''എന്നെ വെറുത്തോളൂ ഇനിയും ഞാനത് ചെയ്യും''; റെഡ് കാർഡിന് ശേഷം ഇഗോർ സ്റ്റിമാച്ച്

കഴിഞ്ഞ ദിവസം സാഫ് കപ്പില്‍ പാക് താരങ്ങളും ഇന്ത്യന്‍ കോച്ച് ഇഗോര്‍ സ്റ്റിമാച്ചും തമ്മില്‍ മൈതാനത്ത് ഏറ്റുമുട്ടിയിരുന്നു

Update: 2023-06-22 11:41 GMT
Advertising

ബംഗളൂരു: കഴിഞ്ഞ ദിവസം സാഫ് കപ്പിൽ പാകിസ്താനെതിരെ തകർപ്പൻ വിജയമാണ് ഇന്ത്യ കുറിച്ചത്. ക്യാപ്റ്റൻ സുനിൽ ഛേത്രി ഹാട്രിക്ക് കണ്ടെത്തിയ പോരാട്ടത്തിൽ എതിരില്ലാത്ത നാല് ഗോളിനായിരുന്നു ഇന്ത്യയുടെ വിജയം. അത്യന്തം ആവേശം അലതല്ലിയ മത്സരത്തിനിടെ ചില നാടകീയ സംഭവങ്ങളും അരങ്ങേറി.

കളിയുടെ 45ാം മിനിറ്റിൽ ഗോൾ ലൈന് അടുത്ത് വച്ച് ഇന്ത്യൻ താരം പ്രീതം കോട്ടാലിനെ പാക് താരം ഇഖ്ബാൽ ഫൗൾ ചെയ്തു. ഇതിന് പിന്നാലെ പന്ത് ലൈൻ കടന്ന് പുറത്തേക്ക് പോയി. ത്രോ ചെയ്യാനായി പന്തെടുത്ത ഇഖ്ബാലിന്റെ കയ്യിൽ നിന്ന് ഇന്ത്യൻ കോച്ച് ഇഗോർ സ്റ്റിമാച്ച് പന്ത് തട്ടിയെടുത്തു. ഇതിനെ തുടർന്ന് പാക് താരങ്ങളും പരിശീലകനും സ്റ്റിമാച്ചിന് നേരെ മുരണ്ടടുത്തു. ഇത് കണ്ട് ഇന്ത്യൻ താരങ്ങളും ഓടിയെത്തിയതോടെ കളി കൈവിട്ടു. കയ്യാങ്കളിയോളമെത്തിയ നാടകീയ സംഭവങ്ങളാണ് പിന്നീട് മൈതാനത്തരങ്ങേറിയത്. ഒടുവിൽ റഫറി ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്.  പിന്നാലെ ഇഗോര്‍ സ്റ്റിമാച്ചിന് റെഡ് കാര്‍ഡ് നല്‍കി റഫറി മൈതാനത്ത് നിന്ന് പുറത്താക്കുകയും ചെയ്തു.

ഇപ്പോഴിതാ സംഭവത്തിൽ പ്രതികരണവുമായെത്തിയിരിക്കുകയാണ് സ്റ്റിമാച്ച്. ഇന്നലെ മൈതാനത്ത് സംഭവിച്ചതിൽ ഒരു ഖേദവുമില്ലെന്നും ഇനിയും താനാ പ്രവർത്തി ചെയ്യുമെന്നും സ്റ്റിമാച്ച് ട്വിറ്ററിൽ കുറിച്ചു.

''ഫുട്‌ബോൾ എപ്പോഴും ഒരു വികാരമാണ്. പ്രത്യേകിച്ച് നിങ്ങൾ നിങ്ങളുടെ രാജ്യത്തിനായി ബൂട്ടണിയുമ്പോൾ. ഇന്നലെ നടന്ന സംഭവങ്ങളുടെ പേരിൽ നിങ്ങൾക്കെന്നെ വേണമെങ്കിൽ വെറുക്കാം. എന്നാൽ മൈതാനത്ത് നീതീകരിക്കാനാവാത്ത തീരുമാനങ്ങളുണ്ടായാൽ എന്റെ കുട്ടികളെ സംരക്ഷിക്കാനായി ഞാനിനിയും ഇത് പോലെ ചെയ്യും''- സ്റ്റിമാച്ച് പറഞ്ഞു.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News