ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഇന്ത്യ കലാശക്കളിയിൽ കലമുടച്ചത് എപ്പോഴൊക്കെ ?

കലാശക്കളിയിൽ പലതവണ ഇന്ത്യ കലമുടച്ചിട്ടുണ്ട്. അപ്പോഴൊക്കെ ആരാധകർ ഹൃദയം തകർന്ന വേദനയിൽ വിലപിച്ചിട്ടുമുണ്ട്. 2003 മുതല്‍ എപ്പോഴൊക്കെയാണ് ഇന്ത്യൻ ഫൈനലിൽ തോറ്റിട്ടുള്ളതെന്ന് നോക്കാം.

Update: 2021-06-27 13:34 GMT
Editor : Nidhin | By : Sports Desk
Advertising

മികച്ച കളി പുറത്തെടുത്തിട്ടും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ന്യൂസിലൻഡിനോടുള്ള പരാജയം ഇന്ത്യൻ ക്യാമ്പിലും ആരാധകർക്കും വലിയ നിരാശയാണ് നൽകിയത്. ഒരു വർഷത്തിലേറെ നീണ്ട പോരാട്ടത്തിനൊടുവിലാണ് ഇന്ത്യ ഇംഗ്ലണ്ടിലേക്ക് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ കളിക്കാൻ വിമാനം കയറിയത്. കോടിക്കണക്കിന് വരുന്ന ഇന്ത്യൻ ആരാധകരുടെ അത്രയും നീണ്ട പ്രതീക്ഷയാണ് അന്ന് ഇല്ലാതായത്.

ഇതുപോലെ കലാശക്കളിയിൽ പലതവണ ഇന്ത്യ കലമുടച്ചിട്ടുണ്ട്. അപ്പോഴൊക്കെ ആരാധകർ ഹൃദയം തകർന്ന വേദനയിൽ വിലപിച്ചിട്ടുമുണ്ട്. 21-ാം നൂറ്റാണ്ടിൽ എപ്പോഴൊക്കെയാണ് ഇന്ത്യൻ ഫൈനലിൽ തോറ്റിട്ടുള്ളതെന്ന് നോക്കാം.

2003 ലോകകപ്പ്

കപിൽദേവും കൂട്ടരും 1983 ൽ നേടിയ ലോകകിരീടത്തിന്റെ ഓർമകൾക്ക് 20 വർഷമാകുമ്പോഴാണ്. രണ്ടാം ലോക കിരീടത്തിനുള്ള അവസരം കൺമുമ്പിൽ തകർന്നുവീണത്. ക്രിക്കറ്റിനെ ഒരു മതമായി കാണുന്ന ഇന്ത്യൻ ജനത അത്രത്തോളം പ്രതീക്ഷയാണ് സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിലിറങ്ങിയ ആ സംഘത്തിൽ വച്ചു പുലർത്തിയത്. സൗത്ത് ആഫ്രിക്കയിൽ വച്ച നടന്ന മത്സരത്തിൽ ഇന്ത്യയ്ക്ക് ഫൈനലിൽ നേരിടാനുണ്ടായിരുന്നത് കരുത്തരായ ഓസീസ് നിരയെയായിരുന്നു.

ടോസ് നേടിയ ഗാംഗുലി ഓസ്‌ട്രേലിയയെ ബാറ്റിങിനയച്ചു. വെറും രണ്ട് വിക്കറ്റ് നഷ്ടത്തിൽ 359 റൺസാണ് ഓസീസ് അടിച്ചുകൂട്ടിയത്. 300 ന് മുകളിലുള്ള സ്‌കോർ ചേസ് ചെയ്തു വിജയിക്കുക എന്നത് അക്കാലത്ത് അത്ര സാധാരണമായിരുന്നില്ല. തുടക്കം മുതൽ തകർച്ച നേരിട്ട ഇന്ത്യൻ ബാറ്റിങ് നിര 234 റൺസിൽ എല്ലാവരും പുറത്തായി. 125 റൺസിന്റെ വലിയ തോൽവി ഇന്ത്യ ഏറ്റുവാങ്ങി. പിന്നെയും എട്ട് വർഷം കഴിഞ്ഞു 2011 ലാണ് ഇന്ത്യ രണ്ടാമത് ഏകദിന ലോകകപ്പ് ഉയർത്തിയത്.

2014 ട്വന്‍റി-20 ലോകകപ്പ്

പ്രഥമ ലോകകപ്പ് കിരീടനേട്ടത്തോടെ ട്വന്റി-20യിൽ തങ്ങളുടെ വരവ് രാജകീയമായി തന്നെ അറിയിച്ചവരാണ് ടീം ഇന്ത്യ. 2014 ട്വന്റി-20 ലോകകപ്പ് ഫൈനലിൽ ഇന്ത്യയെ നയിച്ചത് അന്ന് ട്വന്റി-20 ലോകകപ്പും പിന്നീട് ഏകദിന ലോകകപ്പും നേടിത്തന്ന ധോണിയാണ്. ഇന്ത്യ ആത്മവിശ്വാസത്തിന്റെ കൊടുമുടിയിലാണ് ഫൈനലിൽ അയൽക്കാരായ ശ്രീലങ്കയെ നേരിടാനിറങ്ങിയത്. പക്ഷേ ശ്രീലങ്ക 2011 ലോകകപ്പ് ഫൈനലിലെ തോൽവിക്ക് മറുപടി നൽകാനാണ് ഈ അവസരത്തെ എടുത്തത്. ടോസ് നഷ്ടപ്പെട്ട ഇന്ത്യ ആദ്യം ബാറ്റ് ചെയ്യാനിറങ്ങി. പക്ഷേ ഒരു ഇന്ത്യൻ ബാറ്റിങ് ദുരന്തമാണ് ധാക്കയിലെ ഷെറെ ബംഗളാ ദേശീയ സ്റ്റേഡിയത്തിൽ കണ്ടത്. നാല് വിക്കറ്റ് നഷ്ടത്തിൽ 130 റൺസ് മാത്രമാണ് ഇന്ത്യയ്ക്ക് നേടാനായത്. അന്നൊരിക്കൽ 2007 ലോകകപ്പിലെ നായകനായിരുന്ന യുവരാജ് സിങ് ഈ ലോകകപ്പ് ഫൈനലിൽ ഇന്ത്യയുടെ വില്ലനാകുന്ന കാഴ്ചയാണ് അന്നവിടെ കണ്ടത്. നാലാമതിറങ്ങിയ യുവരാജ് സിങിന് 21 പന്തിൽ 11 റൺസ് മാത്രമാണ് നേടാനായത്. കോലി അർധ സെഞ്ച്വറി നേടിയെങ്കിലും അദ്ദേഹത്തിന് ആരും പിന്തുണ നൽകിയില്ല.

ഇന്ത്യ ഉയർത്തിയ 131 എന്ന വിജയലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തിൽ 17.5 ഓവറിൽ ശ്രീലങ്ക മറികടന്നു.

2017 ഐസിസി ചാമ്പ്യൻസ് ട്രോഫി

വിരാട് കോലിക്ക് നായകനായി ആദ്യ വർഷം തന്നെ ആദ്യ ഐസിസി കിരീടം നേടാനുള്ള അവസരമാണ് 2017 ഐസിസി ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ കോലിക്ക് നഷ്ടമായത്. അതും ചിരവൈരികളായ പാകിസ്ഥാനോടാണ് ആ തോൽവി എന്നത് ഇന്ത്യൻ ആരാധക ഹൃദയത്തിൽ കൂടുതൽ വലിയ മുറിവ് ഏൽപ്പിച്ചു. ആദ്യം ബോൾ ചെയ്ത ഇന്ത്യൻ ബോളർമാരെ പാകിസ്ഥാൻ കണക്കിന് പ്രഹരിച്ചു. 50 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 338 റൺസാണ് അവർ നേടിയത്.

മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യ ഒന്ന് പോരാടാൻ പോലും നിൽക്കാതെ തകർന്നു വീണു. 30.3 ഓവറിൽ 158 റൺസിന് ഇന്ത്യ പോരാട്ടം അവസാനിപ്പിച്ചു. 180 റൺസിന് പാകിസ്ഥാനോട് ഇന്ത്യ തോൽവി വഴങ്ങി.

2021 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്

രണ്ടു ദിവസം മഴ കൊണ്ടു പോയിട്ടും ന്യൂസിലൻഡിനോട് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്റെ ഫലം ഒരു സമനിലയാക്കി പോലും ചുരുക്കാൻ ഇന്ത്യയ്ക്കായില്ല. അവസാന ദിനം 139 റൺസ് വിജയിക്കാൻ വേണ്ടിയിരുന്ന ന്യൂസിലൻഡ് നായകൻ വില്യംസണിന്റെയും റോസ് ടെയ്ലറിന്റെയും ബലത്തിൽ ഇന്ത്യയെ തോൽപ്പിച്ചു.

ഇതിനിടയിൽ 2007 ൽ ലോക ട്വന്‍റി-20 കിരീടവും 2011 ൽ ഏകദിന ലോകകപ്പ് കിരീടവും 2013 ൽ ചാമ്പ്യൻസ് കിരീടവും ഇന്ത്യ നേടിയെങ്കിലും കലാശക്കളിയിലെ തോൽവികൾ ഇന്ത്യൻ ആരാധകരുടെ ഹൃദയത്തിൽ ഇന്നും നിരാശയോടെ അവശേഷിക്കുന്നുണ്ട്.

Tags:    

Editor - Nidhin

contributor

By - Sports Desk

contributor

Similar News