ചരിത്രത്തിലെ ഏറ്റവും എളുപ്പമുള്ള റണ്‍ചെയ്സോ?; ടീം ഇന്ത്യയെ ട്രോളി ഗിന്നസ് ബുക്കും
169 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് 15.5 ഓവറിൽ ഒരൊറ്റ വിക്കറ്റ് പോലും നഷ്ടപ്പെടുത്താതെയാണ് ലക്ഷ്യംമറികടന്നത്. അലക്സ് ഹെയിൽസും(86) നായകൻ ജോസ് ബട്‍ലറും(80) ഇന്ത്യന്‍ ബൌളര്‍മാരെ നിലത്തുനിര്‍ത്തിയില്ല.
ടി20 ലോകകപ്പില്‍ സെമിയില്‍ തോറ്റ് പുറത്തായതിന് പിന്നാലെ ടീം ഇന്ത്യയെ ട്രോളി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സും. ചരിത്രത്തിലെ ഏറ്റവും എളുപ്പമുള്ള റണ്‍ ചെയ്സായിരുന്നോ എന്നാണ് ട്വിറ്റര്‍ പേജിലൂടെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ചോദിച്ചത്.
ഇന്ത്യ-പാകിസ്താന്‍ സ്വപ്ന ഫൈനല്‍ പ്രതീക്ഷിച്ചിരുന്ന ആരാധകരെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് ഇന്ത്യന്‍ ടീം കാഴ്ചവെച്ചത്. ഇന്ത്യക്ക് ഒരവസരവും നല്‍കാതെയായിരുന്നു ഇംഗ്ലണ്ടിന്‍റെ ആധികാരിക ജയം. ഇന്ത്യ ഉയർത്തിയ 169 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് 15.5 ഓവറിൽ ഒരൊറ്റ വിക്കറ്റ് പോലും നഷ്ടപ്പെടുത്താതെയാണ് ലക്ഷ്യംമറികടന്നത്. അലക്സ് ഹെയിൽസും(86) നായകൻ ജോസ് ബട്‍ലറും(80) ഇന്ത്യന്‍ ബൌളര്‍മാരെ നിലത്തുനിര്‍ത്തിയില്ല.
വമ്പന്‍ തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ കോച്ച് രാഹുല്‍ ദ്രാവിഡിനും സീനിയര്‍ താരങ്ങള്‍ക്കും ബി.സി.സി.ഐ വിശ്രമം പ്രഖ്യാപിച്ചു.വരാനിരിക്കുന്ന ന്യൂസിലന്‍ഡ് പര്യടനത്തിനുള്ള ടീമില്‍ നിന്നാണ് സീനിയര്‍ താരങ്ങള്‍ക്കും മുഖ്യ പരിശീലകനും ക്രിക്കറ്റ് ബോര്‍ഡ് വിശ്രമമനുവദിച്ചത്.
169 എന്ന വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് ആദ്യ പവർപ്ലേയിൽ തന്നെ കളി വരുതിയിലാക്കിയിരുന്നു.ഇന്ത്യൻ ബൗളർമാർ മാറിമാറി എറിഞ്ഞിട്ടും വിക്കറ്റ് വീഴ്ത്താനായില്ല. അവസരങ്ങളൊന്നും കൊടുക്കാതെയായിരുന്നു ഇംഗ്ലണ്ടിന്റെ തേരോട്ടം. ആദ്യ അഞ്ച് ഓവറിൽ തന്നെ ഇംഗ്ലണ്ട് സ്‌കോർ 50 കടന്നു. പത്ത് ഓവർ പൂർത്തിയായപ്പോഴേക്കും സ്‌കോർ നൂറിന് അടുത്ത് എത്തിയിരുന്നു. പിന്നീട് തുടർച്ചയായി വിക്കറ്റുകൾ വീഴ്ത്തിയാൽ മാത്രമെ ഇന്ത്യക്ക് രക്ഷയുണ്ടായിരുന്നുള്ളൂ. അതിനും കഴിയാതെ വന്നതോടെ ഹെയിൽസും ബട്ട്‌ലറും അടിക്കുന്നത് നോക്കിനിൽക്കാനായിരുന്നു ഇന്ത്യയുടെ വിധി. പതിനഞ്ചാം ഓവറിലെ അവസാന പന്ത് സിക്സര്‍ പറത്തി ബട്ട്ലര്‍ ടീമിന് ഫൈനല്‍ ടിക്കറ്റ് നേടിക്കൊടുത്തു. ഫൈനലില്‍ പാകിസ്താന് ഇംഗ്ലണ്ടിന്റെ എതിരാളി.