'എനിക്കിപ്പോഴും നന്നായി ടി20 കളിക്കാനറിയാം'; പീറ്റേഴ്സന്‍റെ ഒളിയമ്പിന് കോഹ്‍ലിയുടെ മറുപടി

പഞ്ചാബിനെതിരായ മത്സരത്തിന് ശേഷമായിരുന്നു കോഹ്‍ലിയുടെ പ്രതികരണം

Update: 2024-03-26 09:32 GMT
Advertising

കഴിഞ്ഞ ദിവസം പഞ്ചാബ് കിങ്‌സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു  ആവേശ ജയം കുറിക്കുമ്പോള്‍ ആര്‍.സി.ബി യുടെ നെടുംതൂണായത് വിരാട് കോഹ്ലിയാണ്. ഒരറ്റത്ത് വിക്കറ്റുകള്‍ വീണു കൊണ്ടേയിരുന്നപ്പോഴും ക്രീസില്‍ ഒരു വന്മരമായി നിലയുറപ്പിച്ചു കോഹ്ലി. 49 പന്തില്‍ 11 ഫോറും ഒരു സിക്‌സുമടക്കം 77 റണ്‍സെടുത്ത കോഹ്ലി തന്നെയായിരുന്നു കളിയിലെ താരവും. ഇതോടെ ഐ.പി.എല്ലിലെ റണ്‍വേട്ടക്കാര്‍ക്കുള്ള ഓറഞ്ച് ക്യാപ്പും കോഹ്ലിയുടെ തലയിലായി. ഓറഞ്ച് ക്യാപ് സ്വീകരിച്ച ശേഷം കോഹ്ലി മനസ്സ് തുറന്നു.

''ആരാധകരോടാണ്, നിങ്ങള്‍ അമിതാവേശം കൊള്ളരുത്. വെറും രണ്ട് മത്സരമേ കഴിഞ്ഞിട്ടുള്ളൂ. ഈ തൊപ്പി കൊണ്ട് എന്താണര്‍ഥമാക്കുന്നത് എന്ന് എനിക്ക് നന്നായറിയാം. എല്ലാത്തിനുമൊടുവില്‍ പുരസ്‌കാരങ്ങളും നേട്ടങ്ങളുമൊന്നും അവശേഷിക്കില്ല. നിങ്ങളുടെ സ്‌നേഹവും ഈ ഓര്‍മകളും മാത്രമേ ബാക്കിയുണ്ടാവൂ''- കോഹ്ലി പറഞ്ഞു.

ടി20 ലോകകപ്പ് അടുത്ത് കൊണ്ടിരിക്കേ കോഹ്ലി ഇന്ത്യന്‍ ടീമിലുണ്ടാവുമോ എന്ന ചര്‍ച്ചകള്‍ സജീവമാവുകയാണ്. ഇതിനിടെ കഴിഞ്ഞ ദിവസം പീറ്റേഴ്‌സണ്‍ നടത്തിയൊരു പരാമര്‍ശം വലിയ ചര്‍ച്ചയായിരുന്നു. ടി20 ക്രിക്കറ്റിന്റെ പ്രചാരണത്തിന് മാത്രമായാണ് കോഹ്ലിയുടെ പേരിനെ ഉപയോഗിക്കുന്നത് എന്നായിരുന്നു പീറ്റേഴ്സന്റെ കമന്റ്. ഗുജറാത്ത് മുംബൈ മത്സരത്തില്‍ കമന്ററി ബോക്‌സിലിരുന്നായിരുന്നു പീറ്റേഴ്‌സന്റെ പ്രതികരണം. രവി ശാസ്ത്രി അപ്പോള്‍ തന്നെ അതിന് മറുപടി നല്‍കിയിരുന്നു. ടൂര്‍ണമെന്റ് ജയിക്കണമെങ്കില്‍ നല്ല ടീമിനെ ഉണ്ടാക്കണം. കളി മറ്റേതെങ്കിലും രീതിയില്‍ വളര്‍ത്തിയിട്ട് കാര്യമില്ല. മനോഹരമായി കളിച്ച് നിങ്ങള്‍ ജയിക്കുകയാണെങ്കില്‍ ക്രിക്കറ്റ് സ്വാഭാവികമായി വളരുമെന്നായിരുന്നു ശാസ്ത്രിയുടെ പ്രതികരണം.

ഈ ചര്‍ച്ചയോട് കോഹ്ലിയുടെ പ്രതികരിച്ചത് ഇങ്ങനെ. ''ലോകത്തിന്റെ പല ഭാഗങ്ങളില്‍ ടി20 ക്രിക്കറ്റിനെ പ്രചരിപ്പിക്കാന്‍ മാത്രമാണ് എന്റെ പേരിനെ ഉപയോഗിക്കുന്നത് എന്ന് എനിക്കറിയാം. എന്നാല്‍ നിങ്ങള്‍ ഒരു കാര്യം മനസ്സിലാക്കുന്നത് നന്നാവും. എനിക്കിപ്പോഴും മനോഹരമായി ടി20 ക്രിക്കറ്റ് കളിക്കാന്‍ ശേഷിയുണ്ട്'' 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News