വേറെ ലെവൽ ലെവർകൂസൻ; ആരുണ്ട് ഈ ടീമിനെ തോൽപിക്കാൻ
വിജയ ദാഹിയായി ഈ ടീമിനെ ഇത്തരത്തിൽ മാറ്റിയെടുത്തത് പരിശീലകനായ മുൻ സ്പാനിഷ് താരം സാബി അലോൺസോയാണ്.
മ്യൂണിക്: ഒന്നും രണ്ടുമല്ല...തോൽവിയറിയാതെ തുടർച്ചയായി 24 മത്സരങ്ങൾ പൂർത്തിയാക്കി ജർമ്മൻ ക്ലബ് ബയേർ ലെവർകൂസൺ. ഏറ്റവും ഒടുവിൽ ബുണ്ടസ്‌ലീഗയിൽ ആർബി ലെസ്പികാണ് യുവ സംഘത്തിന് മുന്നിൽ കീഴടങ്ങിയത്. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ലെവർകൂസൺ വിജയം. ഇഞ്ചുറി സമയത്താണ് ലീഗിലെ പതിനഞ്ചാം വിജയത്തിലേക്ക് ടീം എത്തിയത്. യുവേഫയുടെ 54 ലീഗുകളിൽ ഈ സീസണിൽ തോൽവിയറിയാത്ത ഏക പുരുഷ ടീം എന്ന ഖ്യാതിയും ജർമ്മൻ ക്ലബ് സ്വന്തമാക്കി.
വിജയദാഹിയായി ഈ ടീമിനെ ഇത്തരത്തിൽ മാറ്റിയെടുത്തത് പരിശീലകനായ മുൻ സ്പാനിഷ് താരം സാബി അലോൺസോയാണ്. തരംതാഴ്ത്തൽ ഭീഷണി നേരിട്ട ടീമിനെ ഒറ്റവർഷം കൊണ്ട് കിരീട പോരാട്ടത്തിലേക്കുള്ള ടീമായി മാറ്റിയെടുത്ത മജീഷ്യൻ. മുൻ റയൽതാരം കൂടിയായ 42 കാരന്റെ പിഴക്കാത്ത ചുവടുകളെ അത്ഭുതത്തോടെയാണ് മറ്റു യൂറോപ്യൻ ക്ലബുകൾ വീക്ഷിക്കുന്നത്. ഒരുവേള റയൽ മാഡ്രിഡ് തങ്ങളുടെ പരിശീലകനായ കാർലോ അൻസലോട്ടിക്ക് പകരക്കാരനായി വരെ അലോൺസോയെ നോട്ടമിട്ടു.
ഈ സീസണിൽ എല്ലാ മത്സരങ്ങളിൽ നിന്നുമായി 24 വിജയവും മൂന്ന് സമനിലയുമാണ് ബയെർ ലെവർകൂസൻ സ്വന്തമാക്കിയത്. ഇതുവരെ 85 ഗോളുകളാണ് നേടിയത്. ബുണ്ടെസ് ലീഗയിൽ മാത്രം അൻപത് ഗോളുകൾ. വഴങ്ങിയതാകട്ടെ 14 എണ്ണം മാത്രം. 48 പോയന്റുമായി ബുണ്ടെസ് ലീഗയിൽ ഒന്നാമതാണ് ലെവർകൂസൻ. രണ്ടാമതുള്ള നിലവിലെ ചാമ്പ്യൻമാരായ ബയേൺ മ്യൂണികുമായി ഏഴ് പോയന്റ് വ്യത്യാസം. ലീഗിലെ ബയേണിന്റെ അപ്രമാധിത്വത്തിന് കൂടിയാണ് ഈ സീസണിൽ സാബി അലോൺസോയും സംഘവും ചെക്ക് വെച്ചത്. ലീഗിന്റെ തുടക്കം മുതൽ ഇതുവരെ ഒരേ ഫോമിൽ തുടരാൻ ജർമ്മൻ ക്ലബിന് സാധിച്ചു.
സീസണിന് മുന്നോടിയായി വിവിധ ക്ലബുകളിൽ നിന്ന് മികച്ച താരങ്ങളെയെത്തിക്കാനായത് ലെവർകൂസണിന് അനുകൂലമായി. ആഴ്‌സനലിൽ നിന്ന് ഗ്രാനിറ്റ് ഷാക്കയെയെത്തിച്ച് മധ്യനിര ശക്തമാക്കി. അർജന്റീനൻ യുവതാരം പലാസിയോ, ചെക്ക് റിപ്പബ്ലിക് സ്‌ട്രൈക്കർ പാട്രിക് ചെക്, പ്രതിരോധനിരയിൽ ഇക്വഡോർതാരം പിയേറോ മാർട്ടിൻ എന്നിവരെയെല്ലാമെത്തിച്ചു. ഇതോടൊപ്പം ജർമ്മൻ ദേശീയ ടീമിൽ വരവറിയിക്കുന്ന യുവതാരങ്ങളുടെ സാന്നിധ്യം കൂടിയായതോടെ വേറെ ലെവൽ ലെവർകൂസനായി മാറി. എതിരാളികളുടെ തന്ത്രമറിഞ്ഞുള്ള മറുതന്ത്രം ആവിഷ്‌കരിക്കുന്നതിലും അലോൺസോ വിജയിച്ചു.
ഓരോ മത്സരത്തിലും ഫോർമേഷൻ മാറ്റി പരീക്ഷിച്ച് എതിരാളികൾക്കുമേൽ ആത്മവിശ്വാസം നേടി. പ്രധാന ക്ലബുകളിൽ കളിച്ചുള്ള എക്‌സ്പീരിയൻസും അൻസലോട്ടിയുടെ കളരിയിൽ പഠിച്ചിറങ്ങിയതുമെല്ലാം കളിക്കളത്തിൽ പ്രയോഗത്തിൽ വരുത്താൻ ഗുണകരമായി. 119 വർഷത്തെ ക്ലബ് ചരിത്രം തിരുത്തി ബുണ്ടെസ് ലീഗ കിരീടം ലെവർകൂസൺ ആരാധകർ സ്വപ്‌നം കണ്ടു തുടങ്ങി. അതിനവർക്കൊരു കാരണവുമുണ്ട്. സ്‌പെയിനിനും റയൽമാഡ്രിഡിനുമായി ലോകകപ്പും യൂറോകപ്പും ചാമ്പ്യൻസ് ലീഗുമടക്കം കിരീടമെല്ലാം നേടിയ സാബി അലോൺസോയാണ് പരിശീലക റോളിലുള്ളത്.