'മുഖ്യമന്ത്രിക്കും കായികമന്ത്രിക്കും കത്തുനൽകിയിട്ടും തള്ളിക്കളഞ്ഞു'; ആരോപണവുമായി മുൻ ഇന്ത്യൻ താരം എൻ.പി പ്രദീപും

മീഡിയവൺ അന്വേഷണ പരമ്പര 'ജോലിക്കായി യാചിക്കണോ?' തുടരുന്നു

Update: 2023-08-12 03:35 GMT
Editor : Shaheer | By : Web Desk

എന്‍.പി പ്രദീപ്

Advertising

ദുബൈ: മലയാളി ഫുട്‌ബോൾ താരങ്ങളോട് സർക്കാർ തുടരുന്ന അവഗണനയെച്ചൊല്ലിയുടെ വിവാദം പുകയുന്നു. ജോലി വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് അവഗണനയുണ്ടായെന്ന് മുൻ ഇന്ത്യൻ മധ്യനിര താരം എൻ.പി പ്രദീപും വെളിപ്പെടുത്തി. ജോലി ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെയും കായികമന്ത്രിയെയും സമീപിച്ചിട്ടും അവഗണിച്ചെന്ന് അദ്ദേഹം ദുബൈയില്‍ 'മീഡിയവണി'നോട് പറഞ്ഞു.

'ജോലിക്കായി യാചിക്കണോ?' മീഡിയവൺ അന്വേഷണ പരമ്പരയിലാണ് എൻ.പി പ്രദീപിന്റെ പ്രതികരണം. ''രണ്ടു തവണ മുഖ്യമന്ത്രിക്കും കായികമന്ത്രിക്കും കത്തുനൽകിയിരുന്നു. രണ്ടു തവണയും തള്ളുകയാണു ചെയ്തത്. പ്രത്യേകമായി ഉത്തരവിറക്കാൻ പറ്റില്ലെന്നാണ് പറഞ്ഞത്. കായികമന്ത്രിയിൽനിന്ന് നല്ല അനുഭവമല്ല ഉണ്ടായത്.''-പ്രദീപ് വെളിപ്പെടുത്തി.

പുതിയ വിവാദങ്ങളിൽ സ്‌പോർട്‌സ് കൗൺസിലിന്റെ ഭാഗത്ത് വലിയ വീഴ്ചയാണുണ്ടായതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നിലവിലെ പ്രശ്‌നങ്ങൾ വളരെ എളുപ്പത്തിൽ സർക്കാരിനും സ്‌പോർട്‌സ് കൗൺസിലിനും പരിഹരിക്കാൻ കഴിയുന്നതാണ്. രണ്ടോ മൂന്നോ വർഷം റിസർവിൽ കഴിഞ്ഞ ശേഷം കഴിവ് തെളിയിച്ച ശേഷമാണ് റാഫി ഇന്ത്യൻ ടീമിലെത്തുന്നത്. അനസ് 30 വയസിനുശേഷമാണ് ദേശീയ ടീമിൽ വരുന്നതും കളിക്കുന്നതും. അവരുടെ കഠിനാധ്വാനം കൊണ്ടാണ് അതെല്ലാമുണ്ടായത്. അവർക്കെല്ലാം ജോലി നൽകേണ്ടിയിരുന്നുവെന്നും പണമുണ്ടാക്കാൻ വേണ്ടി മാത്രമല്ല പ്രൊഫഷനൽ ഫുട്‌ബോളിൽ കളിക്കുന്നതെന്നും എൻ.പി പ്രദീപ് കൂട്ടിച്ചേർത്തു.

ജോലിക്ക് അപേക്ഷിക്കാൻ ഫുട്‌ബോൾ താരങ്ങളായ അനസ് എടത്തൊടികയും റിനോ ആന്റോയും വൈകിയതുകൊണ്ടാണ് സർക്കാർ ജോലി ലഭിക്കാതെ പോയതെന്ന സ്‌പോർട്‌സ് കൗൺസിൽ അധ്യക്ഷൻ യു. ഷറഫലിയുടെ പ്രതികരണങ്ങൾക്കു പിന്നാലെയാണു പുതിയ വിവാദങ്ങൾ ആരംഭിച്ചത്. ഷറഫലിയുടേത് തികഞ്ഞ അവഗണനയാണെന്ന് അനസ് എടത്തൊടിക ഇതിനോട് പ്രതികരിച്ച് മീഡിയവണിനോട് പ്രതികരിച്ചിരുന്നു. ദേശീയതാരമായിട്ടും ജോലിക്കു വേണ്ടി യാചിക്കേണ്ട അവസ്ഥയാണ്. കെഞ്ചി ജോലി ആവശ്യപ്പെടുന്നത് മോശം അവസ്ഥയാണെന്നും താരം പറഞ്ഞു.

Full View

രാജ്യത്തിനുവേണ്ടി കളിച്ച തനിക്ക് ജോലിക്ക് അർഹതയുണ്ടെന്ന് റിനോ ആന്റോയും മീഡിയവണിനോട് വ്യക്തമാക്കി. സർക്കാർ ജോലി നൽകിയ ശേഷം കാരണം പോലും പറയാതെ പിരിച്ചുവിട്ടെന്ന് മുൻ ഇന്ത്യൻ ഫുട്‌ബോളർ മുഹമ്മദ് റാഫി ഇന്നലെ മീഡിയവണിനോട് പറഞ്ഞിരുന്നു. 2004ൽ കേരളം സന്തോഷ് ട്രോഫി നേടിയപ്പോൾ ടീമംഗമായിരുന്ന റാഫിയടക്കമുള്ളവർക്ക് ജോലി നൽകുമെന്ന് പറഞ്ഞിരുന്നു. ജോലിയിൽ തിരികെ കയറ്റാനായി നിരവധി എം.എൽ.എമാരെ കണ്ടുനോക്കിയെങ്കിലും ഫലമുണ്ടായില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

Summary: Former Indian midfielder NP Pradeep revealed that he approached the Chief Minister and the Sports Minister for a job but was ignored.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News