കാനഡയുടെ ലോകകപ്പ് യോഗ്യത അർജന്റീനാ ഫാൻസിന് പ്രതീക്ഷ പകരുന്നുവോ? കാരണമുണ്ട്‌

അന്ധവിശ്വാസങ്ങൾക്ക് പഞ്ഞമില്ലാത്ത ഫുട്‌ബോളിൽ ഈ 'നിമിത്തം' അർജന്റീനാ ഫാൻസിന്റെ ആത്മവിശ്വാസത്തിന് കാരണമാകുമെങ്കിൽ അതിനെ തെറ്റു പറയാനാവില്ല.

Update: 2022-03-28 15:37 GMT
Editor : André | By : André
Advertising
ഇന്ന് പുലർച്ചെയാണ് 36 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് വടക്കേ അമേരിക്കൻ രാജ്യമായ കാനഡ ഫുട്‌ബോൾ ലോകകപ്പിന് യോഗ്യത നേടിയത്. ജമൈക്കയെ എതിരില്ലാത്ത നാലു ഗോളിന് കീഴടക്കിയ അവർ കരുത്തരായ അമേരിക്കക്കും മെസ്‌കിക്കോക്കും മുകളിലായാണ് മേഖലയിൽ നിന്ന് ഖത്തറിലേക്ക് ടിക്കറ്റെടുക്കുന്ന ആദ്യ ടീമായത്. അർഹമായ രീതിയിൽ തന്നെ ഈ വിജയം ആ രാജ്യം ആഘോഷമാക്കുകയും ചെയ്തു.

എന്നാൽ, കാനഡയുടെ വിജയത്തോടൊപ്പം സോഷ്യൽ മീഡിയയിൽ അർജന്റീനാ ഫാൻസിന്റെ പോസ്റ്റുകളും തരംഗമാവുകയാണ്. ഖത്തറിൽ ലയണൽ മെസിക്കും സംഘത്തിനും കപ്പടിക്കാൻ കാനഡയുടെ വരവ് ഒരു നിമിത്തമാവുമെന്നാണ് പകുതി തമാശയായും എന്നാൽ പ്രതീക്ഷയോടെയും അവർ പറയുന്നത്. അതിന് കാരണവുമുണ്ട്. കാനഡ ഇതിനു മുമ്പ് ലോകകപ്പ് കളിച്ചത് 1986-ലാണ്; അർജന്റീനക്കാർ അവസാനമായി ലോകകപ്പിൽ മുത്തമിട്ടതും ആ വർഷം തന്നെ. കാനഡയുടെ വരവ് ഏതെങ്കിലും തരത്തിൽ അർജന്റീനയുടെ കിരീടധാരണത്തിന് കാരണമാകുമെന്ന് വിശ്വസിക്കാൻ കാരണമൊന്നുമില്ലെങ്കിലും അന്ധവിശ്വാസങ്ങൾക്ക് പഞ്ഞമില്ലാത്ത ഫുട്‌ബോളിൽ ഈ 'നിമിത്തം' അർജന്റീനാ ഫാൻസ് ആത്മവിശ്വാസത്തിന് കാരണമായി എടുക്കുന്നുണ്ടെങ്കിൽ അതിനെ തെറ്റു പറയാനാവില്ല.

യോഗ്യതാ റൗണ്ടിൽ ഒരു മത്സരം കൂടി ബാക്കിനിൽക്കെയാണ് കാനഡ മിന്നും ജയത്തോടെ യോഗ്യത സ്വന്തമാക്കിയത്. യോഗ്യതാ റൗണ്ടിലെ 11 മത്സരങ്ങളിൽ അപരാജിതരായി നിന്ന അവർ കഴിഞ്ഞ വെള്ളിയാഴ്ച കോസ്റ്റ റിക്കയോട് തോറ്റിരുന്നെങ്കിലും ആ തിരിച്ചടിയെ അപ്രസക്തമാക്കുന്ന വിജയമാണ് ടൊറന്റോയിൽ സ്വന്തം കാണികൾക്കു മുന്നിൽ അവർ നേടിയത്. 13-ാം മിനുട്ടിൽ സീൻ ലാറിൻ, 44-ാം മിനുട്ടിൽ ടാജൻ ബുക്കാനൻ, 82-ാം മിനുട്ടിൽ ഡേവിഡ് ഹോയ്‌ലറ്റ് എന്നിവർ ഗോളടിച്ചപ്പോൾ ജമൈക്കൻ താരം ആഡ്രിയൻ മാരിയപ്പയുടെ ഓൺഗോളാണ് പട്ടിക തികച്ചത്.

പ്രതീക്ഷയ്ക്ക് ഇങ്ങനെയും കാരണങ്ങൾ

കാനഡയുടെ ലോകകപ്പ് പ്രവേശം ഫുട്‌ബോൾ ലോകത്ത് ചർച്ചയായതിനു പിന്നാലെ ട്വിറ്ററിൽ നിരവധി ട്വീറ്റുകളാണ് അർജന്റീനാ ഫാൻസിന്റേതായി പ്രത്യക്ഷപ്പെട്ടത്. എല്ലാത്തിലെയും ഉള്ളടക്കം ഒന്നുതന്നെ. പ്രമുഖ സ്‌പോർട്‌സ് മാധ്യമമായ ഇ.എസ്.പി.എൻ മറഡോണ കപ്പുയർത്തി നിൽക്കുന്ന ഫോട്ടോയടക്കമാണ് ഈ 'വിവരം' പങ്കുവെച്ചത്.

അർജന്റീനയിലെ ഫുട്‌ബോൾ മാധ്യമമായ ബൊളാവിപ്പും ഇക്കാര്യം എടുത്തു പറഞ്ഞു.

1986-ലെ ചരിത്രം ആവർത്തിക്കുമെന്ന പ്രതീക്ഷ നിരവധി അർജന്റീനാ ആരാധകർ പങ്കുവെച്ചു.

ഒമർ എന്ന ഒരു ആരാധകനാകട്ടെ, ഒരു പടികൂടി കടന്ന് മറഡോണയുടെയും മെസിയുടെയും ലോകകപ്പ് പ്രകടനങ്ങൾ താരതമ്യം ചെയ്താണ് പ്രതീക്ഷ അരക്കിട്ടുറപ്പിക്കുന്നത്. നാല് ലോകകപ്പിൽ അർജന്റീനക്കായി ബൂട്ടുകെട്ടിയ മറഡോണയുടെ കരിയറിൽ ഒരു ലോകകപ്പ് നേട്ടവും (1986) ഒരു രണ്ടാം സ്ഥാനവും (1990) ഒരു ക്വാർട്ടറും (1982) ഒരു പ്രീക്വാർട്ടറും (1994) ആണുണ്ടായിരുന്നത്. ഇതിൽ മൂന്നെണ്ണവും (2014-ൽ രണ്ടാം സ്ഥാനം, 2010-ലും 2006-ലും ക്വാർട്ടർ, 2018-ൽ പ്രീക്വാർട്ടർ) മെസിയുടെ കരിയറിലും ഇതിനകം സംഭവിച്ചു കഴിഞ്ഞു. കാനഡ കൂടി യോഗ്യത നേടിയ സാഹചര്യത്തിൽ ഇത്തവണ അർജന്റീന കപ്പടിക്കുമോ എന്ന് ഒമർ ചോദിക്കുന്നു.

വടക്കേ അമേരിക്കൻ യോഗ്യതാ റൗണ്ടിൽ ഒന്നാം സ്ഥാനക്കാരായാണ് കാനഡയുടെ ലോകകപ്പ് പ്രവേശമെങ്കിൽ ദക്ഷിണ അമേരിക്കയിൽ നിന്ന് ബ്രസീലിനു പിന്നിലായി രണ്ടാം സ്ഥാനക്കാരായാണ് അർജന്റീന ടിക്കറ്റെടുത്തത്. സൂപ്പർ താരം ലയണൽ മെസിയുടെ അവസാന ലോകകപ്പായേക്കാവുന്ന ഇത്തവണ അൽബിസെലസ്റ്റെ കപ്പുയർത്തണമെന്നാണ് ആരാധകർ ആഗ്രഹിക്കുന്നത്.

Summary: Will 1986 repeat for Argentina and Lionel Messi? Fans are eager after Canada qualifies for Qatar 2022, topping the North American qualifying round

Tags:    

Writer - André

contributor

Editor - André

contributor

By - André

contributor

Similar News