കംപ്ലീറ്റ് പ്ലേയറല്ല, മെച്ചപ്പെടാൻ കഠിനാധ്വാനം ചെയ്യുന്നു: സഹൽ അബ്ദുൽ സമദ്
കോച്ച് പറഞ്ഞ കാര്യങ്ങൾ കളത്തിൽ നടപ്പാക്കുകയാണ് തങ്ങളുടെ ജോലിയെന്നും താരം കൂട്ടിച്ചേർത്തു.
കളിക്കാരൻ എന്ന നിലയിൽ ഇനിയുമേറെ മെച്ചപ്പെടാനുണ്ടെന്ന് കേരള ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി മിഡ്ഫീൽഡർ സഹൽ അബ്ദുൽ സമദ്. ഒരു സമ്പൂർണ കളിക്കാരനാണ് എന്ന് താൻ ഒരിക്കലും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ സൂപ്പർ ലീഗിൽ ചെന്നൈയിൻ എഫ്.സിക്കെതിരെയുള്ള മത്സരത്തിന് മുമ്പോടിയായി വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സഹൽ. കോച്ചിൽ സമ്പൂർണ വിശ്വാസമാണ് എന്നും കോച്ച് പറഞ്ഞ കാര്യങ്ങൾ കളത്തിൽ നടപ്പാക്കുകയാണ് തങ്ങളുടെ ജോലിയെന്നും താരം കൂട്ടിച്ചേർത്തു.
' കളിക്കാരനെന്ന നിലയിൽ ഞാൻ പെർഫക്ടല്ല. സമ്പൂർണനായ കളിക്കാരനാണ് എന്ന് ഞാൻ പറഞ്ഞിട്ടുമില്ല. മെച്ചപ്പെടുത്തേണ്ട മേഖലയിൽ കഠിനാധ്വാനം ചെയ്യുന്നുണ്ട്. കോച്ച് പറയുന്ന തന്ത്രങ്ങൾ കളത്തിൽ ഞങ്ങൾ നടപ്പാക്കുന്നു. ഞങ്ങൾക്കദ്ദേഹത്തിൽ വിശ്വാസമുണ്ട്. ഞങ്ങൾ സന്തോഷവാന്മാരാണ്'- സഹൽ പറഞ്ഞു. മുംബൈക്കെതിരെ ഗോളടിച്ച ശേഷം കോച്ചിനെ ആലിംഗനം ചെയ്തത് അപ്പോൾ തോന്നിയ ചിന്തയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അടുത്ത കളിക്ക് പരിക്കേറ്റ ജോർജ് ഡയസ് ഉണ്ടാകുമെന്ന് വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത കോച്ച് വുകോമനോവിച്ച് പറഞ്ഞു. കളിക്കിടെ കണങ്കാലിനാണ് ഡയസിന് പരിക്കേറ്റത്. റിസ്‌ക് എടുക്കാൻ തയ്യാറായിരുന്നില്ല. അതു കൊണ്ടാണ് തിരിച്ചു വിളിച്ചത്. അദ്ദേഹത്തിന് ഇപ്പോൾ പ്രശ്‌നങ്ങളില്ല- കോച്ച് കൂട്ടിച്ചേർത്തു.
ചെന്നൈനെതിരെ കടുത്ത മത്സരമാണ് പ്രതീക്ഷിക്കുന്നത്. അവരുടെ പ്രതിരോധം മികച്ചതാണ്. കഴിഞ്ഞ കളിയിലെ തന്ത്രമായിരിക്കില്ല. ഓരോ കളിയിലും ഓരോ തന്ത്രമാണ് ഒരുക്കുന്നത്. ഒരു ടീം എന്ന നിലയിൽ സംഘടിതമായി കളിക്കുക എന്നതാണ്. അങ്ങനെയെങ്കിൽ തോൽപ്പിക്കാൻ ബുദ്ധിമുട്ടുള്ള ടീമായി ബ്ലാസ്റ്റേഴ്‌സ് മാറും- അദ്ദേഹം ചൂണ്ടിക്കാട്ടി.
പേരു കേട്ട മുംബൈ ആക്രമണ നിരയെ പിടിച്ചു കെട്ടി ഏകപക്ഷീയമായ മൂന്നു ഗോളിനാണ് ബ്ലാസ്റ്റേഴ്‌സ് ജയം സ്വന്തമാക്കിയിരുന്നത്. സഹൽ, വാസ്‌ക്വിസ്, ഡയസ് എന്നിവരാണ് ഗോൾ കണ്ടെത്തിയത്. ക്രൊയേഷ്യൻ താരം ലെസ്‌കോവിച്ച് നേതൃത്വം നൽകിയ പ്രതിരോധം മികച്ചതായിരുന്നു. സൂത്രശാലിയായ ഇഗോൾ അംഗുലോ അടങ്ങിയ വിഖ്യാത മുന്നേറ്റ നിരയ്ക്ക് കേരളത്തിന്റെ പോസ്റ്റിലേക്ക് മൂന്നു തവണ മാത്രമേ ടാർഗറ്റ ഷോട്ട് ഉതിർക്കാനായുള്ളൂ. പ്രതിരോധം 22 ഇന്റർസെപ്ഷൻസാണ് കളിയിൽ നടത്തിയത്.