സെന്‍സിബിള്‍ ഇന്നിങ്സുമായി കോഹ്‍ലി; ബാംഗ്ലൂരിന് 170 റണ്‍സിന്‍റെ ടോട്ടല്‍
സ്‌കോർ 11 എത്തിനിൽക്കെ ക്യാപ്റ്റൻ ഡുപ്ലസിയുടെ വിക്കറ്റ് നഷ്ടപ്പെട്ട് ടീം തകര്‍ച്ച നേരിടുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് കോഹ്‍ലി സെൻസിബിൾ ഇന്നിങ്സുമായി ടീമിനെ നയിച്ചത്.
ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം കോഹ്‍ലിയുടെ ബാറ്റ് വീണ്ടും ശബ്ദിച്ചപ്പോള്‍ ഗുജറാത്തിനെതിരെ ബാംഗ്ലൂരിന് മോശമല്ലാത്ത ടോട്ടല്‍. നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ബാംഗ്ലൂര്‍ 170 റണ്‍സെടുത്തു. സ്‌കോർ 11 എത്തിനിൽക്കെ ക്യാപ്റ്റൻ ഡുപ്ലസിയുടെ വിക്കറ്റ് നഷ്ടപ്പെട്ട് ടീം തകര്‍ച്ച നേരിടുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് കോഹ്‍ലി സെൻസിബിൾ ഇന്നിങ്സുമായി ടീമിനെ നയിച്ചത്. കോഹ്‍ലിക്ക് പുറമേ രജത് പട്ടീദാറും ബാംഗ്ലൂരിനായി അർധസെഞ്ച്വറി കണ്ടെത്തി. 53 പന്തില്‍ ആറ് ബൌണ്ടറിയും ഒരു സിക്സറുമുള്‍പ്പടെ കോഹ്‍ലി 58 റണ്‍സെടുത്തപ്പോള്‍ പട്ടീദാർ 32 പന്തില്‍ അഞ്ച് ബൗണ്ടറിയും രണ്ട് സിക്സറുമുള്‍പ്പടെ 52 റണ്‍സെടുത്തു. അവസാന ഓവറുകളില്‍ തകര്‍ത്തെടുത്ത ഗ്ലെന്‍ മാക്സ്വെല്ലും ബാംഗ്ലൂരിനായി കാര്യമായ സംഭാവന ചെയ്തു. 18 പന്തില്‍ മൂന്ന് ബൗണ്ടറിയും രണ്ട് സിക്സറുമുള്‍പ്പടെ 33 റണ്‍സാണ് മാക്സ്വെല്‍ ഡെത്ത് ഓവറുകളില്‍ അടിച്ചെടുത്തത്. ഗുജറാത്തിനായി പ്രദീപ് സാങ്വാന്‍ രണ്ട് വിക്കറ്റെടുത്തു.
അര്‍ധ സെഞ്ച്വറിയുമായി ഫോമിലേക്ക് തിരിച്ചെത്തി കോഹ്‌ലിയെ വിക്കറ്റിന് മുന്നിൽ കുടുക്കിയത് മുഹമ്മദ് ഷമിയാണ്. ഐപിഎല്ലിലെ ഈ സീസണിലെ 9 മത്സരങ്ങളിൽ നിന്ന് 128 റൺസായിരുന്നു ഇതുവരെ കോഹ്‌ലിയുടെ സമ്പാദ്യം. ആദ്യ മത്സരത്തിലെയും നാലാം മത്സരത്തിലെയും പ്രകടനം മാറ്റി നിൽത്തിയാൽ സീസണിൽ മോശം പ്രകടനമാണ് കോഹ്‌ലി കാഴ്ച്ചവെച്ചത്. കളിച്ച 10 മത്സരങ്ങളിലെ രണ്ട് മത്സരങ്ങളില്‍ തുടർച്ചയായി പൂജ്യത്തിന് പുറത്തായതും താരത്തിനെതിരെ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.