അർജന്റീനക്ക് ജീവന്മരണ പോരാട്ടം: തോറ്റാൽ മടങ്ങാം,നേരിടാനൊരുങ്ങി പോളണ്ട്
സമനിലയായാല്‍ ഗ്രൂപ്പിലെ രണ്ടാം മത്സരഫലത്തെ ആശ്രയിക്കണം. ഇന്ത്യന്‍ സമയം രാത്രി 12.30നാണ് മത്സരം.
ദോഹ: ലോകകപ്പ് ഫുട്ബോളിലെ നിര്‍ണായക മത്സരത്തില്‍ അർജന്റീന ഇന്ന് പോളണ്ടിനെ നേരിടും. ഇന്ന് തോറ്റാല്‍ മെസിയും സംഘവും പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്താകും. സമനിലയായാല്‍ ഗ്രൂപ്പിലെ രണ്ടാം മത്സരഫലത്തെ ആശ്രയിക്കണം. ഇന്ത്യന്‍ സമയം രാത്രി 12.30നാണ് മത്സരം.
മരണത്തിനും ജീവിതത്തിനും ഇടയിലെ നൂൽപ്പാലത്തിൽ മെസിപ്പടയ്ക്ക് ഇന്ന് അവസാന അവസരം. ഗ്രൂപ്പ് ഘട്ടത്തിലെ തങ്ങളുടെ അവസാന മത്സരത്തില്‍ പോളണ്ടിനെ നേരിടുമ്പോള്‍ വിജയത്തില്‍ കുറഞ്ഞതൊന്നും അര്‍ജന്റീന ലക്ഷ്യമാക്കുന്നില്ല. ജയിച്ചാല്‍ ഗ്രൂപ്പ് ചാംപ്യന്മാരായി പ്രീക്വാര്‍ട്ടര്‍ കടക്കാം. തോറ്റാല്‍ നാട്ടിലേക്ക് മടങ്ങാം. സമനിലയിലായാല്‍ സൗദി-മെക്സിക്കോ മത്സര ഫലത്തെ ആശ്രയിച്ചിരിക്കും സ്കലോണിയുടെ സംഘത്തിന്റെ ഭാവി.
മെക്സിക്കോക്കെതിരായ വിജയം ടീമിന് വലിയ ഊര്‍ജം പകര്‍ന്നതായും വിജയത്തിന് വേണ്ടി പോരാടുമെന്നും കോച്ച് ലയണല്‍ സ്കലോണി ദോഹയില്‍ പറഞ്ഞു. പോളണ്ട് മികച്ച ടീമാണെന്നും എന്താണ് ചെയ്യേണ്ടതെന്ന് തങ്ങള്‍ക്ക് വ്യക്തമായ ബോധ്യമുണ്ടെന്നും പ്രതിരോധനിരക്കാരന്‍ ലിസാന്‍ഡ്രോ മാര്‍ട്ടിനസ് വ്യക്തമാക്കി. മെക്സിക്കോക്തിരെ ഗോള്‍ നേടുകയും മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്ത എന്‍സോ ഫെര്‍ണാണ്ടസിനെ ഇന്ന് ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്താനുള്ള സാധ്യതയുണ്ട്.
എന്നാല്‍ പ്രതിരോധത്തിന് കാര്യമായ ഊന്നല്‍ നല്കിയുള്ള കളി ശൈലിക്ക് തന്നെയാകും കോച്ച് സ്കലോണി ഇന്നും പിന്തുടരുക. അതേസമയം അവസാന പതിനാറിലെത്താൻ പോളണ്ടിന് സമനില മാത്രം മതി. അതിനാൽ തന്നെ പ്രതിരോധത്തിലൂന്നിയുള്ള ശൈലിയാകും പോളണ്ട് പിന്തുടരുക. നാല് പോയിന്റാണ് ലെവൻഡോസ്‌കിക്കും സംഘത്തിനുമുള്ളത്. സമനിലയായാൽ അഞ്ച് പോയിന്റുമായി അവർക്ക് പ്രീക്വാർട്ടർ ഉറപ്പിക്കാം.
സൗദി-മെക്‌സിക്കോ മത്സരത്തിൽ സൗദി ജയിച്ചാൽ രണ്ടാം സ്ഥാനക്കാരയാവും പോളണ്ടിന്റെ( അര്‍ജന്റീനക്കെതിരെ സമനിലയായാല്‍) പ്രീ ക്വാർട്ടർ പ്രവേശം. മെക്സിക്കോ ജയിച്ചാലും പോളണ്ടിന്റെ പ്രീക്വാര്‍ട്ടര്‍ പ്രവേശനത്തെ ബാധിക്കില്ല.