മെസി കൂടുമാറാന്‍ സാധ്യതയുള്ള ടീമുകൾ ഏതൊക്കെ?

ബാഴ്സയുമായുള്ള കരാർ അവസാനിച്ച മെസ്സി നിലവിൽ ഫ്രീ ഏജന്റ് ആണ്. അതിനാൽ തന്നെ താരത്തിന്റെ ശമ്പളം നൽകാൻ തയ്യാറുള്ള ഏത് ക്ലബ്ബിലേക്കും താരത്തിന് മാറാൻ സാധിക്കും

Update: 2021-08-06 06:25 GMT
Editor : ubaid | By : Web Desk
Advertising

അർജന്‍റീനയുടെ സൂപ്പർ താരം ലയണൽ മെസി സ്​പാനിഷ്​ ക്ലബ്​ ബാഴ്​സലോണ വിട്ടതോടെ ഇനി എവിടേക്കാവും മെസി കൂടുമാറ്റം നടത്തുകയെന്ന ചർച്ചകളാണ്​ സജീവമാകുന്നത്​. ജൂൺ മാസാവസാനത്തോടെ എഫ് സി ബാഴ്സലോണയുമായുള്ള കരാർ അവസാനിച്ച ലയണൽ മെസി, ക്ലബ്ബുമായി പുതിയ കരാറിൽ ഒപ്പുവെക്കില്ലെന്ന കാര്യം ബാഴ്‍സലോണ  ഔദ്യോഗിക പ്രസ്താവനയിലൂടെ കഴിഞ്ഞ ദിവസമാണ് പുറത്ത് വിട്ടത്. ബാഴ്സ ജേഴ്സിയില്‍ മെസി ഇനി ഉണ്ടാവില്ലെന്ന വസ്തുത ആരാധകർക്ക് സമ്മാനിക്കുന്ന നിരാശ ചെറുതല്ല.

ബാഴ്സലോണയുമായുള്ള കരാർ അവസാനിച്ച് ജൂലൈ മുതൽ ഫ്രീ ഏജന്റായ മെസി, ക്ലബ്ബുമായി അഞ്ച് വർഷത്തെ പുതിയ കരാറിൽ ഒപ്പുവെക്കാൻ ധാരണയിലെത്തിയെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു‌. ഒരു മാസത്തിന്​ മുമ്പ്​ വരെ 10 ദിവസത്തിനകം മെസിയുമായി കരാറുണ്ടാക്കുമെന്നായിരുന്നു അദ്ദേഹം​ അവകാശപ്പെട്ടത്​. എന്നാൽ, കഴിഞ്ഞ ദിവസം മെസി ഇനി ക്ലബിലുണ്ടാവില്ലെന്ന്​ നാടകീയമായി ബാഴ്​സലോണ പ്രഖ്യാപിക്കുകയായിരുന്നു.

ബാഴ്സയുമായുള്ള കരാർ അവസാനിച്ച മെസ്സി നിലവിൽ ഫ്രീ ഏജന്റ് ആണ്. അതിനാൽ തന്നെ താരത്തിന്റെ ശമ്പളം നൽകാൻ തയ്യാറുള്ള ഏത് ക്ലബ്ബിലേക്കും താരത്തിന് മാറാൻ സാധിക്കും. മെസി ചേക്കേറാൻ സാധ്യതയുള്ള ക്ലബ്ബുകൾ ഏതൊക്കെയാണെന്നാണ് ഫുട്ബോള്‍ ആരാധകര്‍ ആകാംക്ഷയോടെ നോക്കുന്നത്. 



പി.എസ്.ജി

ബാഴ്സലോണ വിടുന്ന ലയണൽ മെസിയെ താങ്ങാന്‍ കഴിയുന്ന ക്ലബ്ബുകളിൽ മുൻ പന്തിയിലുള്ളത് പണം മുടക്കാൻ യാതൊരു മടിയും കാണിക്കാത്ത പാരീസ് സെന്റ് ജെർമ്മനാണ്. മെസിയെ സ്വന്തമാക്കാനുള്ള താല്പര്യം പലപ്പോഴും പരസ്യമാക്കിയിട്ടുള്ള അവർ, പുതിയ സാഹചര്യത്തിൽ വീ‌ണ്ടും രംഗത്തെത്തും. അതിസമ്പന്നരായ പി.എസ്.ജിക്ക് മെസ്സി ആവശ്യപ്പെടുന്ന വേതനം നൽകാൻ ആകും. ഒപ്പം മെസി ആവശ്യപ്പെടുന്ന ഒരു ശക്തമായ ടീമിനെ ഒരുക്കാനും പി.എസ്.ജിക്ക് ആകും. നെയ്മറും, മെസിയും വീണ്ടും ഒരുമിച്ച് പന്തു തട്ടുന്നത് കാണാൻ ആരാധകർ കാത്തിരിക്കുകയാണ്.



മാഞ്ചസ്റ്റര്‍ സിറ്റി

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ മെസിയെ സ്വന്തമാക്കാൻ രംഗത്തുണ്ടായിരുന്ന ക്ലബ്ബാണ് മാഞ്ചസ്റ്റർ സിറ്റി. എന്നാൽ മെസി ബാഴ്‍സലോണയില്‍ തുടരാൻ തീരുമാനിച്ചതോടെ ക്ലബ് ശ്രമങ്ങള്‍ അവസാനിക്കുകയായിരുന്നു. എന്നാൽ മെസി ഇക്കുറി ഫ്രീ ഏജന്റാവുകയും, ബാഴ്സലോണയിൽ തുടരില്ലെന്ന് ഉറപ്പാവുകയും ചെയ്തിരിക്കുന്ന സാഹചര്യത്തിൽ അദ്ദേഹത്തിനായി വീണ്ടും സിറ്റി ശ്രമങ്ങൾ നടത്തുമെന്ന കാര്യം ഉറപ്പ്. പെപ് ഗ്വാർഡിയോള പരിശീലകനായുള്ളത് മെസി മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ചേക്കേറാനുള്ള സാധ്യതകൾ വർധിപ്പിക്കുന്നുമുണ്ട്.‌ എന്നാൽ സിറ്റി ഗ്രീലിസിഷിനെ വലിയ തുകക്കാണ് സ്വന്തമാക്കിയത്. യൂറോ കപ്പിൽ മിന്നും പ്രകടനം പുറത്തെടുത്ത ഹാരി കെയ്​നിനേയും മാഞ്ചസ്റ്റർ സിറ്റി നോട്ടമിട്ടിട്ടുണ്ട്​. ഇനി മെസ്സിയെ കൂടെ സ്വന്തമാക്കാൻ ക്ലബ് തയ്യാറാകുമോ എന്നതാണ് ചോദ്യം.  



ചെല്‍സി

മെസിയുടെ ഉയർന്ന പ്രതിഫലം താങ്ങാൻ കെൽപ്പുള്ള മറ്റൊരു ക്ലബ് ചെല്‍സിയാണ്. ഈ സീസണിൽ ഇതുവരെ വലിയ സൈനിംഗ് ഒന്നും നടത്താത്ത ചെൽസി മെസ്സിക്ക് വേണ്ടി എതു വേതനവും നൽകാൻ തയ്യാറാകും. സമീപകാലത്ത്‌ ട്രാൻസ്ഫർ മാർക്കറ്റുകളിൽ പണം വാരിയെറിയുന്നതിൽ യാതൊരു മടിയും കാണിച്ചിട്ടില്ലാത്ത ചെൽസി, മെസിക്കായി ഒരു ശ്രമം നടത്താനുള്ള സാധ്യതകൾ വളരെ കൂടുതലാണ്.‌

Tags:    

Writer - ubaid

contributor

Editor - ubaid

contributor

By - Web Desk

contributor

Similar News