തൊണ്ണൂറാം മിനുട്ടില്‍ സമനില ഗോളുമായി ഗോകുലം; തോല്‍വിയറിയാതെ ഏഴാം മത്സരം

ഇതുവരെ ഏഴ് മത്സരങ്ങൾ പൂര്‍ത്തിയാക്കിയപ്പോള്‍ പരാജയം അറിയാതെ 15 പോയിന്‍റുമായി ഗോകുലം പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്.

Update: 2022-03-29 14:26 GMT
Advertising

അവസാന മിനുട്ട് വരെ പിറകില്‍ നിന്ന ശേഷം ഗോകുലത്തിന്‍‌റെ മടങ്ങിവരവ് ഐ ലീഗില്‍. രാജസ്ഥാന്‍ യുണൈറ്റഡിനെതിരായ മത്സരത്തില്‍ 90 ആം മിനുട്ടിലെ ഗോളോടെ ഗോകുലം കേരളയ്ക്ക് സമനില. ആദ്യ പകുതിയിലെ 27 ആം മിനുട്ടില്‍ ഗോള്‍ നേടിയ രാജസ്ഥാന്‍ വിജയം ഉറപ്പിച്ചിടത്തുനിന്നാണ് ഗോകുലം കളി തിരിച്ചുപിടിച്ചത്. സീസണില്‍ ഇതുവരെ തോല്‍വിയറിയാതെ മുന്നേറുകയാണ് ഗോകുലം എഫ്.സി.

ആദ്യ പകുതിയിലെ 27ആം മിനുട്ടിൽ പെനാല്‍റ്റി ഗോളിലൂടെയാണ് രാജസ്ഥാൻ ലീഡ് നേടിയത്. ജഹനോവ് ആണ് പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ചത്. ആദ്യ പകുതിക്ക് ശേഷം 66ആം മിനുട്ടിൽ രാജസ്ഥാൻ താരം ഒമർ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ ഗോകുലം തിരിച്ചടിക്ക് മൂര്‍ച്ച കൂട്ടി . തുടര്‍ച്ചയായി ഗോള്‍മുഖത്തേക്ക് ഇരച്ചുകയറിയ ഗോകുലത്തിന്‍റെ ശ്രമം ഒുടുവില്‍ 90 ആം മിനുട്ടില്‍ ഫലം കണ്ടു.

പകരക്കാരനായെത്തിയ റൊണാൾഡ് സിങ് ആണ് കേരളത്തിന് സമനില നേടിത്തന്നത്. പിന്നീട് ആറ് മിനുട്ട് ഇഞ്ച്വറി ടൈം കിട്ടിയെങ്കിലും ലീഡെടുക്കാന്‍ ഗോകുലത്തിനായില്ല. ലീഗില്‍ ഒന്നാമതെത്താനുള്ള അവസരം ആണ് ഗോകുലത്തിന് സമനിലയോടെ നഷ്ടമായത്. ഇതുവരെ ഏഴ് മത്സരങ്ങൾ പൂര്‍ത്തിയാക്കിയപ്പോള്‍ പരാജയം അറിയാതെ 15 പോയിന്‍റുമായി ഗോകുലം പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. 16 പോയിന്‍റുള്ള മൊഹമ്മദൻസ് ആണ് ടേബിളില്‍ ഒന്നാമത്.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News