പോയിൻറുമായി മോഹൻ ബഗാൻ നാലാമതാണ്.
ഈ സീസണിൽ സ്വന്തം തട്ടകത്തിൽ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ തോൽവിയാണ് പഞ്ചാബിനെതിരെ നേരിടേണ്ടി വന്നത്. ഇതിന് മുമ്പ് കളിച്ച ഏഴ് മത്സരങ്ങളും ടീം വിജയിച്ചിരുന്നു. ഈ സീസണിന്റെ തുടക്കത്തിൽ മികച്ച പ്രകടനമാണ് കൊമ്പന്മാർ നടത്തിയത്. അഡ്രിയാൻ ലൂണയും സംഘവും മികച്ച വിജയങ്ങളുമായി മുന്നേറി. പത്ത് കളിയിൽ നിന്ന് ആറു വിജയവുമായി 20 പോയന്റോടെ പട്ടികയിൽ രണ്ടാംസ്ഥാനത്ത് നിൽക്കവേ ഡിസംബറിൽ ടീമിന്റെ കുന്തമുനയായ ലൂണയ്ക്ക് പരിക്കേറ്റു. പരിശീലനത്തിനിടെ കാലിനേറ്റ പരിക്ക് വില്ലനായതോടെ ഐ.എസ്.എൽ സീസണിലെ തുടർ മത്സരങ്ങൾ താരത്തിന് നഷ്ടമായി. പരിക്കിനെ തുടർന്ന് ശസ്ത്രക്രിയക്ക് വിധേയനായ താരം പഞ്ചാബിനെതിരെയുള്ള കളി കാണാനെത്തിയിരുന്നു. എന്നാൽ ഗോളടിച്ചും അടിപ്പിച്ചും കളം നിറയുന്ന ലൂണയുടെ മടക്കം ടീമിന് വലിയ തിരിച്ചടിയായെന്ന് ഒന്നു കൂടി ഓർമിപ്പിക്കുകായിരുന്നു മത്സര ഫലം.
ലൂണ പിൻവാങ്ങിയ ശേഷവും ഡയമൻറക്കോസും ക്വാമി പെപ്രയുമടക്കമുള്ളവർ ടീമിനെ ചുമലിലേറ്റിയിരുന്നു. ചരിത്രത്തിലാദ്യമായി മോഹൻ ബഗാനെ വരെ തോൽപ്പിച്ചു. ഡയമൻറക്കോസിന്റെ ഏക ഗോളിൽ ഡിസംബർ 27ന് നേടിയത് അവർക്കെതിരെയുള്ള ആദ്യ വിജയമായിരുന്നു. എന്നാൽ പരിക്കേറ്റ് പെപ്ര കൂടി പിന്മാറിയതോടെ കൊമ്പന്മാർ കുഴങ്ങി. ലൂണയുടെ പകരക്കാരനായെത്തിയ ലിത്വാനിയ ദേശീയ ടീം നായകനും സ്‌ട്രൈക്കറുമായ ഫെഡോർ സെർനിച്ചിന് മികവ് പ്രകടിപ്പിക്കാനായിട്ടില്ല.
സീനിയർ താരങ്ങളുടെ അഭാവം തോൽവിയുടെ കാരണമായി പറയാനാകില്ലെന്നാണ് കോച്ച് ഇവാൻ പറയുന്നത്. ഏതെങ്കിലും താരങ്ങളെ നഷ്ടമായാൽ മറ്റുള്ള താരങ്ങൾ മുന്നോട്ട് വരണമെന്നും അത് പ്രധാന താരമോ ദേശീയ താരമോ ആകാമെന്നും അദ്ദേഹം പറഞ്ഞു. മത്സരഫലത്തിൽ താൻ ലജ്ജിക്കുന്നുവെന്ന് പരിശീലകനെന്ന നിലയിൽ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും വ്യക്തമാക്കി. തെറ്റായ തീരുമാനങ്ങളും പിഴവുകളുമാണ് തോൽവിയിലേക്ക് നയിച്ചതെന്നും പറഞ്ഞു. ഈ രീതിയിൽ മുന്നോട്ട് പോയാൽ എല്ലാ മത്സരങ്ങളും വളരെ എളുപ്പത്തിൽ തോൽക്കുമെന്നും മുന്നറിയിപ്പ് നൽകി. സമൂഹ മാധ്യമങ്ങളിലും വൻ വിമർശനമാണ് ടീം ഏറ്റുവാങ്ങുന്നത്. പഴയ ബ്ലാസ്‌റ്റേഴ്‌സ് തിരിച്ചെത്തിയെന്നാണ് ഒരാളുടെ വിമർശനം. ലൂണയില്ലെങ്കിൽ ടീം വട്ടപ്പൂജ്യമാണെന്ന് മറ്റൊരാൾ ആരോപിച്ചു. അറ്റാക്കിംഗ് തേർഡിലാണ് പ്രശ്‌നമെന്ന് പലരും ചൂണ്ടിക്കാട്ടി.
ഐഎസ്എല്ലിനിടെ കളിച്ച സൂപ്പർ കപ്പിലും ബ്ലാസ്‌റ്റേഴ്‌സ് നിരാശയാണ് നൽകിയത്. ടൂർണമെൻറിൽ ജംഷഡ്പൂർ എഫ്.സിയോടും നോർത്ത് ഈസ്റ്റ് യുണൈറ്റഡിനോടും കീഴടങ്ങിയ ബ്ലാസ്റ്റേഴ്സ് അവസാനം കളിച്ച നാലിൽ മൂന്നിലും തോറ്റിരുന്നു. ഇന്നലെ ഒഡിഷക്കെതിരെ ദിമിത്രി ദയമന്റകോസാണ് ബ്ലാസ്‌റ്റേഴ്‌സിനെ നയിച്ചത്. ഫെഡോർ സെർനിച്ചും സസ്‌പെൻഷൻ കഴിഞ്ഞെത്തിയ കെ പി രാഹുലും ആദ്യ ഇലവനിലെത്തി. എന്നാൽ പ്രതീക്ഷക്കൊത്ത പ്രകടനം നടത്താനായില്ല. സീസണിൽ 20 ഗോൾ വഴങ്ങിയ പഞ്ചാബിനെതിരെ മൂന്ന് ഷോട്ട് മാത്രമാണ് ടാർഗറ്റിലെത്തിക്കാൻ ബ്ലാസ്‌റ്റേഴസ് മുന്നേറ്റ നിരക്കായത്. പ്രതിരോധ നിരയിലെ പിഴവുകൾ ജോർദാനടക്കമുള്ളവർക്ക് മുന്നേറാൻ വഴിയൊരുക്കുകയും ചെയ്തു. ഇതോടെ അവർ തങ്ങളുടെ ആദ്യ എവേ മത്സര വിജയം നേടി. തുടർച്ചയായ രണ്ടാം ജയവും കണ്ടെത്തി.
ഇനി വെള്ളിയാഴ്ച ചെന്നൈയിനെതിരെയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം. ഫെബ്രുവരി 25ന് ഗോവയെയും മാർച്ച് രണ്ടിന് ബെംഗളൂരുവിനെയും നേരിടും. പിന്നീട് മോഹൻ ബഗാൻ, ജംഷഡ്പൂർ, ഈസ്റ്റ് ബംഗാൾ, നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, ഹൈദരാബാദ് എഫ്‌സി എന്നീ ടീമുകളും മഞ്ഞപ്പടയെ കാത്തിരിക്കുന്നു. അതിനാൽ മികച്ച പ്രകടനം നടത്താതെ അടുത്ത ഘട്ടത്തിലേക്ക് ടീമിന് കടക്കാനാകില്ലെന്നത് തീർച്ചയാണ്.