'കളിച്ചു നടന്നാൽ മതിയോ, പഠിക്കണ്ടേ? മുംബൈ താരത്തോട് അമ്മ; മറുപടി ഇങ്ങനെ
സോഷ്യല്‍ മീഡിയയില്‍ മുംബൈ പങ്കുവച്ച വീഡിയോ ഇതിനോടകം വൈറലാണ്
ശ്രീലങ്കൻ താരം ദിൽഷൻ മദുശങ്ക പരിക്കേറ്റ് പുറത്തായതിനെ തുടർന്ന് മുംബൈ ടീമിലെത്തിച്ച താരമാണ് സൗത്ത് ആഫ്രിക്കൻ യങ് സെന്‍സേഷന്‍ ക്വെന മഫാക. 4.6 കോടി എന്ന വലിയ തുക മുടക്കി മുംബൈ ടീമിലെത്തിച്ച മദുശങ്കക്ക് ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരക്കിടെയാണ് പരിക്കേറ്റത്. ഇതോടെയാണ് മാർക്ക് ബൗച്ചർ 17 കാരനായ മഫാകയെ ടീമിലെത്തിച്ചത്. അണ്ടർ 19ലോകകപ്പിലെ മിന്നും പ്രകടനങ്ങളിലൂടെയാണ് മഫാകയിൽ മുംബൈയുടെ കണ്ണുടക്കിയത്. 9.71 ശരാശരിയിൽ 21 വിക്കറ്റാണ് മഫാക ലോകകപ്പിൽ തന്റെ പേരിൽ കുറിച്ചത്.
ഇപ്പോഴിതാ താരത്തിന്‍റെ അമ്മ പങ്കുവച്ചൊരു ആശങ്കയെ സംബന്ധിച്ച് മുംബൈ, തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിൾ ഒരു വീഡിയോ ഷെയര്‍ ചെയ്തിരിക്കുകയാണ്. ഇങ്ങനെ കളിച്ച് നടന്നാൽ പഠന കാര്യങ്ങൾ എങ്ങനെ ശ്രദ്ധിക്കുമെന്നാണ് അമ്മയുടെ ആശങ്ക.ഇതിന് മഫാക കൊടുത്ത മറുപടി ഇതായിരുന്നു.
''അക്കാര്യത്തിൽ പ്രയാസമുണ്ടാവുമെന്നത് തീർച്ചയാണ്.. എന്നാൽ ഐ.പി.എല്ലിലൂടെയും ഒരുപാട് പഠിക്കാനുണ്ടല്ലോ..'' തന്റെ മകൻ മുംബൈക്കായി കളിക്കാനിറങ്ങുന്നത് കാണാനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് മഫാകയുടെ അമ്മ പറഞ്ഞു. 'മുംബൈയെ പോലൊരു വലിയ ഫ്രാഞ്ചസിക്കായി കളിക്കാൻ അവസരം ലഭിക്കുന്നത് വലിയ ബഹുമതിയാണ്. ഞങ്ങൾ അനുഗ്രഹീതരാണ്'