ഫ്രന്‍റെ അത്ലറ്റിക്കോ; ഗാലറിയിലെ തെമ്മാടിക്കൂട്ടം
അത്ലറ്റിക്കോ മാഡ്രിഡിന്‍റെ ആരാധക്കൂട്ടായ്മയായ ഫ്രന്‍റെക്ക് എതിര്‍ ടീം ആരാധകരെ കൊന്ന ചരിത്രം പോലുമുണ്ട്
'ഗോളാഘോഷമാവാം.. പക്ഷെ അത് ആരാധകരെ പ്രകോപിപ്പിച്ച് കൊണ്ടാവരുത്'. റയൽ മാഡ്രിഡ് ഗോൾ കീപ്പർ തിബോ കോർട്ടുവയോടാണ് അത്‌ലറ്റിക്കോ പരിശീലികൻ ഡിയഗോ സിമിയോണിയുടെ ഉപദേശം. ഇത് കേട്ടുനിന്നവരുടെ ഓർമകൾ 2019 ചാമ്പ്യൻസ് ലീഗിലേക്ക് സഞ്ചരിച്ച് കാണണം. പ്രീക്വാർട്ടർ ആദ്യ പാദത്തിൽ ക്രിസ്റ്റ്യാനോയുടെ യുവൻറസിനെ മെട്രോ പൊളിറ്റാനോയിൽ എതിരില്ലാത്ത രണ്ട് ഗോളിന് തകർത്തെറിയുമ്പോൾ സിമിയോണി നടത്തിയ അതിരുവിട്ട ആഘോഷ പ്രകടനങ്ങൾ നമ്മളെങ്ങനെ മറക്കാനാണ്. അതിൻറെ ചുവട് പിടിച്ച് മെട്രോപൊളിറ്റാനോക്ക് വെളിയിൽ ക്രിസ്റ്റ്യാനോയെ രൂക്ഷമായി അധിക്ഷേപിച്ച് ചാൻറുകൾ മുഴക്കിയ അത്‌ലറ്റിക്കോ ആരാധകർ. ടൂറിനിൽ അതേ നാണയത്തിലാണ് ഇതിനൊക്കെ റോണോ മറുപടി നൽകിയത്.
കഴിഞ്ഞയാഴ്ച അരങ്ങേറിയ മാഡ്രിഡ് ഡെര്‍ബിയിലാണ് റയൽ ഗോൾകീപ്പർ തിബോ കോർട്ടുവക്കെതിരെ അത്‌ലറ്റിക്കോ ആരാധകർ കുപ്പികള്‍ വലിച്ചെറിഞ്ഞത്. ഇതിനെ തുടർന്ന് 20 മിനിറ്റോളമാണ് റഫറി കളി നിർത്തിവച്ചത്. മത്സരത്തിൽ റയൽ മാഡ്രിഡ് ആദ്യ ഗോൾ നേടിയപ്പോൾ ഗാലറിക്ക് മുന്നിൽ കോർട്ടുവ നടത്തിയ ഗോളാഘോഷമാണ് ആരാധകരെ ചൊടിപ്പിച്ചത്. ഗാലറിയെ ശാന്തമാക്കാൻ ഒടുവിൽ സിമിയോണിക്ക് തന്നെ കളത്തിലിറങ്ങേണ്ടി വന്നു. കോക്കേയും ഡിഫൻറർ ഗിമിനെസും സിമിയോണിയും ചേർന്ന് ഏറെ പണിപ്പെട്ടാണ് ആരാധകരെ അടക്കി നിർത്തിയത്. കോർട്ടുവക്ക് നേരെ കുപ്പിയെറിഞ്ഞ ഒരു ആരാധകന് അത്‌ലറ്റിക്കോ മെട്രോപൊളിറ്റാനോയിൽ പ്രവേശിക്കുന്നതിന് പിന്നീട് ആജീവനാന്ത വിലക്കുമേർപ്പെടുത്തി.
കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും അവസാന മിനിറ്റിൽ അത്‌ലറ്റിക്കോ സമനില പിടിച്ച മത്സരത്തിന് ശേഷം കളിക്കാർ ഗാലറിയിലെ സൗത്ത് സ്റ്റാൻറിനരികിലേക്ക് തന്നെയെത്തി. കോർട്ടുവുക്ക് നേരെ കുപ്പിയെറിഞ്ഞ ഫ്രൻറെ അത്‌ലെറ്റിക്കോ അംഗങ്ങൾ തടിച്ച് കൂടിയ ഗാലറിക്ക് മുന്നിൽ കളി ജയിച്ചത് പോലെയായിരുന്നു അത്‌ലറ്റിക്കോ താരങ്ങളുടെ ആഘോഷ പ്രകടനങ്ങൾ. എന്താണ് ഫ്രൻറെ അത്‌ലറ്റിക്കോ..? ആരാണിക്കൂട്ടർക്ക് പിന്നിൽ?
അത്‌ലറ്റിക്കോ മാഡ്രിഡിൻറെ ആരാധക്കൂട്ടായ്മയായ ഫ്രെൻറെ അത്‌ലറ്റിക്കോ സ്‌പെയിനിലെ ഒരു തീവ്ര വലതുപക്ഷ സംഘമാണ്. 1982 ലാണ് ഫ്രെന്റെ രൂപം കൊള്ളുന്നത്. ഇറ്റലിയിലേയും ബ്രിട്ടനിലേയും അൾട്ട്രാസ് മുവ്നമെന്റുകളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ഈ സംഘത്തിൻറെ പിറവി. പിൽക്കാലത്ത് മെട്രോപൊളിറ്റാനോയെ മാറ്റിയ വൈകാരികാന്തരീക്ഷത്തിന് പിന്നിൽ ഈ സംഘമാണ്. ടീമിനെ അന്ധമായി പ്രണയിക്കുന്ന ഇക്കൂട്ടരുമായി 1980 കളിൽ ക്ലബ്ബ് പ്രസിഡന്റ് ജീസസ് ഗിൽ അടുത്ത ബന്ധം സ്ഥാപിച്ചു. പിന്നീട് മാറി മാറി വന്ന ക്ലബ്ബ് പ്രസിഡൻറുമാർ ഈ ബന്ധം തുടർന്നു. കളിയുടെ ടിക്കറ്റ് വിൽപ്പനയിൽ പോലും ക്ലബ്ബും ഫ്രൻറെ അത്ലറ്റിക്കും തമ്മിൽ ഡീലുകൾ നടന്നു. മാഡ്രിഡിലെ തീവ്രവലതുപക്ഷക്കാർ ഫ്രെൻറെയുടെ നേതൃത്വത്തിൽ വരുന്നത് 20 ാം നൂറ്റാണ്ടിൻറെ അവസാനത്തിലാണ്. ഗാലറിയിൽ എതിർ കളിക്കാർക്ക് നേരം പ്രകോപനപരമായ മുദ്രാവാക്യങ്ങളും വംശീയ ചാൻറുകളും മുഴങ്ങിത്തുടങ്ങിയത് മുതൽ ഫ്രൻറെ ഫുട്‌ബോൾ ലോകത്ത് കുപ്രസിദ്ധിയാർജിച്ചു. അത്‌ലറ്റിക്കോ ഹോം ഗ്രൌണ്ട് പലപ്പോഴും യുദ്ധക്കളമായി.
1998 ൽ റയൽ സോസിഡാഡുമായുള്ള ഒരു മത്സരത്തിനിടെ ഗാലറിയിൽ അരങ്ങേറിയ സംഘർഷത്തിൽ സോസിഡാഡ് ആരാധകൻ അയ്റ്റർ സബലേറ്റയുടെ കൊലപാതകത്തിൽ വരെയെത്തി കാര്യങ്ങൾ. എന്നാൽ ഇത് കൊണ്ടൊന്നും ക്ലബ്ബ് ഫ്രൻറെയെ നിയന്ത്രിക്കാൻ ഒരുക്കമായിരുന്നില്ല. അത്ലറ്റിക്കോ സ്റ്റേഡിയത്തിന്റെ ഗാലറികളിൽ അൾട്രാസിന്റെ ബാനറുകൾ തൂങ്ങിക്കിടന്നു.
ഡിയഗോ സിമിയോണിക്ക് കീഴിൽ അത്ലറ്റിക്കോ അതിശയക്കുതിപ്പ് നടത്തുന്ന കാലത്താണ് ഫ്രൻറെ വീണ്ടും ശക്തിപ്പെടുന്നത്. 2018 ൽ അരങ്ങേറിയ യൂറോപ്പ ലീഗ് ഫൈനലിൽ നാസി ചിഹ്നമടങ്ങിയ വലിയൊരു ബാനർ പാർക് ഒളിമ്പിക്‌സ് ലിയോണെ സ്റ്റേഡിയത്തിൽ ഉയർന്നു. അത്‌ലറ്റിക്കോ എതിരില്ലാത്ത മൂന്ന് ഗോളിനെ അന്ന് വിജയിച്ചെങ്കിലും ഫ്രഞ്ച് മണ്ണിൽ ഫ്രൻറെ ഉയർത്തിയ വംശീയ ബാനറുകൾ പിന്നീട് വലിയ ചർച്ചയായി.
ഇതിനിടെ മറ്റ് ചില ആരാധക്കൂട്ടായ്മകളും അത്ലറ്റിക്കോയുടെ പേരിൽ പിറവി കൊണ്ടു. ഫ്രൻറെക്കും ഇവർക്കുമിടയിലെ സംഘർഷങ്ങൾ സ്‌പെയിനിൽ ഒരു കാലത്ത് ചൂടേറിയ വാർത്തയായിരുന്നു. സബർബിയസ് ഫേം എന്ന റാഡിക്കൽ ഗ്രൂപ്പായിരുന്നു ഇവരിൽ പ്രധാനികൾ. തീവ്രവംശീയവാദികളായ ഇക്കൂട്ടർക്ക് ക്ലബ്ബ് നേരത്തേ തന്നെ ഹോം ഗാലറിയിൽ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇക്കൂട്ടർ പലപ്പോഴായി എവേ മത്സരങ്ങളിൽ ഗാലറികളിൽ മുഖംമൂടികളണിഞ്ഞ് പ്രത്യക്ഷപ്പെട്ടു.
2014 ൽ ഡിപ്പോർട്ടീവോ അത്ലറ്റിക്കോ മത്സരത്തിന് തൊട്ട് മുമ്പ് സ്റ്റേഡിയത്തിന് വെളിയിൽ വച്ചരങ്ങേറിയ സംഘർഷത്തിൽ ഡിപ്പോർട്ടീവോ ആരാധകൻ റൊമേറോ തബോഡ കൊല്ലപ്പെട്ടു. ഇതോടെ സ്പാനിഷ് ഫുട്ബോൾ അതോറിറ്റി സംഭവത്തിൽ കാര്യമായി ഇടപെട്ടു. ലാലിഗ ക്ലബ്ബൂകൾ തീവ്ര സ്വഭാവമുള്ള ഫാൻ ഗ്രൂപ്പുകളെ സ്റ്റേഡിയത്തിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തെണമെന്ന് അസോസിയേഷൻ ശക്തമായ നിർദേശം നൽകി. റയൽ മാഡ്രിഡും ബാഴ്സലോണയുമടക്കമുള്ള ടീമുകൾ ഈ നിർദേശം പാലിച്ചു. എന്നാൽ ഫ്രെൻറെയെ വിലക്കാൻ അത്‌ലറ്റിക്കോ ഒരുക്കമായിരുന്നില്ല.
ഫ്രെൻറെയുടെ തീവ്ര നിലപാടുകളിൽ കൂട്ടായ നടപടിയെടുക്കാനാവില്ലെന്നായിരുന്നു പലപ്പോഴും ക്ലബ്ബിൻറെ പ്രതികരണം. ഗ്രൌണ്ടിൽ നിന്ന് വ്യക്തികളെയെ വിലക്കാനാവൂ എന്നും ആരാധക്കൂട്ടായ്മയെ ഒരുമിച്ച് വിലക്കാനാവില്ലെവെന്നും ക്ലബ്ബ് പലവുരു പ്രസ്താവനകളിറക്കി.
സമീപകാലത്ത് റയൽ മാഡ്രിഡ് സ്‌ട്രൈക്കർ വിനീഷ്യസ് ജൂനിയറാണ് അത്‌ലറ്റിക്കോ ആരാധകരുടെ ക്രൂരമായ വേട്ടയാടലുകൾക്ക് ഇരയായത്. 2023 ഡിസംബറിൽ റയൽ മാഡ്രിഡിന്റെ പരിശീലന ഗ്രൗണ്ടിന് തൊട്ടടുത്ത് ഒരു പാലത്തിൽ വിനീഷ്യസ് ജൂനിയറിനെ വംശീയമായി അധിക്ഷേപിച്ച് കൊണ്ട് ഒരു കോലം അത്ലറ്റിക്കോ ആരാധകർ കെട്ടിത്തൂക്കി. മാഡ്രിഡ് റയലിനെ വെറുക്കുന്നു എന്നെഴുതിയ ഒരു ബാനറും അതിന് തൊട്ടരികിൽ ഉണ്ടായിരുന്നു. സംഭവത്തിൽ നാല് ആരാധകർക്കെതിരെയ പൊലീസ് നടപടിയെടുത്തു. കോപ്പ ഡെൽറേ ക്വാർട്ടർ ഫൈനലിന് തൊട്ട് മുമ്പായിരുന്നു ഈ സംഭവം. വിനീഷ്യസിൻറെ മറുപടി പിന്നീട് മൈതാനത്താണ് ഫ്രെൻറെ കണ്ടത്. അതിന് മുമ്പും മെട്രോ പൊളിറ്റാനോയിൽ വിനീഷ്യസിന് നേരെ കുരങ്ങു വിളികൾ മുഴങ്ങിയിട്ടുണ്ട്.
തോൽവിയിലും ജയത്തിലുമൊക്കെ കളിയെ ഏറെ വൈകാരികമായി സമീപിക്കുന്ന സിമിയോണിയുടെ നിലപാടുകളും അത്ലറ്റിക്കോ ആരാധകരിൽ ഏറെ സ്വാധീനം ചെലുത്തുന്നുണ്ടെന്നാണ് സ്‌പെയിനിലെ ഫുട്‌ബോൾ വിശാരദരുടെ പക്ഷം. പല മത്സരങ്ങളിലും ഇത് ഗാലറികൾ നേരിട്ടനുഭവിച്ചിട്ടുമുണ്ട്. കോർട്ടുവക്കെതിരെ കുപ്പിയേറുണ്ടായപ്പോൾ അവരെ നിയന്ത്രിക്കാൻ സിമിയോണി ഓടിയെത്തിയത് കൂടെ ഇതിനോട് ചേർത്തു വായിക്കണം.
കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും അത്ലറ്റിക്കോയുടെ ഭൂരിഭാഗം ആരാധകരും ഫ്രെന്റെയുടെ നിലപാടുകളോട് വിയോജിപ്പുള്ളവരാണ്. ഫ്രെന്റെ അത്ലറ്റിക്കോയുടെ ഒഫീഷ്യൽ ഫാൻ ഗ്രൂപ്പല്ല എന്നത് തന്നെ ഇതിന് കാരണം. അതിൽ എത്ര അംഗങ്ങളുണ്ടെന്ന് പോലും കൃത്യമായി ആർക്കുമറിയില്ല. എതിർ താരങ്ങൾക്കെതിരെ വംശീയ ചാന്റുകൾ മുഴക്കുന്ന പലരും മാസ്‌ക് ധാരികളായിരിക്കും. അതിനാൽ തന്നെ പലപ്പോഴായി ഇക്കൂട്ടർ രക്ഷപ്പെടാറാണ് പതിവ്. ഗാലറിയിൽ വച്ച് തന്നെ ഫ്രൻറെയുടെ നിലപാടുകൾക്കെതിരെ അത്‌ലറ്റിക്കോ ആരാധകർ ശബ്ദമുയർത്താറുണ്ട്. റയലിനെതിരെ കളി നിർത്തി വച്ച സമയത്ത് ഗ്രൗണ്ടിന്റെ മുഴുവൻ ഭാഗവും നിശബ്ദമായിരുന്നപ്പോൾ അൾട്രാസ് തടിച്ച് കൂടിയ സ്റ്റാന്റിൽ നിന്ന് 'കോർട്ടുവ മരിക്കട്ടെ' എന്നടക്കം ചാൻറുകൾ ഉച്ചത്തിൽ മുഴങ്ങുന്നുണ്ടായിരുന്നു.
ഏതായാലും ആരാധകരെ പ്രകോപിപ്പിക്കാതെ എങ്ങനെ ഗോളാഘോഷം നടത്താമെന്ന് എതിർ കളിക്കാരെ പഠിപ്പിക്കാനെത്തുന്ന സിമിയോണിക്ക് ഇക്കാര്യത്തിൽ വാ തുറക്കാൻ എന്ത് യോഗ്യതയാണുള്ളതെന്നാണ് റയൽ ആരാധകർ ഇപ്പോൾ ചോദിക്കുന്നത്. മെട്രോപൊളിറ്റാനോ ഗാലറിയിൽ ഒരു അഗ്‌നിപർവതമായി പുകഞ്ഞ് കൊണ്ടിരിക്കുന്ന ഫ്രെൻറെ അത്‌ലറ്റിക്കോക്ക് മൂക്ക് കയറിടാൻ ക്ലബ്ബ് മാനേജ്‌നമെൻറിന് കഴിയാത്തതെന്ത് കൊണ്ടാണെന്നാണ് ഫുട്‌ബോൾ ലോകത്തിൻറെ ചോദ്യം.