ലോകകപ്പ് കഴിഞ്ഞാൽ മെസി വിരമിക്കുമോ ? സ്‌കലോണി പറയുന്നത് ഇങ്ങനെ
ഇത്തവണ ഖത്തറിൽ ലോക കിരീടത്തിൽ കുറഞ്ഞതൊന്നും അർജന്റീന സ്വപ്നം കാണുന്നില്ല
ദോഹ: ഇത്തവണ ഖത്തറിൽ ലോക കിരീടത്തിൽ കുറഞ്ഞതൊന്നും അർജന്റീന സ്വപ്നം കാണുന്നില്ല. ഫുട്‌ബോൾ ഇതിഹാസം മെസിക്ക് വേണ്ടി അവർക്ക് ഈ ലോകകപ്പ് ജയിക്കണം. കിരീടം നേടിയാലും ഇല്ലെങ്കിലും ഇത് തന്റെ അവസാനത്തെ ലോകകപ്പ് ആയേക്കുമെന്ന് മെസി നേരത്തെ തന്നെ സൂചന നൽകിയിരുന്നു.
ഖത്തറിൽ ലോകകപ്പിന്റെ സെമിഫൈനലിൽ ക്രൊയേഷ്യക്കെതിരെ അർജന്റീന ഇറങ്ങുമ്പോൾ ഉയർന്നുകേൾക്കുന്നത് മറ്റൊരു ചോദ്യം കൂടിയാണ്. ഖത്തർ ലോകകപ്പിന് പിന്നാലെ മെസി അന്താരാഷ്ട്ര കുപ്പായം അഴിച്ചുവെക്കുമോ ?. ഈ വിഷയത്തിൽ പ്രതികരിക്കുകയാണ് അർജന്റീനയുടെ പരിശീലകൻ ലയണൽ സ്‌കലോണി.
'ലോകകപ്പിന് ശേഷവും അദ്ദേഹം അന്താരാഷ്ട്ര ഫുട്ബോളിൽ തുടരുമെന്നാണ് ഞങ്ങളും പ്രതീക്ഷിക്കുന്നത്. അദ്ദേഹം തുടരുമോ എന്നു നമുക്ക് നോക്കാം. എന്തായാലും ഞങ്ങൾ അദ്ദേഹത്തിന്റെ കളി ആസ്വദിക്കുന്നത് തുടരും. ഞങ്ങളെ സംബന്ധിച്ചും ഫുട്‌ബോൾ ലോകത്തിനും അതാണ് വളരെ പ്രധാനപ്പെട്ട കാര്യം'- സ്‌കലോണി വ്യക്തമാക്കി.
അതേസമയം, ഇന്ന് നടക്കുന്ന സെമിഫൈനലിൽ ജയിച്ച് തുടർച്ചയായ രണ്ടാം ലോകകപ്പ് ഫൈനൽ പ്രവേശമാണ് ക്രൊയേഷ്യയുടെ ലക്ഷ്യം. കരിയറിലെ മികച്ച ഫോമിൽ കളിക്കുന്ന ലയണൽ മെസി തന്നെയാണ് അർജന്റീനയുടെ ഇന്ധനം. നെതർലാൻറിസിനെ എക്‌സ്ട്രാ ടൈമിൽ ഇറങ്ങിയ ഡി മരിയ ഇന്ന് ആദ്യ ഇലവനിൽ ഇടം പിടിച്ചേക്കുമെന്നാണ് സൂചന.