കരുത്തു കാട്ടാന്‍ ഏഷ്യന്‍ രാജാക്കന്മാര്‍; യുവനിരയുമായി ഇക്വഡോര്‍

സമീപ കാലത്ത് ഖത്തര്‍ മികച്ച ഫോമിലാണ് പന്തു തട്ടുന്നത്, ലോകകപ്പിന് മുന്നോടിയായി അവസാനമായി കളിച്ച നാല് സന്നാഹ മത്സരങ്ങളിലും തകര്‍പ്പന്‍ വിജയങ്ങളാണ് ടീം നേടിയത്

Update: 2022-11-20 15:01 GMT
Advertising

ദോഹ: കാൽപ്പന്തു കളിയുടെ വിശ്വമേളക്ക് പന്തുരുളാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. ആരാധകരുടെ മുഴുവൻ കാത്തിരിപ്പുകൾക്കും വിരാമം കുറിച്ച് ഇന്ന് ഖത്തറിലെ അൽ ബയ്ത് സ്റ്റേഡിയത്തിൽ ലോകകപ്പിന്റെ ആദ്യ വിസിൽ മുഴങ്ങും. ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ഖത്തറും ലാറ്റിനമേരിക്കന്‍ ശക്തികളായ  ഇക്വഡോറുമാണ് ഏറ്റുമുട്ടുക.

കണക്കിൽ ഖത്തറും ഇക്വഡോറും ഏതാണ്ട് തുല്യ ശക്തികളാണ്. ഫിഫ റാങ്കിംഗിൽ ഇക്വഡോർ 44-ാം സ്ഥാനത്താണെങ്കില്‍ ഖത്തർ 50-ാം സ്ഥാനത്താണ്. ചരിത്രത്തില്‍ ആദ്യമായാണ് ഖത്തര്‍ ലോകകപ്പില്‍ പന്ത് തട്ടുന്നത്.  ഏഷ്യയിലെ വന്‍ ശക്തികളില്‍ ഒന്നായ ഖത്തര്‍ 2019 ലെ  ഏഷ്യാ കപ്പ് ചാമ്പ്യന്മാരാണ്. കലാശപ്പോരില്‍ ജപ്പാനെ  തകര്‍ത്താണ് ഖത്തര്‍ കിരീടത്തില്‍ മുത്തമിട്ടത്.  സമീപ കാലത്ത് ടീം മികച്ച ഫോമിലാണ് പന്തു തട്ടുന്നത്. ലോകകപ്പിന് മുന്നോടിയായി അവസാനമായി കളിച്ച നാല് സന്നാഹ മത്സരങ്ങളിലും തകര്‍പ്പന്‍ വിജയങ്ങളാണ് ടീം നേടിയത്.  മുന്നേറ്റ നിരയിലെ തങ്ങളുടെ കുന്തമുന അല്‍മോസ് അലിയെ മുന്‍ നിര്‍ത്തിയാവും കോച്ച് ഫെലിക്സ് സാഞ്ചസ് ടീമിന്‍റെ തന്ത്രങ്ങള്‍ മെനയുക. കഴിഞ്ഞ ഏഷ്യാ കപ്പില്‍  ഒമ്പത് ഗോളുകളുമായി അലിയായിരുന്നു ടൂര്‍ണമെന്‍റ് ടോപ് സ്കോറര്‍. 

 മൂന്ന് ലോകകപ്പില്‍ പന്ത് തട്ടിയ പരിജയ സമ്പത്തുണ്ട് ഇക്വഡോറിന്. എന്നാല്‍ ഒരേ ഒരു തവണ മാത്രമാണ് അവര്‍ക്ക് ഗ്രൂപ്പ് ഘട്ടം കടക്കാനായത്. 2006 ലോകകപ്പില്‍ പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചതാണ് ലോകകപ്പില്‍ ഇക്വഡോറിന്‍റെ ഏറ്റവും മികച്ച പ്രകടനം. തുര്‍ക്കിഷ് ക്ലബ്ബ് ഫെനര്‍ബാച്ചെയുടെ കുന്തമുനയായ എന്നര്‍ വലന്‍സിയയാണ് ഇക്വഡോറിന്‍റെ പ്രധാന താരം. വലന്‍സിയയുടെ മികവിലായിരുന്നു യോഗ്യതാ റൗണ്ടിൽ ഇക്വഡോറിന്‍റെ മുന്നേറ്റം. ഒപ്പം  പ്രീമിയര്‍ ലീഗില്‍ ബ്രൈറ്റന് വേണ്ടി  കളിക്കുന്ന  മിഡ്ഫീല്‍ഡര്‍ മോയ്സെസ് കൈസേഡോയും ടീമിന്‍റെ കുന്തമുനകളില്‍ ഒരാളാണ്. വലിയൊരു യുവനിരയാണ് ഇക്വഡോറിന്‍റെ കരുത്ത്. ഇക്വഡോര്‍ ടീമിന്റെ ശരാശരി പ്രായം 25 വയസാണ്. 

ചരിത്രത്തില്‍ മൂന്ന് തവണയാണ് ഇരു ടീമുകളും ഏറ്റുമുട്ടിയത്. അതില്‍ ഇരു ടീമുകളും ഓരോ മത്സരം വീതം ജയിച്ചപ്പോള്‍ ഒരു മത്സരം സമനിലയില്‍ കലാശിച്ചു. കഴിഞ്ഞ നാല് ലോകകപ്പുകളില്‍ ഉദ്ഘാടന മത്സരങ്ങളില്‍ നിന്നായി ആകെ പിറവിയെടുത്തത് 17 ഗോളുകളാണ്. ശരാശരി ഒരു മത്സരത്തില്‍ നാല് ഗോളുകള്‍ വീതം. 



Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News