'വൈ നോട്ട്...?'; ക്യാപ്റ്റന്‍സി ലഭിച്ചാല്‍ ഉറപ്പായും സ്വീകരിക്കുമെന്ന് ഹര്‍ദിക്
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ മുഴുവന്‍ സമയ ക്യാപ്റ്റനാകാന്‍ സാധിച്ചാല്‍ സന്തോഷമേയുള്ളൂയെന്ന് ഹര്‍ദിക് പാണ്ഡ്യ. ടീമിന്‍റെ ലീഡര്‍ഷിപ്പ് റോള്‍ ഓഫര്‍ ലഭിച്ചാല്‍ സ്വീകരിക്കുമോയെന്ന ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു ഹാര്‍ദിക്. 'അങ്ങനെ ഒരു ക്ഷണം ലഭിച്ചാല്‍ ഉറപ്പായും സ്വീകരിക്കും'. അത് എനിക്ക് കൂടുതല്‍ സന്തോഷം നല്‍കും. അദ്ദേഹം പറഞ്ഞു.
ഇന്നലെ വെസ്റ്റ് ഇൻഡീസിനെതിരെ നടന്ന അഞ്ചാമത്തെയും അവസാനത്തെയും ടി20യിൽ രോഹിത് ശർമ്മയ്ക്ക് പകരം ഹാർദിക് പാണ്ഡ്യയാണ് ഇന്ത്യന്‍ ടീമിനെ നയിച്ചത്. രോഹിതിന് വിശ്രമം അനുവദിച്ച സാഹചര്യത്തിലാണ് പാണ്ഡ്യക്ക് ക്യാപ്റ്റന്‍ ക്യാപ് ലഭിച്ചത്. ഹര്‍ദികിന്‍റെ നേതൃത്വത്തില്‍ കളിച്ച ഇന്ത്യന്‍ ടീം 88 റൺസിന് വിന്‍ഡീസിനെ തകര്‍ത്തുവിടുകയായിരുന്നു.
189 റൺസ് വിജയലക്ഷ്യം പിന്തുടർന്ന വിൻഡീസിന് മറുപടി ബാറ്റിങില്‍ 100 റൺസെടുക്കുന്നതിനിടെ എല്ലാവരു പുറത്തായി. ടോസ് നേടി ബാറ്റ് ചെയ്ത സന്ദർശകർ 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 188ലെത്തി. ഇന്ത്യൻ ബാറ്റിങ്ങിൽ 40 പന്തിൽ 64 റൺസെടുത്ത ഓപണർ ശ്രേയസ് അയ്യരാണ് ടോപ് സ്‌കോറർ. ദീപക് ഹൂഡ 25 പന്തിൽ 38ഉം ക്യാപ്റ്റൻ പാണ്ഡ്യ 16 പന്തിൽ 28ഉം റൺസ് നേടി മടങ്ങി. 11 പന്തിൽ 15 റൺസെടുത്ത് സഞ്ജു സാംസണും പുറത്തായി.
ഇഷാൻ കിഷൻ (11), ദിനേശ് കാർത്തിക് (12), അക്‌സർ പട്ടേൽ (ഒമ്പത്) എന്നിങ്ങനെയാണ് മറ്റു ബാറ്റ്‌സ്മാന്മാരുടെ സംഭാവനകൾ. വിൻഡീസ് നിരയിൽ 35 പന്തിൽ 56 റൺസെടുത്ത ഷിംറോൺ ഹെറ്റ്‌മെയർക്ക് മാത്രമാണ് പിടിച്ചുനിൽക്കാനായത്. ഇന്ത്യയ്ക്കായി അക്സര്‍ പട്ടേലും കുൽദീപ് യാദവും മൂന്ന് വിക്കറ്റുകൾ നേടിയപ്പോൾ രവി ബിഷ്‌നോയി നാല് വിക്കറ്റെടുത്തു. ഇതോടെ പരമ്പര ഇന്ത്യ 4-1ന് നേടി