ഫ്രീ സ്‌കീയിങ് ലോക ചാമ്പ്യൻ സ്‌മൈൻ ഹിമപാതത്തിൽ മരിച്ചു
മധ്യ ജപ്പാനിലെ പർവത നിരകളിൽ വച്ച് സ്‌കീയിങ് നടത്തുന്നതിനിടെയാണ് ഹിമപാതത്തിൽപ്പെട്ടത്
ടോക്യോ: ഹാഫ് പൈപ്പ് സ്‌കീയറും ഫ്രീസ്‌റ്റൈൽ സ്‌കീയിങ് ലോക ചാമ്പ്യനുമായ കെയ്ൽ സ്‌മൈൻ അന്തരിച്ചു. 31കാരനായ അമേരിക്കൻ താരം ജപ്പാനിൽ വച്ച് കനത്ത ഹിമപാതത്തിൽപ്പെട്ടാണ് മരിച്ചത്. മധ്യ ജപ്പാനിലെ പർവത നിരകളിൽ വച്ച് സ്‌കീയിങ് നടത്തുന്നതിനിടെയാണ് ഹിമപാതത്തിൽപ്പെട്ടത്. പ്രദേശത്ത് കനത്ത മഞ്ഞു വീഴ്ചയാണ്.
അവിശ്വസനീയ മഞ്ഞു വീഴ്ചയുടെ പശ്ചാത്തലത്തിൽ സ്‌കീയിങ് നടത്തുന്നത് ആസ്വദിക്കുകയാണെന്ന് താരം അടുത്തിടെ സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചിരുന്നു. പർവത നിരകളിലേക്ക് പോകുന്നതിന് മുൻപ് താരത്തിന് അധികൃതർ കനത്ത മഞ്ഞു വീഴ്ചയുടെ മുന്നറിയിപ്പുകളും നൽകി.
സ്‌മൈൻ സ്‌കീയിങ് നടത്തുന്നതിനിടെ വായു സ്‌ഫോടനം സംഭവിക്കുകയും താരം 50 മീറ്ററോളം അകലേക്ക് എടുത്തെറിയപ്പെടുകയുമായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ സ്‌മൈൻ മഞ്ഞിൽ പൂണ്ടു പോവുകയായിരുന്നു. സ്‌മൈനിനൊപ്പം മറ്റ് രണ്ട് സ്‌കീയർമാർ കൂടിയുണ്ടായിരുന്നു. അപകടത്തിൽ സ്‌മൈനിന് പുറമെ ഇവരിൽ ഒരാൾക്കും ജീവൻ നഷ്ടമായി. മറ്റൊരു സ്‌കീയർ മഞ്ഞിൽ പൂണ്ടെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.