ലോകകപ്പ് യോഗ്യത: ബ്രസീലിന് ജയം, അർജന്റീനക്ക് സമനില
പരാഗ്വയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ബ്രസീല്‍ തോല്‍പിച്ചത്. കൊളംബിയക്കെതിരെ ആദ്യ പത്തുമിനിറ്റിൽ രണ്ടുഗോളിന് മുന്നിട്ട ശേഷമായിരുന്നു അർജന്റീനക്കാര്‍ ജയം അടിയറവ് വെച്ചത്.
ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ബ്രസീലിന് ആറാം ജയം. പരാഗ്വയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ബ്രസീല്‍ തോല്‍പിച്ചത്. മറ്റൊരു മത്സരത്തില്‍ അർജന്റീനക്ക് കൊളംബിയയോട് സമനില വഴങ്ങേണ്ടി വന്നു. കൊളംബിയക്കെതിരെ ആദ്യ പത്തുമിനിറ്റിൽ രണ്ടുഗോളിന് മുന്നിട്ട ശേഷമായിരുന്നു അർജന്റീനക്കാര്‍ ജയം അടിയറവ് വെച്ചത്.
മൂന്നാം മിനുറ്റില്‍ ക്രിസ്റ്റ്യന്‍ റൊമെറോ, എട്ടാം മിനുറ്റില്‍ ലിയാഡ്രോ പരേദേസ് എന്നിവരാണ് അര്‍ജന്റീനക്കായി ഗോള്‍ നേടിയത്. രണ്ടാം പകുതിയില്‍ ലഭിച്ച പെനല്‍റ്റി ഗോളാക്കി മാറ്റിയാണ് കൊളംബിയയുടെ തിരിച്ചടി തുടങ്ങിയത്. ഇഞ്ച്വറി ടൈമിലായിരുന്നു ബോര്‍ജയിലൂടെയുള്ള സമനില ഗോള്‍. ആറുകളികളിൽ നിന്നും 12 പോയന്‍റുള്ള അർജന്‍റീന പോയന്‍റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ്.
നാലാം മിനുറ്റില്‍ തന്നെ ഗോളടിച്ച സൂപ്പർ താരം നെയ്മറിലൂടെയായിരുന്നു ബ്രസീലിന്റെ തുടക്കം. ഇഞ്ചുറി ടൈമിൽ ലൂക്കാസ് പക്വിറ്റയാണ് വിജയമുറപ്പിച്ച് ബ്രസീലിനായി രണ്ടാം ഗോൾ നേടിയത്. ആറുമത്സരങ്ങളിൽ നിന്നും ആറും ജയിച്ച ബ്രസീൽ 18 പോയന്‍റുമായി ഗ്രൂപ്പിൽ ബഹുദൂരം മുന്നിലാണ്.