ക്വാർട്ടറിൽ ഇംഗ്ലണ്ട്-ഫ്രാൻസും നേർക്കുനേർ; തീപ്പാറും പോരാട്ടത്തിന് കളമൊരുങ്ങി
അർജന്റീനയും നെതർലൻഡ്‌സുമാണ് ഇതിനകം ക്വാർട്ടർ ബെർത്ത് ഉറപ്പിച്ച മറ്റു രണ്ടു ടീമുകൾ.
ദോഹ: ഖത്തർ ലോകകപ്പിലെ പ്രീ-ക്വാർട്ടർ മത്സരങ്ങളിൽ ഫ്രാൻസ് പോളണ്ടിനെയും ഇംഗ്ലണ്ട് സെനഗലിനെയയും തോൽപ്പിച്ചതോടെ ക്വാർട്ടറിൽ ഇംഗ്ലണ്ടും ഫ്രാൻസും തമ്മിലുള്ള തീപാറുന്ന പോരാട്ടത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്.
സെനഗലിനെ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കാണ് തകർത്താണ് ഇംഗ്ലണ്ട് ക്വാർട്ടർ ഫൈനലിലേക്ക് ടിക്കറ്റെടുത്തത്. പോളണ്ടിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്താണ് ഫ്രാൻസ് ക്വാർട്ടർ ബെർത്ത് ഉറപ്പിച്ചത്. യൂറോപ്പിൽ നിന്നുള്ള തുല്യശക്തികളായ ഫ്രാൻസും ഇംഗ്ലണ്ടും ഈ ലോകകപ്പിൽ മിന്നുന്ന ഫോമിലാണ്. എംബാപ്പെയും ജെറൂദും ഫ്രാൻസിന്റെ നീക്കങ്ങൾക്ക് ചുക്കാൻ പിടിക്കുമ്പോൾ ഇന്നത്തെ മത്സരത്തിൽ നായകൻ ഹാരി കെയ്ൻ കൂടി ഗോൾ നേടിയതോടെ ഫോഡനും സാക്കയും ഹെൻഡേഴ്‌സണും റാഷ്‌ഫോർഡുമുള്ള ഇംഗ്ലണ്ട് നിരയും ശക്തമാണ്. ഡിസംബർ 11 ന് രാത്രി 12.30 നാണ് ഇംഗ്ലണ്ട്-ഫ്രാൻസ് ക്വാർട്ടർ പോരാട്ടം.
അർജന്റീനയും നെതർലൻഡ്‌സുമാണ് ഇതിനകം ക്വാർട്ടർ ബെർത്ത് ഉറപ്പിച്ച മറ്റു രണ്ടു ടീമുകൾ. ഓസ്‌ട്രേലിയേയെ 2-1 ന് തകർത്താണ് അർജന്റീന ക്വാർട്ടറിലെത്തിയത്. യുഎസ്എയെ ഒന്നിനെതിരെ മൂന്ന് ഗോളിന് തോൽപ്പിച്ചാണ് നെതർലൻഡ്‌സ് ക്വാർട്ടറിലേക്ക് വരുന്നത്. ഡിസംബർ 10ന് രാത്രി 12.30 നാണ് ഇരുടീമുകളും തമ്മിലുള്ള ക്വാർട്ടർ പോരാട്ടം.
ഇന്ന് നടക്കുന്ന പ്രീ ക്വാർട്ടർ മത്സരങ്ങളിൽ ബ്രസീൽ ദക്ഷിണ കൊറിയയേയും ജപ്പാൻ ക്രൊയേഷ്യയേയും നേരിടും. ആറിന് നടക്കുന്ന പ്രീ-ക്വാർട്ടർ മത്സരങ്ങളിൽ സ്‌പെയ്ൻ മൊറോക്കോയേയും പോർച്ചുഗൽ സ്വിസർലൻഡിനേയും നേരിടും.
ഇന്ന് നടന്ന രണ്ടാമത്തെ മത്സരത്തിൽ ഏകപക്ഷീയമായ മൂന്ന് ഗോളിനാണ് ഇംഗ്ലണ്ട് സെനഗലിനെ തകർത്തത്. ആദ്യ രണ്ടു ഗോൾ ആദ്യ പകുതിയിലാണ് പിറന്നത്. 38-ാം മിനിറ്റിൽ ജോർദാൻ ഹെൻഡേഴ്സണും ആദ്യ പകുതിയുടെ അധികസമയത്ത് ഹാരികെയ്നുമാണ് ഇംഗ്ലണ്ടിനായി ഗോൾ നേടിയത്. 57-ാം മിനിറ്റിൽ സാക്കയാണ് മൂന്നാം ഗോൾ നേടിയത്.
ആദ്യ നിമിഷം മുതൽ ഇരുഭാഗത്തുനിന്നും തുടർച്ചയായി ആക്രമണങ്ങളുണ്ടായെങ്കിലും ഫിനിഷ് ചെയ്യുന്നതിലെ പിഴവ് ഇരുടീമുകൾക്കും വിനയായി. 21-ാം മിനിറ്റിലും 31-ാം മിനിറ്റിലും സെനഗലിന്റെ മികച്ച മുന്നേറ്റങ്ങളുണ്ടായി. 31-ാം മിനിറ്റിൽ സാർ അടിച്ച ഷോട്ട് ദിയയുടെ കൈകളിലെത്തിയെങ്കിലും ഇംഗ്ലണ്ട് ഗോളി പിക് ഫോർഡിന്റെ നിശ്ചയദാർഢ്യത്തിന് മുന്നിൽ വീണുപോയി.
38-ാം മിനിറ്റിൽ ബെല്ലിങ്ഹാംമിന്റെ അസിസ്റ്റിലൂടെ ലഭിച്ച ക്രോസിലൂടെയാണ് ഹെൻഡേഴ്സൺ ഗോൾ നേടിയത്. ആദ്യ പകുതിയുടെ അധികസമയത്തിന്റെ മൂന്നാം മിനിറ്റിലാണ് ഹാരി കെയ്ന്റെ ഗോൾ പിറന്നത്. ഗ്രൗണ്ടിന് നടുവിലൂടെ ഫോഡൻ നടത്തിയ മുന്നേറ്റമാണ് ഗോളിന് വഴിയൊരുക്കിയത്. മാർക്ക് ചെയാതെ നിന്ന നായകന് ഫോഡൻ പന്ത് നീട്ടിനൽകുകയായിരുന്നു. കെയ്ന്റെ ഈ ലോകകപ്പിലെ ആദ്യ ഗോൾ അങ്ങനെ പിറന്നു.
രണ്ടാം പകുതിയിൽ മൂന്ന് മാറ്റങ്ങളോടെ വന്ന് മത്സരത്തിലേക്ക് തിരികെവരാം എന്ന് പ്രതീക്ഷിച്ച സെനഗലിന്റെ പ്രതീക്ഷയ്ക്ക് മുകളിലാണ് സാക്ക മൂന്നാമത് പ്രഹരിച്ചത്. ഇത്തവണയും ഫോഡനാണ് അസിസ്റ്റ് നൽകിയത്. ഇടക്കിടെ സെനഗലിന്റെ മുന്നേറ്റങ്ങളുണ്ടായെങ്കിലും ഗോളാക്കി മാറ്റാൻ അവർക്ക് സാധിച്ചില്ല. നാളെ ബ്രസീൽ ദക്ഷിണ കൊറിയേയും ജപ്പാൻ ക്രൊയേഷ്യയേയും നേരിടും