66 വയസുള്ള കുതിരയോട്ടക്കാരിയും 12കാരിയായ ടേബിൾ ടെന്നീസ് താരവും; ടോക്യോ ഒളിംപിക്‌സിലെ മുതിര്‍ന്നവരെയും കൊച്ചുതാരങ്ങളെയും അറിയാം
ഓസ്‌ട്രേലിയയിൽനിന്നുള്ള 66കാരി മുതൽ സിറിയയിൽനിന്നെത്തിയ 12കാരി വരെ നീളുന്നതാണ് കായികതാരങ്ങളുടെ നീണ്ടനിര. ടോക്യോ ഒളിംപിക്‌സിൽ അണിനിരക്കുന്ന താരങ്ങളില്‍ പ്രായം കൂടിയവരെയും കൊച്ചുതാരങ്ങളെയും പരിചയപ്പെടാം
ലോകത്തെ ഏറ്റവും വലിയ കായിക മാമാങ്കമാണ് ഒളിംപിക്‌സ്. 200ഓളം ലോകരാജ്യങ്ങളിലെ കായിക പ്രതിഭകൾ മാറ്റുരയ്ക്കുന്ന ഒളിംപിക്‌സ് സാധാരണ നാലു വർഷം കൂടുമ്പോഴാണ് നടക്കാറ്. എന്നാൽ, ലോകത്തെ കോവിഡ് മഹാമാരി പിടിച്ചുലച്ചപ്പോൾ ഒളിംപിക്‌സിന്റെ കണക്കും തെറ്റി.
ജപ്പാൻ തലസ്ഥാനമായ ടോക്യോയിൽ ഇന്ന് കൊടിയേറിയ ഒളിംപിക്‌സിൽ പോരാട്ടത്തിനെത്തിയിരിക്കുന്നത് ആയിരക്കണക്കിനു താരങ്ങളാണ്. പ്രായവൈവിധ്യം കൊണ്ടും ശ്രദ്ധേയമാണ് ഈ താരനിര. ഓസ്‌ട്രേലിയയിൽനിന്നുള്ള 66കാരി മുതൽ സിറിയയിൽനിന്നെത്തിയ 12കാരി വരെ നീളുന്നതാണ് കായികതാരങ്ങളുടെ നീണ്ടനിര. ടോക്യോ ഒളിംപിക്‌സിൽ അണിനിരക്കുന്ന ഏറ്റവും പ്രായം കൂടിയവരെയും പ്രായംകുറഞ്ഞവരെയും പരിചയപ്പെടാം.
1. മേരി ഹന്ന
ഓസ്‌ട്രേലിയയിൽനിന്നുള്ള അശ്വാരൂഢതാരമാണ് 66കാരിയായ മേരി ഹന്ന. ഇത് ഏഴാമത്തെ ഒളിംപിക്‌സിലാണ് ഹന്ന പങ്കെടുക്കുന്നത്.
നിലവിൽ ഓസ്‌ട്രേലിയയുടെ പ്രായംകൂടിയ ഒളിംപ്യനാണ് അവർ. ടോക്യോയിൽ മത്സരത്തിനിറങ്ങുന്നതോടെ ഒളിംപിക്‌സ് ചരിത്രത്തിലെ തന്നെ പ്രായംകൂടിയ രണ്ടാമത്തെ അത്‌ലറ്റുമാകുമവർ. ബ്രിട്ടീഷ് മുൻ താരം ലോണ ജോൺസ്‌റ്റോണിനാണ് ഏറ്റവും പ്രായംകൂടിയ വനിതാ ഒളിംപ്യനെന്ന റെക്കോർഡുള്ളത്. കൗതുകകരമെന്നോണം ലോണയും അശ്വാരൂഢതാരമായിരുന്നു. 1972ൽ 70-ാം വയസിലാണ് ലോണ അവസാനമായി ബ്രിട്ടനു വേണ്ടി ഒളിംപിക്‌സിൽ മാറ്റുരയ്ക്കുന്നത്.
2. ആൻഡ്ര്യു ഹോയ്
ഇത്തവണ പ്രായക്കാരിൽ രണ്ടാമതുള്ളതും ഓസീസ് താരം തന്നെയാണ്. മത്സരിക്കുന്ന ഇനം കുതിരയോട്ടവും. 62കാരനായ ആൻഡ്ര്യു ഹോയ് ഇത് എട്ടാമത്തെ ഒളിംപിക്‌സിനാണെത്തുന്നത്. ഇതിനിടയിൽ ഓസ്‌ട്രേലിയയ്ക്കായി സ്വർണമെഡലുകളും നേടിക്കൊടുത്തിട്ടുണ്ട് ഇദ്ദേഹം.
ടോക്യോയിൽ മത്സരത്തിനിറങ്ങുന്നതോടെ ഓസ്‌ട്രേലിയയുടെ ഏറ്റവും പ്രായംകൂടിയ ഒളിംപ്യനാകും ആൻഡ്ര്യു ഹോയ്. കാനഡയുടെ അശ്വാരൂഢതാരം ഇയാൻ മില്ലർ ആണ് നിലവിൽ ഏറ്റവും കൂടുതൽ ഒളിംപിക്‌സിൽ പങ്കെടുത്ത താരം. 2008, 2016 ഒളിംപിക്‌സിൽ നിർഭാഗ്യംകൊണ്ട് ആൻഡ്ര്യു ഹോയ്ക്ക് ഓസീസ് ടീമിൽ ഇടംപിടിക്കാനായിരുന്നില്ല. അന്നു മത്സരിച്ചിരുന്നെങ്കിൽ ഇയാൻ മില്ലറുടെ റെക്കോർഡും ഹോയുടെ പേരിലാകുമായിരുന്നു.
3. ഹെന്ദ് സാസ
സിറിയയിൽനിന്നുള്ള ടേബിൾ ടെന്നീസ് താരം ഹെന്ദ് സാസയാണ് ഇത്തവണ ഒളിംപിക്‌സിലെ കൊച്ചുതാരം. വെറും പന്ത്രണ്ടാം വയസിലാണ് സാസ തന്റെ രാജ്യത്തെ ലോക കായിക മാമാങ്കത്തിൽ പ്രതിനിധീകരിക്കുന്നത്.
ടേബിൾ ടെന്നീസ് വിഭാഗത്തിൽ മത്സരിക്കുന്ന ആദ്യ സിറിയൻ താരമെന്ന സവിശേഷതകൂടിയുണ്ട് ഹെന്ദ് സാസയ്ക്ക്. 42 വയസുള്ള ലബനീസ് താരം മരിയാന സഹാക്കിയനെ പരാജയപ്പെടുത്തിയാണ് ഈ കൊച്ചുമിടുക്കി ഒളിംപിക്‌സ് യോഗ്യത നേടുന്നത്. അഞ്ചാം വയസിൽ ടേബിൾ ടെന്നീസ് കളിച്ചുതുടങ്ങിയ സാസ ആറാം വയസിൽ ഖത്തറിൽ നടന്ന വേൾഡ് ഹോപ്‌സ് വീക്ക് ആൻഡ് ചാലഞ്ച് പരിപാടിയിലൂടെയാണ് ഒരു ലോക കായിക മാമാങ്കത്തിൽ അരങ്ങേറ്റം കുറിക്കുന്നത്.
4. കൊകോണ ഹിരാകി
ആതിഥേയരെ പ്രതിനിധീകരിച്ചും ഒരു കൊച്ചുമിടുക്കി ഇത്തവണ മത്സരരംഗത്തുണ്ട്. 12കാരിയായ സ്‌കേറ്റിങ് താരം കൊകോണ ഹിരാകിയാണത്. ഡ്യൂ ടൂറിൽ അഞ്ചാം സ്ഥാനക്കാരിയായാണ് ഹിരാകി ടോക്യോ ഒളിംപിക്‌സിന് യോഗ്യത നേടുന്നത്.
നീന്തൽതാരമായിരുന്ന യുകാരിയായിരുന്നു ഇതുവരെ ജപ്പാനെ ഒളിംപിക്‌സിൽ പ്രതിനിധീകരിക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ താരം. 1968ൽ നടന്ന മെക്‌സിക്കോ ഒളിംപിക്‌സിൽ 13-ാം വയസിലായിരുന്നു യുകാരി മത്സരിച്ചത്. ഇത്തവണ ആ റെക്കോർഡ് ഹിരാകി സ്വന്തം പേരിലാക്കും.