രാഹുലിന്‍റെ സെഞ്ച്വറി കളഞ്ഞത് 'സെൽഫിഷ് പാണ്ഡ്യയോ'?

സെഞ്ച്വറി നഷ്ടമായതിന്‍റെ നിരാശ രാഹുലിന്‍റെ മുഖത്ത് പ്രകടമായിരുന്നു

Update: 2023-10-09 09:51 GMT
Advertising

ചെന്നൈ: ചെപ്പോക്കില്‍ ഒരു കൂട്ടത്തകര്‍ച്ചയുടെ വക്കിലായിരുന്നു ടീം ഇന്ത്യ. സ്കോര്‍ ബോര്‍ഡില്‍ രണ്ട് റണ്‍സ് തെളിയും മുമ്പേ കൂടാരം കയറിയത് മൂന്ന് മുന്‍നിര ബാറ്റര്‍മാര്‍. നായകന്‍ രോഹിത് ശർമ, ഇഷൻ കിഷൻ, ശ്രേയസ് അയ്യർ എന്നിവര്‍ സംപ്യജ്യരായി മടങ്ങുമ്പോള്‍ ചെപ്പോക്ക് ഗാലറി നിരാശയോടെ തലയില്‍ കൈവച്ചു. എന്നാല്‍‌ പിന്നീടാണ് കോഹ്‍ലിയും രാഹുലും ക്രീസില്‍ ഒത്തു ചേരുന്നത്. പതിഞ്ഞ താളത്തിലാരംഭിച്ച് പിന്നെ ഓസീസ് ബോളര്‍മാര്‍ക്ക് മേല്‍ കോഹ്‍ലി രാഹുല്‍ ജോഡി സമഗ്രാധിപത്യം സ്ഥാപിച്ചു. അസാമാന്യമായൊരു ചേസിങ് കൂട്ടുകെട്ടാണ് ചെപ്പോക്കിൽ പിറന്നത്. സെഞ്ച്വറിയോളം പോന്ന അർധസെഞ്ച്വറികളുമായാണ് ഇരുവരും ചേർന്ന് ടീമിനെ വിജയത്തിലേക്കു നയിച്ചത്.

കോഹ്‍ലി പുറത്തായ ശേഷം ഹര്‍ദിക് പാണ്ഡ്യയെ കൂട്ടുപിടിച്ച് വിജയത്തിലേക്ക് കുതിക്കുകയായിരുന്നു രാഹുല്‍. ഒപ്പം സെഞ്ച്വറിയിലേക്കും. കോഹ്ലി പുറത്താവുമ്പോള്‍ 75 റണ്‍സായിരുന്നു രാഹുലിന്‍റെ സമ്പാദ്യം. ഹര്‍‌ദികിനെ അപ്പുറത്ത് നിര്‍ത്തി വിജയത്തിനൊപ്പം സെഞ്ച്വറിയും കുറിക്കാമെന്നായിരുന്നു രാഹുലിന്‍റെ കണക്കു കൂട്ടല്‍. എന്നാല്‍ താന്‍ നേരിട്ട ആറാം പന്തില്‍ ഹേസല്‍വുഡിനെ സിക്സര്‍ പറത്തി പാണ്ഡ്യയും ടോപ് ഗിയറിലായി.

ഇതോടെ രാഹുലിന് തന്‍റെ സ്ട്രാറ്റജി മാറ്റേണ്ടി വന്നു. 41 ാം ഓവറില്‍ മാക്സ്‍വെല്ലിനെ തുടരെ ബൗണ്ടറി പറത്തിയ രാഹുല്‍ വ്യക്തിഗത സ്കോര്‍ 90 കടത്തി. 42 ാം ഓവറില്‍ ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് അഞ്ച് റണ്‍സായിരുന്നു. ഒരു ഫോറും സിക്സും പറത്തിയാല്‍ സെഞ്ച്വറി നേടാമെന്നിരിക്കേ പാറ്റ് കമ്മിന്‍സിന്‍റെ പന്ത് ബൗണ്ടറിയിലേക്ക് പായിച്ച രാഹുലിന്‍റെ കണക്കു കൂട്ടല്‍ പിഴച്ചു. പന്ത് ബൗണ്ടറി ലൈന് മുകളിലൂടെ പാഞ്ഞു. ഇന്ത്യ വിജയതീരം തൊട്ടു.

വിജയിച്ചിട്ടും രാഹുലിന്‍റെ മുഖത്ത് നിരാശയായിരുന്നു. സെഞ്ച്വറി പാഴായതിന്‍റെ വിഷമത്തില്‍ അയാള്‍ ബാറ്റ് കുത്തി നിലത്തിരുന്നു. സെഞ്ചുറി നേടുക തന്നെയായിരുന്നു തന്‍റെ ലക്ഷ്യമെന്ന് മത്സരശേഷം കെ എൽ രാഹുൽ മനസ്സ് തുറന്നു. സെഞ്ചുറി നേടാൻ ഫോർ നേടി പിന്നീട് സിക്സ് നേടുക മാത്രമായിരുന്നു വഴിയെന്നും എന്നാല്‍ തന്‍റെ കണക്കു കൂട്ടല്‍ പിഴച്ചെന്നും രാഹുല്‍ പറഞ്ഞു.

എന്നാല്‍ മത്സര ശേഷം സോഷ്യല്‍ മീഡിയയില്‍ ഹര്‍ദിക് പാണ്ഡ്യക്കെതിരെ വിമര്‍ശനമുയര്‍ത്തി ചില ആരാധകര്‍ രംഗത്തെത്തി. കൂറ്റനടികള്‍ക്ക് മുതിര്‍ന്ന പാണ്ഡ്യയുടെ വ്യഗ്രതയാണ് രാഹുലിന്‍റെ സെഞ്ച്വറി നഷ്ടമാക്കിയത് എന്നും പന്ത് പ്രതിരോധിച്ച് രാഹുലിന് സെഞ്ച്വറി നേടാന്‍ അവസരം നല്‍കണമായിരുന്നു എന്നും ഇക്കൂട്ടര്‍ വാദിച്ചു. വെസ്റ്റിന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ യുവതാരം തിലക് വര്‍മ്മയ്ക്ക് അര്‍ധ സെഞ്ച്വറി നിഷേധിച്ച സംഭവവും ആരാധകര്‍ ചൂണ്ടിക്കാണിച്ചു. ജയത്തിലേക്ക് രണ്ട് റണ്‍സ് വേണ്ടപ്പോള്‍ 49 റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്ന തിലക് വര്‍മക്ക് അര്‍ധ സെഞ്ച്വറി നേടാന്‍ അവസരം നല്‍കാതെ സിക്‌സ് അടിച്ചാണ് പാണ്ഡ്യ അന്ന് ഫിനിഷ് ചെയ്തത്.

എന്നാല്‍ ലോകകപ്പ് പോലെയുള്ള ടൂര്‍ണമെന്‍റുകളില്‍ നെറ്റ് റണ്‍ റേറ്റിന് വലിയ പ്രസക്തിയുള്ളതിനാല്‍ ഹര്‍ദിക് ചെയ്തതില്‍ ഒരു പ്രശ്നവും കാണുന്നില്ലെന്നാണ് ഭൂരിപക്ഷം ആരാധകരുടെയും വാദം. എന്തായാലും സെഞ്ച്വറി നഷ്ടമായതില്‍ രാഹുലിന്‍റെ നിരാശ സോഷ്യല്‍ മീഡിയ ആഘോഷമാക്കി.

നാലാം വിക്കറ്റിൽ കോഹ്ലിയും രാഹുലും ചേർന്ന് 165 റൺസാണ് ഓസീസിനെതിരെ പടുത്തുയർത്തിയത്. അതും 215 പന്ത് ക്ഷമയോടെ നേരിട്ട ശേഷം. ലോകകപ്പില്‍ ഇന്ത്യയുടെ എക്കാലത്തേയും മികച്ച നാലാം വിക്കറ്റ് പാര്‍ട്ണര്‍ഷിപ്പുകളില്‍ ഒന്നായിത് മാറി. 116 പന്ത് നേരിട്ട് ആറ് ബൗണ്ടറി സഹിതം 85 റൺസെടുത്താണ് കോഹ്ലി പുറത്തായത്. 115 പന്ത് നേരിട്ട് എട്ട് ഫോറും രണ്ട് സിക്‌സും സഹിതം 97 റൺസെടുത്ത് ഇന്ത്യയെ വിജയതീരമണച്ചു രാഹുല്‍. ഇന്ത്യൻ സ്പിന്നർമാരുടെ മാജിക്കിൽ 199 എന്ന ചെറിയ സ്‌കോറിലേക്കു കൂപ്പുകുത്തിയ ആസ്‌ട്രേലിയയെ കളിയുടെ സർവമേഖലയിലും അപ്രസക്തരാക്കിയാണ് ടീം ഇന്ത്യയുടെ വിജയം.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News