ആരൊക്കെയെത്തും ഫൈനലിൽ ? സെമിഫൈനൽ ലൈനപ്പായി
തുടരെ രണ്ടാം തവണയാണ് ഫ്രാൻസ് ലോകകപ്പ് സെമിക്കെത്തുന്നത്
ദോഹ: ഖത്തർ ലോകകപ്പിന്റെ സെമിഫൈനൽ ലൈനപ്പായി. അർജന്റീന ക്രൊയേഷ്യയെയും ഫ്രാൻസ് മൊറോക്കോയെയുമാണ് നേരിടുക. ഡിസംബർ 13 ചൊവ്വാഴ്ച രാത്രി 12.30 ന് അർജന്റീന-ക്രൊയേഷ്യ മത്സരവും ഡിസംബർ 14 ബുധൻ രാത്രി 12.30 ന് ഫ്രാൻസ്- മൊറോക്കോ മത്സരവും നടക്കും.
നിലവിലെ ലോകചാമ്പ്യന്മാരും റണ്ണറപ്പുകളും അവസാന നാലിലുണ്ട്. നെതർലൻഡ്‌സിനെ ഷൂട്ടൗട്ടിൽ തകർത്താണ് അർജന്റീനയുടെ വരവ്. ഓരോ മത്സരം കഴിയുമ്പോഴും കൂടുതൽ ശക്തരാകുന്നു ആൽബിസെലസ്റ്റകൾ. മറുവശത്ത് തുടരെ രണ്ട് ഷൂട്ടൗട്ടുകൾ കടന്ന് ക്രൊയേഷ്യയും എത്തുന്നു. പ്രീക്വാർട്ടറിൽ ജപ്പാനും ക്വാർട്ടറിൽ ബ്രസീലും ക്രൊയേഷ്യക്കുമുന്നിൽ വീണു. രണ്ടാം സെമി ബുധനാഴ്ചയാണ്. അൽബെയ്ത് സ്റ്റേഡിയത്തിൽ രാത്രി പന്ത്രണ്ടരയ്ക്കാണ് കിക്കോഫ്.
തുടരെ രണ്ടാം തവണയാണ് ഫ്രാൻസ് ലോകകപ്പ് സെമിക്കെത്തുന്നത്. കരുത്തരായ ഇംഗ്ലണ്ടിനെ 2-1ന് വീഴ്ത്തിയാണ് ഫ്രഞ്ച് പടയുടെ വരവ്. മറുവശത്ത് ലോകകപ്പ് സെമിയിലെത്തുന്ന ആദ്യ ആഫ്രിക്കൻ രാജ്യമെന്ന ചരിത്രം കുറിച്ചെത്തുന്ന മൊറോക്കൊയാണ്. ഗ്രൂപ്പ് ഘട്ടത്തിൽ ബെൽജിയത്തെയും പ്രീക്വാർട്ടറിൽ സ്‌പെയ്‌നെയും ക്വാർട്ടറിൽ പോർച്ചുഗലിനെയും വീഴ്ത്തി വരുന്നവർ. ഫ്രാൻസിനും അർജന്റീനയക്കും രണ്ട് ലോകകിരീടമുണ്ട്. ക്രൊയേഷ്യക്ക് അഭിമാനിക്കാൻ 2018ലെ ഫൈനലും. മൊറോക്കോയാകട്ടെ ചരിത്രത്തിലെ ഏറ്റവും മികച്ച നേട്ടത്തിൽ എത്തി നിൽക്കുന്നു.