ഇന്ത്യ തോറ്റത് അറിഞ്ഞില്ലെന്ന് വോൻ; വസീം ജാഫറിന്റെ വായടപ്പൻ മറുപടി

മുന്‍ ഇന്ത്യന്‍ താരത്തിന്‍റെ മറുപടി ഇതിനോടകം സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു

Update: 2024-08-11 12:10 GMT
Advertising

സോഷ്യൽ മീഡിയയിൽ ഏറെക്കാലമായി നിലനിൽക്കുന്ന വസീം ജാഫർ മൈക്കിൽ വോൻ പോര് ഒരിടവേളക്ക് ശേഷം വീണ്ടും തലപൊക്കുകയാണ്. എക്‌സിൽ ഇരുവരുടേയും സംവാദങ്ങൾ ഏറെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുക്കാറ്. ശ്രീലങ്കക്കെതിരായ പരമ്പരയിലെ ഇന്ത്യയുടെ തോൽവിക്ക് പിറകേ വസീമിനെ ചൊറിഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ വോൻ. 'വസീമിനോട് ചോദിക്കൂ' എന്ന ഹാഷ് ടാഗിൽ ആരാധകരുമായി സംവദിക്കുന്ന മുൻ ഇന്ത്യൻ താരത്തിന്റെ ട്വീറ്റ് പങ്ക് വച്ച് മൈക്കിൽ വോൻ കുറിച്ചത് ഇങ്ങനെ.

''ഹായ് വസീം. അടുത്തിടെ ശ്രീലങ്കയിൽ വച്ച് നടന്ന ഏകദിന പരമ്പരയുടെ ഫലം എന്തായി? ഞാനിവിടെയില്ലാത്തത് കൊണ്ട് ഒന്നും അറിയാന്‍ കഴിഞ്ഞില്ല. അവിടെയെല്ലാം നന്നായി പോകുന്നു എന്ന് വിശ്വസിക്കുന്നു.''

വോന്റെ പരിഹാസച്ചുവയുള്ള ട്വീറ്റിന് വസീമിന്റെ മറുപടി ഉടനെത്തി. ''ആഷസിനെ കുറിച്ച് പറഞ്ഞ് ഞാനിതിനെ കുറിച്ച് വിശദീകരിക്കാം മൈക്കിൽ.  കഴിഞ്ഞ 12 വർഷത്തിനിടെ ഇംഗ്ലണ്ട് ആസ്‌ത്രേലിയൻ മണ്ണിൽ എത്ര ടെസ്റ്റ് മത്സരം ജയിച്ചോ, അത്രയും കളികള്‍ ഇന്ത്യ ശ്രീലങ്കയിൽ ജയിച്ചു"'

കഴിഞ്ഞ 12 വർഷത്തിനിടെ ആസ്‌ത്രേലിയയിൽ അരങ്ങേറിയ ആഷസ് പരമ്പരകളിൽ ഒരു മത്സരം പോലും വിജയിക്കാൻ ഇംഗ്ലീഷ് സംഘത്തിനായിട്ടില്ല. മുന്‍ ഇന്ത്യന്‍ താരത്തിന്‍റെ മറുപടി ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അതേ സമയം  നീണ്ട 27 വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യ ശ്രീലങ്കയോട് ഒരു പരമ്പര തോല്‍ക്കുന്നത്. ഏറ്റവും അവസാനമായി തോറ്റത് 1997 ലാണ്. 

ശ്രീലങ്കൻ സ്പിന്നർമാരുടെ കറങ്ങിത്തിരിയുന്ന പന്തുകൾക്ക് മുന്നിൽ ഇന്ത്യൻ ബാറ്റർമാർക്ക് തൊട്ടതെല്ലാം പിഴക്കുന്നതാണ് ലങ്കൻ മണ്ണിൽ  കണ്ടത്. തോറ്റ രണ്ട് മത്സരങ്ങളിലും സ്പിന്നർമാരാണ് പേരുകേട്ട ഇന്ത്യൻ ബാറ്റിങ് നിരക്ക് വാരിക്കുഴിയൊരുക്കിയത്. രണ്ടാം ഏകദിനത്തിൽ വിജയത്തിലേക്ക് കുതിക്കുകയായിരുന്ന രോഹിതിനേയും സംഘത്തേയും വീഴ്ത്തിയത് ജെഫ്രി വാൻഡർസേ ആയിരുന്നെങ്കിലും നിർണായകമായ മൂന്നാം ഏകദിനത്തിൽ ഇന്ത്യ വീണത് ദുനിത് വെല്ലലഗേക്ക് മുന്നിലാണ്. ക്യാപ്റ്റൻ രോഹിത് ശർമ ഒഴികെ മറ്റ് ബാറ്റര്‍മാര്‍ക്കൊന്നും ടൂർണമെന്റിൽ മികച്ച പ്രകടനങ്ങള്‍ പുറത്തെടുക്കാനായില്ല. 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News