''കൈ തന്നെ മുറിച്ച് മാറ്റേണ്ടി വരുമെന്ന് അന്ന് ഡോക്ടർമാർ പറഞ്ഞു''- മൊഹ്സിന്‍ ഖാന്‍
''ക്രിക്കറ്റിനെ കുറിച്ച പ്രതീക്ഷകൾ മുഴുവൻ ഞാനന്ന് ഉപേക്ഷിച്ചു''
ലഖ്‌നൗ: കഴിഞ്ഞ ദിവസം മുംബൈക്കെതിരായ മത്സരത്തിലെ മിന്നും പ്രകടനത്തിന് ശേഷം ക്രിക്കറ്റ് ലോകത്തിന്റെ ചർച്ചകളിൽ നിറയേ മൊഹ്‌സിൻ ഖാൻ എന്ന 24 കാരനാണ്. മുംബൈ വിജയമുറപ്പിച്ച് മുന്നേറവേ മൊഹ്‌സിൻ അവസാന ഓവറില്‍ നടത്തിയ അവിശ്വസനീയ പ്രകടനമാണ് ലഖ്‌നൗവിനെ കളിയിലേക്ക് തിരിച്ച് കൊണ്ടുവന്നതും വിജയതീരമണച്ചതും.
കഴിഞ്ഞ വർഷം തോളിനേറ്റ പരിക്കിനെ തുടർന്ന് ടീമിൽ നിന്ന് പുറത്തായിരുന്ന മൊഹ്‌സിന്റെ തിരിച്ചുവരവ് സോഷ്യല്‍ മീഡിയയിലെ പ്രധാന ചർച്ചകകളിൽ ഒന്നാണിപ്പോൾ. പരിക്കിനെ തുടർന്ന് താൻ ഗുരുതരമായ അവസ്ഥയിലായിരുന്നു എന്നും കൈമുറിച്ച് മാറ്റേണ്ടി വരുമെന്ന് പോലും ഡോക്ടർമാർ പറഞ്ഞിരുന്നതായും മോഹ്‌സിൻ ഖാൻ പറഞ്ഞു. മുംബൈക്കെതിരായ മത്സരത്തിന് ശേഷമാണ് മൊഹ്‌സിൻ മനസ്സു തുറന്നത്.
''തീർത്തും പ്രയാസമേറിയ സമയമായിരുന്നു അത്. ക്രിക്കറ്റിനെ കുറിച്ച പ്രതീക്ഷകൾ മുഴുവൻ ഞാനന്ന് ഉപേക്ഷിച്ചു. കൈ ഉയർത്താൻ പോലും എനിക്കാവുമായിരുന്നില്ല. ആ പരിക്കിനെ ഞാൻ ഏറെ ഭയന്നു. ഫിസിയോ മുഴുസമയവും എന്റെ കൂടെയുണ്ടായിരുന്നു. ചികിത്സിക്കാൻ വൈകിയിരുന്നെങ്കിൽ കൈ മുറിച്ചു മാറ്റേണ്ടി വരുമായിരുന്നു എന്ന് ഡോക്ടർ ഒരിക്കൽ എന്നോട് പറഞ്ഞു''- മൊഹ്സിന്‍ പറഞ്ഞു
മോഹ്‌സിന്റെ മിന്നും പ്രകനത്തിന് പിറകേ നിരവധി പേരാണ് താരത്തിന് അഭിനന്ദനങ്ങളുമായി രംഗത്ത് വന്നത്. മൊഹ്‌സിൻ ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി വാഗ്ദാനമാണെന്ന് ശ്രീലങ്കൻ ബോളിങ് ഇതിഹാസം ലസിത് മലിംഗ പറഞ്ഞു. മത്സര ശേഷം മൊഹ്‌സിൻ പരിക്ക് പറ്റി കിടന്ന കാലത്തെ ചിത്രവും ഇന്നലത്തെ തകർപ്പൻ പ്രകടനത്തിന്റെ ചിത്രവും ലഖ്‌നൗ പങ്കുവച്ചു.