'സ്വന്തം ആയുധം കൊണ്ട്' മുറിവേറ്റ പറങ്കിപ്പട... പോർച്ചുഗലിന്റെ നെഞ്ച് തകർത്ത ഹെഡ്ഡർ
അതിയുല്ലാഹ് ഉയർത്തി നൽകിയ പന്ത് ഉയർന്നു ചാടി ഹെഡ് ചെയ്ത് വലയിൽ കയറ്റുകയായിരുന്നു അന്നസീരി
ദോഹ: പകരക്കാരനായി ബെഞ്ചിലിരിക്കുന്ന ക്രിസ്റ്റ്യാനോയെ സാക്ഷിയാക്കി അതേ ട്രേഡ് മാർക്ക് സ്‌റ്റൈലിൽ എൻ നെസിരി ഉയർന്നുചാടി ഹെഡ്ഡ് ചെയ്തത് ചരിത്രത്തിലേക്കായിരുന്നു. ആഫ്രിക്കൻ വൻകരയുടെയും അഭിമാനം ഉയർത്തിയ വിജയഗോൾ. പോർച്ചുഗലിനെതിരായ മത്സരത്തിന്റെ 42ാം മിനുട്ടിലായിരുന്നു യൂസുഫ് അന്നസീരിയുടെ ഗോൾ. അതിയുല്ലാഹ് ഉയർത്തി നൽകിയ പന്ത് ഉയർന്നു ചാടി ഹെഡ് ചെയ്ത് വലയിൽ കയറ്റുകയായിരുന്നു അന്നസീരി. വിജയിച്ചതോടെ ലോകകപ്പിന്റെ അവസാന നാലിൽ എത്തുന്ന ആദ്യ ആഫ്രിക്കൻ രാജ്യമായി മൊറോക്കോ.
ലോകകപ്പ് ചരിത്രത്തിൽ മൊറോക്കയുടെ ഏറ്റവും വലിയ ഗോൾവേട്ടക്കാരനാണ് അന്നസീരി. മൂന്നു ഗോളുകളാണ് താരത്തിന്റെ പേരിലുള്ളത്. മികച്ച പ്രതിരോധവും അതിനൊത്ത ആക്രമണവും മധ്യനിരയിലെ ആധിപത്യവും കൊണ്ട് പോർച്ചുഗലിനെ മുക്കിക്കളഞ്ഞാണ് മൊറോക്കോ ചരിത്രജയം സ്വന്തമാക്കിയത്. കിട്ടിയ അവസരങ്ങൾ മുതലാക്കാതെ പോയ പോർച്ചുഗലിനും വിജയത്തിനും മുന്നിൽ തടസ്സമായി ഇടയ്ക്ക് ക്രോസ് ബാറും വിലങ്ങുതടിയായി നിന്നു. അമ്പത്തിയൊന്നാം മിനിറ്റിൽ ക്രിസ്റ്റ്യാനോ ഇറങ്ങിയിട്ടും പോർച്ചുഗലിന്റെ വിധിയിൽ മാറ്റമൊന്നുമുണ്ടായില്ല. ഡിസംബർ 15 ന് നടക്കുന്ന സെമിഫൈനലിൽ ഫ്രാൻസ്-ഇംഗ്ലണ്ട് ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ജയിക്കുന്നവരെയാണ് മൊറോക്കോ നേരിടുക.
മത്സരത്തിന്റെ 51ാം മിനുട്ടിലാണ് റൂബെൻ നെവസിന് പകരക്കാരനായി ക്രിസ്റ്റ്യാനോ മൈതാനത്ത് ഇറങ്ങിയത്. മൊറോക്കോ ഗോളടിച്ച ശേഷം ഉണർന്നു കളിക്കുന്ന പോർച്ചുഗലിന് ലക്ഷ്യം കാണാനായിട്ടില്ല. 57ാം മിനുട്ടിൽ കഴിഞ്ഞ കളിയിലെ ഹീറോ ഗോൺസാലോ റാമോസിന് മൊറോക്കൻ വല കുലുക്കാൻ അവസരം ലഭിച്ചുവെങ്കിലും ഹെഡ്ഡർ ലക്ഷ്യത്തിലെത്തിയില്ല. 63ാം മിനുട്ടിൽ ബ്രൂണോ ഫെർണാണ്ടസടിച്ച ഷോട്ട് പോസ്റ്റിന് മുകളിലുടെയാണ് പോയത്. 68ാം മിനുട്ടിൽ ബ്രൂണോയുടെ പാസ് ഹെഡ് ചെയ്യാനുള്ള റൊണാൾഡോയുടെ ശ്രമം വിജയിച്ചില്ല. പന്ത് ബൗനോയുടെ കരങ്ങളിൽ വിശ്രമിച്ചു. 70ാം മിനുട്ടിലെ കോർണറും ഫലപ്രദമാക്കാനായില്ല.
74ാം മിനുറ്റിൽ മൊറോക്കോയ്ക്ക് കൗണ്ടർ അറ്റാക്കിലൂടെ മികച്ചൊരു അവസരം ലഭിച്ചെങ്കിലും ഗോൾവല കുലുക്കാൻ സാധിച്ചില്ല. 83ാം മിനുറ്റിൽ പോർച്ചുഗൽ മുന്നേറ്റതാരം ഫെലിക്സ് ഉതിർത്ത ഷോട്ട് ഗോളാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും അത്യുഗ്രൻ സേവിലൂടെ മൊറോക്കൻ ഗോൾകീപ്പർ ബോനോ രക്ഷപ്പെടുത്തുകയായിരുന്നു.