'ഞാന്‍ നേരിട്ട ഏറ്റവും അപകടകാരിയായ സ്പിന്നര്‍'; ആസ്ട്രേലിയന്‍ ബോളറെ പുകഴ്ത്തി രോഹിത് ശര്‍മ
'ഇന്ത്യൻ പിച്ചുകളിൽ അയാളുടെ പ്രകടനം ഏറെ മികച്ചത്'
താൻ നേരിട്ട ഏറ്റവും അപകടകാരിയായ സ്പിന്നർ ആസ്‌ട്രേലിയൻ താരം നഥാൻ ലിയോണാണെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. താൻ മുത്തയ്യ മുരളീധരനും ഷെയിൻ വോണിനുമെതിരെയൊന്നും കളിച്ചിട്ടില്ലെന്നും എന്നാൽ ആധുനിക ക്രിക്കറ്റിൽ ഏറ്റവും അപകടകാരിയായ ബോളർ ലിയോണാണെന്നും രോഹിത് ശർമ പറഞ്ഞു.
''ഷെയിൻ വോണിനും മുത്തയ്യ മുരളീധരനുമൊന്നും എതിരെ ഞാൻ കളിച്ചിട്ടില്ല. എന്നാൽ എന്റെ അഭിപ്രായത്തിൽ നിലവിൽ ഞാന്‍ നേരിട്ടതില്‍ ഏറ്റവും മികച്ച വിദേശ സ്പിന്നർ നഥാൻ ലിയോണാണ്. പ്രത്യേകിച്ച് ഇന്ത്യൻ പിച്ചുകളിൽ പന്തെറിയുമ്പോൾ. കൃത്യമായ ലൈനിലും ലെങ്തിലുമാണവൻ പന്തെറിയുന്നത്. സ്ഥിരതയാർന്ന പ്രകടനങ്ങളാണ് അവന്റേത്.''- രോഹിത് പറഞ്ഞു.
ഇൻഡോറിൽ ഇന്ത്യയെ വാരിക്കുഴിയിൽ വീഴ്ത്തിയ ആസ്‌ട്രേലിയയുടെ ഒമ്പത് വിക്കറ്റ് വിജയത്തിന് പിറകിൽ ചരടുവലിച്ചത് നഥാൻ ലിയോണാണ്. മത്സരത്തിൽ ആകെ 11 വിക്കറ്റാണ് ലിയോൺ തന്റെ പേരിൽ കുറിച്ചത്. ആദ്യ ഇന്നിങ്‌സിൽ മൂന്ന് വിക്കറ്റെടുത്ത താരം രണ്ടാം ഇന്നിങ്‌സിൽ എട്ട് വിക്കറ്റ് തന്റെ പേരിൽ കുറിച്ചു. രോഹിത് ശർമയുടേതടക്കമുള്ള വിക്കറ്റുകൾ ലിയോണിനായിരുന്നു. മത്സരത്തിലെ വിജയത്തോടെ ഓസീസ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ പ്രവേശിച്ചു.