ഏഴാം നമ്പർ കിട്ടില്ല; ക്രിസ്റ്റ്യാനോ ഏതു ജഴ്‌സിയണിയും?

കളി മാത്രമല്ല, സിആർ7 എന്ന പേരിൽ ഒരു കച്ചവടവും പൊടി പൊടിക്കുന്നുണ്ട് ക്രിസ്റ്റ്യാനോയുടേതായി

Update: 2021-08-28 07:59 GMT
Editor : abs | By : Web Desk
Advertising

സിആർ7- ക്രിസ്റ്റ്യാനോ റൊണോൾഡോ എന്ന സൂപ്പർ താരത്തിന്റെ പകരം വയ്ക്കാനില്ലാത്ത മേൽവിലാസം. ജോർജ് ബെസ്റ്റ്, ഡേവിഡ് ബെക്കാം അടക്കമുള്ള ഇതിഹാസ താരങ്ങൾ അണിഞ്ഞതാണെങ്കിലും ഏഴ് എന്ന നമ്പർ തന്റെ പേരിനൊപ്പം അനശ്വരനാക്കിയ കാൽപ്പന്തു മാന്ത്രികൻ ക്രിസ്റ്റ്യാനോ മാത്രമാണ്. ഏഴാം നമ്പർ റോണോയുടെ ജഴ്‌സിയിലെ അക്കം മാത്രമല്ല. ലോകത്ത് ഏറ്റവും കൂടുതൽ പണം വാരുന്ന ഒരു ബ്രാൻഡ് കൂടിയാണത്. കളത്തിലും വിപണിയിലും ഒരുപോലെ പകർന്നാടുന്ന ഒരക്കം.

ഒരു വ്യാഴവട്ടത്തിന് ശേഷം തന്റെ മുൻ തട്ടകമായ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ക്രിസ്റ്റ്യാനോ തിരിച്ചെത്തുമ്പോൾ ആ ഏഴാം നമ്പർ താരത്തിന് കിട്ടുമോ? ആരാധകരുടെ ചോദ്യത്തിന് പക്ഷേ, നെഞ്ചിടിപ്പേറ്റുന്ന ഒരുത്തരമാണുള്ളത്. പ്രീമിയർ ലീഗിലെ നിലവിലെ നിയമപ്രകാരം ആ ജഴ്‌സി പോർച്ചുഗീസ് ഇതിഹാസത്തിന് കിട്ടില്ല. കളിക്കാരുടെ ഐഡന്റിഫിക്കേഷനെ കുറിച്ച് പ്രതിപാദിക്കുന്ന പ്രീമിയർ ലീഗ് ചട്ടത്തിലെ വകുപ്പ് എം ഇതേക്കുറിച്ച് പറയുന്നതിങ്ങനെ;

'സീസൺ ആരംഭിക്കും മുമ്പ് എല്ലാ ക്ലബ്ബുകളും ഫസ്റ്റ് സ്‌ക്വാഡ് താരങ്ങൾക്ക് വ്യത്യസ്ത ജഴ്‌സി നമ്പർ അനുവദിക്കണം. സീസണിന് ഇടയിൽ വരുന്ന താരങ്ങൾക്കും ഇത്തരത്തിൽ ജഴ്‌സി നമ്പർ നൽകണം. സീസണിൽ മുഴുവൻ, അനുവദിച്ച ജഴ്‌സി നമ്പറിൽ മാത്രമേ കളിക്കാരൻ കളത്തിലിറങ്ങാവൂ.'

ഇനി എന്തു ചെയ്യും?

നിലവിൽ യുറഗ്വായ് താരം എഡിസൺ കവാനിയാണ് യുണൈറ്റഡിന്റെ ഏഴാം നമ്പർ ജഴ്‌സി അണിയുന്നത്. ക്രിസ്റ്റ്യാനോ വീണ്ടും തന്റെ ഇഷ്ട ജഴ്‌സി ധരിക്കണമെങ്കില്‍ കവാനിയെ ക്ലബ് വിൽക്കേണ്ടി വരും. അല്ലെങ്കിൽ പ്രീമിയർ ലീഗ് അധികൃതരിൽ നിന്ന് നിയമത്തിൽ പ്രത്യേക ഇളവു വാങ്ങേണ്ടി വരും. എന്നാൽ ഇത്തരമൊരാവശ്യം ഇതുവരെ ലീഗ് ബോർഡിന് മുമ്പിൽ വന്നിട്ടില്ല. റോണോ വന്നെങ്കിലും മിന്നും ഫോമിലുള്ള കവാനിയെ വിൽക്കില്ലെന്ന് യുണൈറ്റഡ് വ്യക്തമാക്കിയിട്ടുണ്ട്. 


അതേസമയം, ജഴ്‌സി നിയമം പ്രീമിയർ ലീഗിന്റേത് മാത്രമാണ്. യൂറോപ്യൻ ലീഗുകളിൽ ഇതു ബാധകമല്ല. അഥവാ, പ്രീമിയർ ലീഗിൽ അണിയാനാകില്ലെങ്കിലും ചാമ്പ്യൻസ് ലീഗിൽ വേണമെങ്കിൽ ക്രിസ്റ്റ്യാനോക്ക് ഏഴാം നമ്പർ ഉപയോഗിക്കാം. 2017-18 സീസണിൽ ആഴ്‌സണലിന്റെ ഹെന്റിക് മിഖതറിയാൻ ഇത്തരത്തിൽ വ്യത്യസ്ത ജഴ്‌സി നമ്പർ ഉപയോഗിച്ചിട്ടുണ്ട്. ആഭ്യന്തര ലീഗിൽ ഏഴാം നമ്പറും യൂറോപ്പ ലീഗിൽ 77-ാം നമ്പറും.

ഏഴാം നമ്പറുകാരൻ മാത്രമല്ല

ഏഴാം നമ്പറിൽ മാത്രമല്ല ക്രിസ്റ്റ്യാനോ കളത്തിലിറങ്ങിയിട്ടുള്ളത്. 2002-03ലെ ആദ്യ സീസണിൽ സ്‌പോട്ടിങ് ക്ലബിനു വേണ്ടി 28-ാം നമ്പർ ജഴ്‌സിയാണ് താരം ധരിച്ചിരുന്നത്. എന്നാൽ 2003-04 സീസണിൽ ഏഴാം നമ്പർ ലഭിച്ച ശേഷം യുണൈറ്റഡിൽ മറ്റൊരു ജഴ്‌സി ക്രിസ്റ്റ്യാനോ ധരിച്ചിട്ടില്ല. പ്രീമിയർ ലീഗിൽ നിന്ന് റയൽ മാഡ്രിഡിൽ എത്തിയ ആദ്യ വർഷം ഒമ്പതാം നമ്പർ ജഴ്‌സിയാണ് താരം ധരിച്ചിരുന്നത്. റൗൾ ഗോൺസാലസായിരുന്നു ഏഴാം നമ്പർ താരം. ഏഴില്ലെങ്കിൽ ഇനിയേത് എന്നതാണ് ചോദ്യം. നിലവിൽ യുണൈറ്റഡിൽ 12, 15, 24, 30, 31, 33, 35 നമ്പറുകൾ മാത്രമാണ് ഒഴിവുള്ളത്. നിയമപ്രകാരം ഇതിൽ ഏതെങ്കിലുമൊന്ന് താരത്തിന് സ്വീകരിക്കേണ്ടി വരും. 


സിആർ7 എന്ന ബ്രാൻഡ്

കളി മാത്രമല്ല, സിആർ7 എന്ന പേരിൽ ഒരു കച്ചവടവും പൊടി പൊടിക്കുന്നുണ്ട് ക്രിസ്റ്റ്യാനോയുടേതായി. ആൺ വസ്ത്രങ്ങളും പെർഫ്യൂമുകളുമാണ് പ്രധാന വിൽപ്പന. അന്താരാഷ്ട്ര കായിക ബ്രാൻഡായ നൈക്കി, റൊണോൾഡോയുടെ പേരിൽ സിആർ സെവൻ എന്ന പേരിൽ പ്രത്യേക ബൂട്ട് സീരീസും പുറത്തിറക്കിയിട്ടുണ്ട്. ഈ ഭൂമുഖത്തെ ഏറ്റവും വലിയ ഇൻഫ്‌ളുവൻസേഴ്‌സിൽ ഒരാളായ റോണോയുമായി ആജീവനാന്ത കരാറാണ് നൈക്കിക്കുള്ളത്. 


അലക്‌സ് ഫെർഗൂസൺ നൽകിയ നമ്പർ

2003-04 സീസണിൽ യുണൈറ്റഡിലെത്തിയ വേളയിൽ 28-ാം നമ്പർ ജഴ്‌സിയാണ് ക്രിസ്റ്റ്യാനോ ആഗ്രഹിച്ചിരുന്നത്. എന്നാൽ ഏഴാം നമ്പർ കുപ്പായം അണിയാൻ താരത്തോട് ആവശ്യപ്പെട്ടത് കോച്ച് സർ അലക്‌സ് ഫെർഗൂസൺ. ഫെർഗൂസന്റെ കണക്കുകൂട്ടലുകൾ പിഴച്ചില്ല. ബെക്കാമിനും ബെസ്റ്റിനും കന്റോണയ്ക്കും മുകളിൽ റോണോ ഏഴാം നമ്പറിന്റെ ഏകാവതാരമായി മാറി.

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News