'കനൽ കെട്ടില്ലെങ്കി പൊള്ളും'- ഭുവിക്കരുത്തിൽ ഇംഗ്ലണ്ടിനെതിരെ രണ്ടാം ട്വന്റി-20യിലും ഇന്ത്യക്ക് ജയം
ഇംഗ്ലണ്ട് ഇന്നിങ്‌സിന്റെ ആദ്യ പന്തിൽ തന്നെ ജേസൺ റോയിയെ രോഹിതിന്റെ കൈകളിലേത്തിച്ച് ഭുവനേശ്വറിലൂടെ ഇന്ത്യ നയം വ്യക്തമാക്കി.
രണ്ടാം ട്വന്റി-20 യിലും ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട് ഇന്ത്യ. 49 റൺസിനാണ് ഇന്ത്യൻ ജയം. ഇന്ത്യ ഉയർത്തിയ 171 റൺസ് എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇംഗ്ലണ്ടിന്റെ പോരാട്ടം 121 ൽ അവസാനിച്ചു. ഭുവനേശ്വർ കുമാറിന്റെ മൂന്ന് വിക്കറ്റ് നേട്ടമാണ് ഇന്ത്യൻ വിജയം അനായാസമാക്കിയത്. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യ സ്വന്തമാക്കി.
ഇംഗ്ലണ്ട് ഇന്നിങ്‌സിന്റെ ആദ്യ പന്തിൽ തന്നെ ജേസൺ റോയിയെ രോഹിതിന്റെ കൈകളിലേത്തിച്ച് ഭുവനേശ്വറിലൂടെ ഇന്ത്യ നയം വ്യക്തമാക്കി. മൂന്നാം ഓവറിൽ ബട്‌ലറിനെയും ഭുവി മടക്കി. പന്തായിരുന്നു ക്യാച്ചെടുത്തത്. 4 റൺസ് മാത്രമാണ് ഇംഗ്ലണ്ട് നായകന്റെ സമ്പാദ്യം. പിന്നാലെ ലിവിങ് സ്റ്റണിനെ (15) ക്ലീൻ ബൗൾഡാക്കി ബൂമ്ര അടുത്ത വെടിപൊട്ടിച്ചു. അടുത്ത ഊഴം ചഹലിന്റേതായിരുന്നു ഇര ഡേവിഡ് മലാനും. ഹർഷൽ പട്ടേലിന് ക്യാച്ച് നൽകി മലാൻ (19) മടങ്ങി. പിന്നാലെയെത്തിയ ഹാരി ബ്രൂക്കിനെ (8)യും ചഹൽ തന്നെ തിരിച്ചയച്ചു. സാം കറൺ രണ്ട് റൺസ് മാത്രമെടുക്ക് ബൂമ്രക്ക് വിക്കറ്റ് ന്ൽകി മടങ്ങി. പിന്നാലെ തന്നെ ഇംഗ്ലണ്ടിന് പ്രതീക്ഷ നൽകിയ മൊയീൻ അലിയെ (35) ഹർദിക്കും മടക്കി. ക്രിസ് ജോർദാൻ (1), ഗ്ലീസൺ (2) പാർക്കിൻസൺ (0) എന്നിവർ പൊരുതാൻ പോലും നിൽക്കാതെ മടങ്ങി. ഡേവിഡ് വില്ലി അവസാനം വരെ പൊരുതിയെങ്കിലും (33) നിഷ്ഫലമായി.
ഭുവനേശ്വറിനെ കൂടാതെ ബൂമ, ചഹൽ എന്നിവർ 10 റൺസ് വീതം വിട്ടുനൽകി രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഹർദിക്കും ഹർഷൽ പട്ടേലും ഓരോ വിക്കറ്റും വീഴ്ത്തി.
നേരത്തെ സൂപ്പർതാരം വിരാട് കോഹ്ലിയടക്കമുള്ളവർ ഇന്ത്യക്ക് തുണയായത് രവീന്ദ്ര ജഡേജയായിരുന്നു. പുറത്താകാതെ 29 പന്തിൽ 46 റൺസടിച്ച താരത്തിന്റെ മികവിൽ, എട്ടു വിക്കറ്റ് നഷ്ടത്തിൽ 170 റൺസാണ് ഇന്ത്യ നേടിയത്. മൂന്നു പന്തുകൾ നേരിട്ട കോഹ്ലി കേവലം ഒരു റണ്ണെടുത്ത് പുറത്തായി. റിച്ചാർഡ് ഗ്ലെസ്സെന്റെ പന്തിൽ ഡേവിഡ് മലൻ പിടിച്ചാണ് വൺഡൗണായെത്തിയ കോഹ്ലി പുറത്തായത്. ഓപ്പണർമാരായ രോഹിത് ശർമ (20 പന്തിൽ 31 ), റിഷബ് പന്ത് (15 പന്തിൽ 26 ) എന്നിവരുടെ ഇന്നിംഗ്സും ഇന്ത്യക്ക് തുണയായി. ഇരുവരെയും ഗ്ലെസ്സെനാണ് വീഴ്ത്തിയത്. ജോസ് ബട്ലറിനായിരുന്നു ക്യാച്ച്.
നാലാമതിറങ്ങിയ സൂര്യകുമാറിന് 11 പന്തിൽ 15 റൺസാണ് കണ്ടെത്താനായത്. കഴിഞ്ഞ കളിയിൽ അർധസെഞ്ച്വറി നേടിയ ഹാർദിക് പാണ്ഡ്യ 15 പന്തിൽ 12 റൺസുമായി തിരിച്ചുനടന്നു. ജോർദന്റെ പന്തിൽ മലൻ പിടികൂടുകയായിരുന്നു. തകർത്തടിച്ച് കളിക്കാറുള്ള ദിനേശ് കാർത്തിക് 17 പന്തിൽ നിന്ന് 12 റൺസാണ് നേടിയത്. താരത്തെ ഹാരി ബ്രൂക്ക് റണ്ണൗട്ടാക്കുകയായിരുന്നു. ഹർഷൽ പട്ടേൽ ആറു പന്തിൽ 13 റൺസ് നേടി. താരത്തെയും രണ്ടു റൺ നേടിയ ഭുവനേശ്വർ കുമാറിനെയും ജോർദൻ പുറത്താക്കി. പട്ടേലിനെ ഗ്ലെസ്സെനും ഭുവിയെ ഡേവിഡ് വില്ലെയും പിടികൂടുകയായിരുന്നു.
ഇംഗ്ലണ്ടിനായി ക്രിസ് ജോർദൻ നാലും റിച്ചാർഡ് ഗ്ലെസ്സെൻ മൂന്നും വിക്കറ്റ് നേടി.