'2022 ലേത് എന്‍റെ അവസാന ലോകകപ്പായിരിക്കും'; നെയ്മർ
ലോകകപ്പ് നേടി വിരമിക്കണമെന്നാണ് ആഗ്രഹമെന്ന് താരം
2022 ഖത്തർ ലോകകപ്പോടെ രാജ്യാന്തര ഫുട്ബോളില്‍ നിന്ന് വിരമിക്കുമെന്ന് ബ്രസീൽ സൂപ്പർ താരം നെയ്മർ. ഞായറാഴ്ചയാണ് താരം ആരാധകരെ ഞെട്ടിച്ച തീരുമാനം വെളിപ്പെടുത്തിയത്. '2022 ലോകകപ്പ് എന്‍റെ അവസാന ലോകകപ്പായിരിക്കും. ഇനിയും ഫുട്ബോളില്‍ തുടരാനുള്ള മനക്കരുത്ത് എനിക്കുണ്ടെന്ന് തോന്നുന്നില്ല. ഖത്തർ ലോകകപ്പ് നേടാൻ ഞാൻ പരമാവധി പരിശ്രമിക്കും. രാജ്യത്തിനായി ബാല്യം മുതൽ തന്നെ ഞാൻ കണ്ട ആ സ്വപ്‌നം പൂവണിഞ്ഞതിന് ശേഷം വിരമിക്കണം എന്നാണാഗ്രഹം.' നെയ്മർ പറഞ്ഞു.
ബ്രസീലിനായി രണ്ട് ലോകകപ്പിൽ പന്ത് തട്ടിയ നെയ്മർ പെലെ കഴിഞ്ഞാൽ രാജ്യത്തിനായി ഏറ്റവുമധികം ഗോളുകൾ നേടിയ താരമാണ്. 2014 ൽ സ്വന്തം മണ്ണിൽ വച്ച് നടന്ന ലോകകപ്പിൽ നാല് ഗോളുകൾ നേടിയ താരം ക്വാർട്ടറിൽ കൊളംബിയക്കെതിരായ മത്സരത്തിൽ ഗുരുതര പരിക്കേറ്റ് പുറത്തായിരുന്നു. ആ ലോകകപ്പിൽ സെമിയിൽ ജർമനിയോട് 7-1 ന്‍റെ ദയനീയ തോൽവി ഏറ്റുവാങ്ങിയാണ് ബ്രസീൽ പുറത്തായത്. രാജ്യത്തിനായി 2013 കോൺഫഡറേഷൻ കപ്പും 2016 ഒളിംപിക്‌സ് ഗോൾഡ് മെഡലും നെയ്മർ നേടിയിട്ടുണ്ട്. 2019 ൽ ബ്രസീൽ കോപ്പ അമേരിക്ക കിരീടം നേടുമ്പോൾ താരം പരിക്കേറ്റ് പുറത്തായിരുന്നു. നിലവില്‍ ഫ്രഞ്ച് ക്ലബ്ബായ പി.എസ്.ജി യുടെ താരമാണ് നെയ്മര്‍