'ലണ്ടന്‍റെ നിറം ചുവപ്പാണ്...'; ഒബമയാങിന് മറുപടിയുമായി ഗബ്രിയേൽ

ആഴ്സനലന്‍ മുന്‍ ക്യാപ്റ്റനും ഇപ്പോള്‍ ചെല്‍സിയുടെ മുന്നേറ്റനിര താരവുമായ ഒബമയാങിനുള്ള മറുപടിയായിരുന്നു ഗബ്രിയേലിന്‍റെ ട്വീറ്റ്.

Update: 2022-11-07 06:59 GMT
Advertising

പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്കെതിരായ ജയത്തിന് പിന്നാലെ ആഴ്സനല്‍  ഡിഫന്‍ഡര്‍ ഗബ്രിയേലിന്‍റെ ട്വീറ്റ് വൈറലാകുന്നു. ഗബ്രിയേലിന്‍റെ ഒരു ഗോള്‍ ബലത്തിലായിരുന്നു ആഴ്സലിന്‍റെ ജയം. ജയത്തോടെ പ്രീമിയര്‍ ലീഗില്‍ ആഴ്സനല്‍ സിറ്റിയെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തി.

ഇതിനുപിന്നാലെയാണ് ഗബ്രിയേല്‍ തങ്ങളുടെ(ആഴ്സനല്‍) മുന്‍ ക്യാപ്റ്റനും ഇപ്പോള്‍ ചെല്‍സിയുടെ മുന്നേറ്റനിര താരവുമായ ഒബമയാങിന് പരോക്ഷ മറുപടിയുമായി ട്വീറ്റ് ചെയ്തത്. 'ഒന്നും വ്യക്തിപരമല്ല, ലണ്ടൻ ചുവപ്പാണ്' എന്നായിരുന്നു ഗബ്രിയേലിന്‍റെ ട്വീറ്റ്.


പ്രീമിയർ ലീഗിലെ ലണ്ടൻ ഡർബി ജയത്തിനു ശേഷം മുൻ ആഴ്‌സണൽ ക്യാപ്റ്റൻ ഒബമയാങിനുള്ള മറുപടി ട്വീറ്റാണ് ഗബ്രിയേല്‍ കുറിച്ചതെന്ന് വ്യക്തം. മത്സരത്തിന് മുമ്പ് ഒബമയാങ് ട്വിറ്ററില്‍ ഇങ്ങനെ കുറിച്ചിരുന്നു. 'ഒന്നും വ്യക്തിപരമല്ല, ഞാൻ ഇപ്പോൾ ചെൽസിയുടെ നീലയാണ്'. ഈ പശ്ചാത്തലത്തിലാണ് ആഴ്സനല്‍ കളി ജയിച്ച ശേഷം ഗോള്‍ നേടിയ ബ്രസീലിയൻ ഡിഫന്‍ഡര്‍  മുന്‍ ക്യാപ്റ്റന്‍ മറുപടിയുമായി എത്തിയത്. അതും ഒബമയാങിന്‍റെ അതേ വാക്കുകള്‍ കടമെടുത്ത്... 'ഒന്നും വ്യക്തിപരമല്ല, ലണ്ടൻ ചുവപ്പാണ്' എന്നാണ് ഗബ്രിയേൽ ട്വിറ്ററിൽ കുറിച്ചത്.


ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിയെ ഹോം ഗ്രൗണ്ടായ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ എതിരില്ലാത്ത ഒരു ഗോളിനാണ് ആഴ്‌സനൽ ചെല്‍സിയെ പരാജയപ്പെടുത്തിയത്. 62-ാം മിനിറ്റിൽ ഗബ്രിയേൽ ആണ് ആഴ്‌സനലിനായി ഗോൾ നേടിയത്. സാകയുടെ മഴവില്‍ കോർണറില്‍ കാലുവെക്കേണ്ട ചുമതലയേ ഗബ്രിയേലിനുണ്ടായിരുന്നുള്ളൂ. പന്ത് വലയിലെത്തി... മത്സരത്തിൽ ആഴ്‌സനലാണ് കൂടുതല്‍ സമയവും മേധാവിത്തം പുലർത്തിയത്.ബോള്‍ പൊസെഷനിലടക്കം ആഴ്സലിന് വ്യക്തമായ ആധിപത്യമുണ്ടായിരുന്ന മത്സരമായിരുന്നു ഇന്നലത്തേത്. ഷോട്ട് ഓൺ ടാർഗറ്റിലും ആഴ്‌സനൽ തന്നെയാണ് മികവ് പുലർത്തിയത്.

ഈ വിജയത്തോടെ ആഴ്‌സനൽ 13 മത്സരങ്ങളിൽനിന്ന് 34 പോയിന്റുമായി ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒന്നാമതെത്തി. ചെൽസിക്ക് ഇത് തുടർച്ചയായ രണ്ടാം പരാജയമാണ്. 21 പോയിന്റുമായി ചെൽസി ഏഴാം സ്ഥാനത്താണ്.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News